News

യുവജന സംഗമത്തിനിടെ ഫാത്തിമയിൽ വിശുദ്ധ കുർബാന കൂടിയ കാഴ്ച പരിമിതി ഉണ്ടായിരുന്ന പെൺകുട്ടിക്ക് അത്ഭുതസൗഖ്യം

പ്രവാചകശബ്ദം 10-08-2023 - Thursday

ഫാത്തിമ: ലോക യുവജന സംഗമത്തിനിടെ ഫാത്തിമയിൽ വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ പങ്കെടുത്ത കാഴ്ച പരിമിതി ഉണ്ടായിരുന്ന പെൺകുട്ടിക്ക് പൂര്‍ണ്ണ രോഗശാന്തി ഉണ്ടായെന്ന് വെളിപ്പെടുത്തൽ. 16 വയസ്സുള്ള ജിമെന എന്ന പെൺകുട്ടിയാണ് തനിക്ക് കാഴ്ച പൂർണമായി തിരികെ ലഭിച്ചുവെന്ന സാക്ഷ്യവുമായി രംഗത്തുവന്നിരിക്കുന്നത്. സ്പെയിനിലെ മാഡ്രിഡിൽ നിന്നും ഓപ്പുസ് ദേയ് എന്ന കത്തോലിക്കാ സംഘടനയിലെ അംഗങ്ങളോടൊപ്പമാണ് ജിമെന പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ലോക യുവജന സംഗമ വേദിയിലേക്ക് എത്തിയത്.

രണ്ടര വർഷമായി 95% കാഴ്ച നഷ്ടപ്പെട്ട നിലയിലാണ് ഈ പെണ്‍കുട്ടി ജീവിച്ചിരുന്നത്. ലിസ്ബണിലേക്ക് എത്തുന്നതിന് മുന്‍പ് ഏതാനും ദിവസം ദൈവമാതാവിനോടുള്ള നൊവേന അവളുടെ കുടുംബ ബന്ധത്തിലുള്ളവരും, പരിചയക്കാരും ഈ നിയോഗാര്‍ത്ഥം ചൊല്ലുന്നുണ്ടായിരുന്നു. ഓഗസ്റ്റ് അഞ്ചാം തീയതിയായിരിന്നു മഞ്ഞുമാതാവിന്റെ തിരുനാൾ ദിവസം. ഇതേ ദിവസം ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തുന്ന സമയത്ത് തനിക്ക് രോഗശാന്തി ലഭിക്കണമെന്ന് അതിയായ ആഗ്രഹം അവളില്‍ നിറഞ്ഞിരിന്നു. അന്ന് നൊവേന പ്രാർത്ഥനയുടെ സമാപന ദിനം കൂടിയായിരിന്നു.

വിശുദ്ധ കുർബാന നാവിൽ സ്വീകരിച്ചതിനു ശേഷം പൊട്ടികരയുവാൻ തുടങ്ങിയെന്നു ജിമെന പറയുന്നു. ഇതിനുശേഷം പിന്നീട് കണ്ണ് തുറന്നു നോക്കിയപ്പോൾ തനിക്ക് എല്ലാം വ്യക്തമായി കാണാൻ സാധിക്കുകയായിരിന്നുവെന്നു അവൾ അത്ഭുതത്തോടെ സ്പാനിഷ് റേഡിയോയായ കോപ്പിന് നൽകിയ അഭിമുഖത്തിൽ സാക്ഷ്യപ്പെടുത്തി. തനിക്ക് അൾത്താരയും, സക്രാരിയും, അവിടെ കൂടി നിന്നിരുന്ന തന്റെ സുഹൃത്തുക്കളെയും വ്യക്തമായി കാണാൻ സാധിച്ചു. കൂടാതെ താൻ പ്രാർത്ഥിച്ചു കൊണ്ടിരുന്ന നൊവേന പ്രാർത്ഥനയും വായിച്ചു. പരിശുദ്ധ കന്യകാമറിയം താൻ ഒരിക്കലും മറക്കുകയില്ലാത്ത ഒരു സമ്മാനം തനിക്ക് തന്നുവെന്നാണ് അവൾ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. പ്രാർത്ഥന സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി പറയുകയാണ് ഇന്നു ഈ പെണ്‍കുട്ടി.

അതേസമയം ഈ സംഭവത്തെ 'ദൈവത്തിന്റെ കൃപ' എന്നാണ് സ്പാനിഷ് മെത്രാൻ സമിതി അധ്യക്ഷനും ബാർസിലോണ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ജുവാൻ ഓമല്ല വിശേഷിപ്പിച്ചത്. താൻ പെൺകുട്ടിയുമായി വീഡിയോ കോളിൽ സംസാരിച്ചുവെന്നും അവൾ നടന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ചുവെന്നും കർദ്ദിനാൾ പറഞ്ഞു. സംഭവത്തെ പറ്റി ഡോക്ടർമാർ ഇനി കൂടുതൽ പഠനം നടത്തുമെന്നു പറഞ്ഞ അദ്ദേഹം ഇപ്പോൾ ഇതിനെ ഒരു അത്ഭുതമായി തന്നെ വിശേഷിപ്പിക്കാമെന്നും കൂട്ടിച്ചേർത്തു. മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധയാകര്‍ഷിച്ച ഫാത്തിമയില്‍ ഓരോ വര്‍ഷവും പതിനായിരകണക്കിന് അത്ഭുതങ്ങളാണ് നടക്കുന്നത്. ഇവയെ കുറിച്ച് മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായ പഠനം നടത്തിയതിന് ശേഷമാണ് സഭ ഔദ്യോഗികമായി സ്ഥിരീകരിക്കാറുള്ളത്.


Related Articles »