Editor's Pick

ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ആരംഭിക്കുന്നു

പ്രൊഫ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേൽ/ പ്രവാചകശബ്ദം 16-08-2023 - Wednesday

ബൈബിളിനെക്കുറിച്ചും ക്രിസ്‌തീയ വിശ്വാസത്തെക്കുറിച്ചും നമ്മുടെ യുവജനങ്ങള്‍ക്കുള്ള അജ്ഞത മുതലെടുത്തുകൊണ്ട് ചില ഇസ്ലാമിസ്റ്റുകൾ ഖുർആനിലെ ഈസാനബിയും ബൈബിളിലെ ഈശോമിശിഹായും ഒന്നാണെന്നും, അവസാന പ്രവാചകൻ മുഹമ്മദ് ആണെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ച് നമ്മുടെ യുവ സമൂഹത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നത് നാം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഓരോ ക്രൈസ്തവനും തിരിച്ചറിയേണ്ട യാഥാർഥ്യങ്ങൾ വ്യക്തമാക്കുന്ന ലേഖന പരമ്പര 'പ്രവാചകശബ്ദ'ത്തിൽ ആരംഭിക്കുകയാണ്.

ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഫ്‌ഗാൻ ജയിലിൽ കഴിയുന്ന നാലു മലയാളി പെൺകുട്ടികളിലൊരാളായ ആയിഷ ഒരിക്കൽ സോണിയ സെബാസ്റ്റ്യൻ ആയിരുന്നു. എറണാകുളത്ത് ഒരു റോമൻ കത്തോലിക്കാ കുടുംബത്തിൽ വളർന്ന സോണിയയ്ക്ക് വിശ്വാസ സംബന്ധമായ ചില വിഷയങ്ങളെക്കുറിച്ചു സംശയമുണ്ടായിരുന്നു. ബൈബിളിനെക്കുറിച്ചും ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചും അവൾക്കുണ്ടായിരുന്ന ഈ അജ്ഞത മുതലെടുത്തു കൊണ്ടു ചില ഇസ്ലാമിസ്റ്റു സഹപാഠികൾ രംഗത്തുവന്നു. ബൈബിളിനേക്കാൾ കൂടുതൽ വിശ്വസനീയം ഖുർആൻ ആണെന്നും അള്ളായാണു സത്യദൈവമെന്നും ഖുർആനിലെ ഈസാനബിയും ബൈബിളിലെ ഈശോമിശിഹായും ഒന്നാണെന്നും അവസാന പ്രവാചകൻ മുഹമ്മദ് ആണെന്നുമൊക്കെ അവർ അവളെ ബോധ്യപ്പെടുത്തി. അങ്ങനെയാണു സോണിയ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ആയിഷ ആയത്.

കാസർഗോഡ് സ്വദേശി അബ്‌ദുൾ റാഷിദിനെ വിവാഹം ചെയ്‌ത സോണിയ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) ചേരാൻ മെയ് മാസത്തിൽ ഭർത്താവിനൊപ്പം വീടുവിട്ടിറങ്ങി. ഇവർക്കൊപ്പം രണ്ടര വയസ്സുള്ള കുട്ടിയുമുണ്ടായിരുന്നു. കത്തോലിക്കാ കുടുംബ പശ്ചാത്തലത്തിൽ ജനിച്ച്, പഠിച്ചുവളർന്ന ഒരു വ്യക്തി യൗവ്വനാരംഭത്തിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് മറ്റൊരു വിശ്വാസം സ്വീകരിച്ചു എന്ന് വായിച്ച് അവസാനിപ്പിക്കരുത്, ഉപേക്ഷിക്കുന്നതു മതവിശ്വാസം മാത്രമല്ല, മൂല്യങ്ങളുമാണ്. ശത്രുവിനോടു ക്ഷമിക്കണമെന്നും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കണമെന്നുമുള്ള പഠനങ്ങളൊക്കെ ജീവിതപുസ്തകത്തിൽനിന്നു വലിച്ചുകീറി ചപ്പുകുട്ടയിൽ ഇട്ടതിനുശേഷം മാത്രമേ, ഒരുവൾക്കു ജിഹാദിനുവേണ്ടി മധുവിധുകാലത്ത് മദ്ധ്യപൂർവേഷ്യയിലേക്കു യാത്ര തിരിക്കാൻ കഴിയൂ.

ആദ്യം യു.എ.ഇ.യിലെത്തിയ ആയിഷ അവിടെനിന്ന് ഇറാനിലും പിന്നീട് അഫ്‌ഗാനിസ്ഥാനിലുമായി. അവിടെവച്ച് 2019 ജൂണിൽ വ്യോമാക്രമണത്തിൽ റാഷീദ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ആയിഷ കീഴടങ്ങുകയും ജയിലിൽ അകപ്പെടുകയുമായിരുന്നു.

ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. കത്തോലിക്കാകുടുംബങ്ങളിൽ നിന്നു കാണാതെ പോകുന്ന പെണ്കുട്ടികളെക്കുറിച്ചുള്ള വാർത്തകളാണ് ദിനംപ്രതിയെന്നോളം കേൾക്കുന്നത്. ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, വളർന്നു വരുന്ന തലമുറയ്ക്കു വിശ്വാസവിഷയങ്ങളിൽ ശരിയായ അറിവും ബോദ്ധ്യവും പകർന്നു നൽകാനും ജിഹാദികളുടെ പൊള്ളത്തരം വെളിപ്പെടുത്തിക്കൊടുക്കാനുമായി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്ന സമാന ചിന്താഗതിക്കാരായ ചിലരുടെ ആഗ്രഹമാണു ഈ ലേഖനങ്ങള്‍ക്കു വഴിതെളിച്ചത്.

ഈ ലേഖന പരമ്പരയിലെ വിഷയനിർണയത്തിൽ സ്വാധീനിച്ച ചില ആനുകാലിക സംഭവങ്ങൾ: ‍

1. മതനിന്ദാകുറ്റം ആരോപിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDP) തീവ്രവാദികൾ/പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ 2010 ജൂലൈ 4 നു തൊടുപുഴ ന്യൂമാൻസ് കോളജിലെ അദ്ധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവത്തിൽ ഇസ്ലാംനേതൃത്വം സ്വീകരിച്ച നിശബ്ദ നിലപാട്, അധികം വൈകാതെ കേരളത്തെ ഒരു ഇസ്ലാമിസ്റ്റുരാജ്യമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ കൈവെട്ടു സംഭവം എന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ഡൽഹിയിൽ മാദ്ധ്യമപ്രവർത്തരോടു ചെയ്ത പ്രസ്‌താവന.

2. പ്രണയപ്പെക്കണിയിൽപ്പെടുത്തി സോണിയാ സെബാസ്റ്റിനെപ്പോലുള്ള ക്രൈസ്തവ പെൺകുട്ടികളെ തീവ്രവാദ ക്യാമ്പുകളിൽ എത്തിക്കുന്ന സംഭവങ്ങൾ. കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലും വർഷങ്ങളായി തമ്പടിച്ചു ഹൈസ്‌കൂൾ കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾക്കു സൗകര്യം ഒരുക്കിക്കൊടുക്കുന്ന നാട്ടുകാരുമുണ്ടെന്ന വിവരം ഞെട്ടലോടുകൂടി മാത്രമേ വായിക്കാൻ കഴിയൂ.

3. കേരളത്തെ വരിഞ്ഞു മുറുക്കുന്ന മയക്കുമരുന്നു മാഫിയ. 2022 മെയ് മാസം 20 ന് 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനാണ് ലക്ഷദ്വീപിനു സമീപം അഗത്തിക്കടത്തുള്ള കൊച്ചി പുറംകടലിൽ നിന്നു പിടിച്ചെടുത്തത്. ഇതു വന്നതു പാക്കിസ്ഥാനിൽ നിന്നാണ് എന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു ദേശത്തെ യുവജനതയെ മുഴുവൻ നാശത്തിന്റെ പടുകുഴിയിലേക്കു തള്ളിവിടാനും അതുവഴി രാജ്യം നശിപ്പിക്കാനുമുള്ള ഗൂഢപദ്ധതിയാണ് ഈ ഭീകര പ്രവർത്തനങ്ങൾക്കു പിന്നിൽ.

4. തീവ്രവാദികളെ റിക്രൂട്ടുചെയ്യുന്ന ഒരു കേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്നുള്ള മുൻ ഡി.ജി.പി.ലോക്‌നാഥ്‌ ബെഹ്റയുടെ 2021 ജൂൺ മാസത്തിലെ പ്രസ്‌താവന.വിവരസാങ്കേതിക രംഗത്തും കമ്പ്യൂട്ടർ മേഖലയിലും വൈദഗ്ധ്യമുള്ള ധാരാളം പേർ കേരളത്തിലുള്ളതുകൊണ്ട് അവരെ ഭീകര പ്രവർത്തങ്ങൾക്ക് എളുപ്പം ഉപയോഗപ്പെടുത്താനായാണു കേരളം ലക്‌ഷ്യം വയ്ക്കുന്നത് എന്നു വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്ത് ഈ തീവ്രവാദ ഗ്രൂപ്പുകളുടെ 'സ്ലീപ്പിംഗ് സെല്ലുകൾ' ഉണ്ടോ എന്ന സംശയവും പ്രകടിപ്പിച്ചു.

5. ഐക്യരാഷ്ട്രസംഘടനയുടെ സെക്യൂരിറ്റി കൗൺസിലിന്റെ മോണിറ്ററി ടീം 2020 ജൂലൈ 23-നു പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇതനുസരിച്ച് ഇന്ത്യയിൽ ഐ.എസ്. തീവ്രവാദഗ്രൂപ്പിലുള്ള ഇരുന്നൂറോളം പേരിൽ ഭൂരിഭാഗവും കേരളത്തിലും കർണാടകത്തിലും നിന്നുള്ളവരാണ്.

6. വിപണിയിൽ പ്രചരിക്കുന്ന ഹലാൽ സട്ടിഫിക്കേഷൻ ഉയർത്തുന്ന ആശങ്കകൾ.

7. സമൂഹത്തെ ഭയപ്പെടുത്തുന്ന വിവിധതരം ജിഹാദുകളാണു മറ്റൊരു ഭീകരത. ജിഹാദ് യുദ്ധമാണ്. തങ്ങളുടെ ശത്രുക്കൾ എന്ന് ഇസ്ലാമിസ്റ്റുകൾ കരുതുന്ന ആർക്കുമെതിരെയുള്ള യുദ്ധം. മതം പ്രചരിപ്പിക്കാൻ ഉപകരിക്കുന്ന ഏതു കുത്സിത തന്ത്രവും ജിഹാദിൽപ്പെടും. പ്രതിരോധത്തിനുവേണ്ടി ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്യുന്നതിനല്ല ഖുർആൻ കൽപ്പിക്കുന്നത്; മറിച്ച്, സമാധാനത്തിൽ കഴിയുന്നവനെങ്കിലും ഇസ്ലാംവിശ്വാസം സ്വീകരിക്കാത്ത അയൽക്കാരനോടു യുദ്ധം ചെയ്യണം എന്നാണ്. "ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വിൽക്കാൻ തയാറുള്ളവർ അല്ലാഹുവിന്റെ നാമത്തിൽ യുദ്ധം ചെയ്യട്ടെ" (സുറ 4, 74-75). ഇസ്ലാം മതനിയമപ്രകാരം ഹറാമായ മയക്കുമരുന്ന് ഉത്പാദിപ്പിച്ചും വിപണനം ചെയ്തും കാഫിറുകളെ നശിപ്പിക്കുന്നതും താലിബാൻ ജിഹാദ് തന്ത്രമാണ്.

8. ബഹു. കേരളം മുഖ്യമന്ത്രി പിണറായി വിജയൻ 2021 സെപ്റ്റംബർ 22 നു നടത്തിയ വർത്തസമ്മേളനത്തിലെ തെളിവ്. തെറ്റായ മതതീവ്രവാദ നിലപാടുകളിൽനിന്നു ചെറുപ്പക്കാരെ പിന്തിരിപ്പിക്കാനായി സ്പെഷ്യൽ ബ്രാഞ്ച് ഡീ-റാഡിക്കലൈസേഷൻ പരിപാടികൾ മഹല്ല് കമ്മിറ്റികളും മദ്രസകളും കേന്ദ്രമാക്കി നടത്തുന്നുണ്ട് എന്നാണദ്ദേഹം വെളിപ്പെടുത്തിയത്.

9. കൃത്രിമമായി അഭയാർത്ഥികളെ സൃഷ്ടിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയച്ച്, ക്രമേണ അവിടെ ആധിപത്യം സ്ഥാപിക്കാനുള്ള നിഗൂഢ തന്ത്രം. മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കുന്നതിലും അവർക്കു മനുഷ്യോചിതമായ ജീവിത സാഹചര്യങ്ങളൊരുക്കുന്നതിലും യൂറോപ്യൻ രാജ്യങ്ങൾക്ക് എന്നും പ്രചോദനം ക്രിസ്തീയ തത്വങ്ങളാണ്. ഒരു മുസ്ലിം രാജ്യം പോലും അഭയാർത്ഥികളില്‍ ആരെയും സ്വീകരിക്കില്ല. ആതിഥ്യമരുളി വളർത്തിയവരെ ആക്രമിക്കുന്നതിനും അവസരം ലഭിച്ചാൽ നശിപ്പിക്കുന്നതിനുമുള്ള പരിശീലനവുമായി ഇസ്ലാമിസ്റ്റു മതതീവ്രവാദികൾ അവർക്കു പിന്നാലെയെത്തും. പല യൂറോപ്യൻ രാജ്യങ്ങളും ഈ വിധത്തിലുള്ള ഭീഷണി നേരിടുന്നുണ്ട്. ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ ഈ അപകടം തിരിച്ചറിഞ്ഞ്, വസ്ത്രധാരണം, മതവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.

10. മതന്യൂനപക്ഷങ്ങൾക്കു ഭരണഘടന അനുവദിച്ചു നൽകിയിരിക്കുന്ന അവകാശങ്ങൾ ചിലർക്കു മാത്രമായി നീക്കിവച്ചിരിക്കുന്നതിലെ അനീതി. ഉദാഹരണത്തിന്, മദ്രസ അദ്ധ്യാപകർക്കുള്ള നിരവധി ഗവൺമെന്റു സഹായങ്ങളിൽ ഒന്നുപോലും മറ്റൊരു മതത്തിലുള്ളവർക്കും ലഭിക്കുന്നില്ല. ഹജ്ജ് തീർത്ഥാടകർക്കും ലഭിക്കുന്നതുപോലെയുള്ള ധനസഹായത്തിനു മറ്റ് തീര്‍ത്ഥാടകര്‍ക്കും അവകാശമില്ലേ?

11. 2022 മെയ് 21 ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് / എസ്.ഡി.പി.ഐ. റാലിയിൽ മുഴങ്ങിക്കേട്ട കൊലവിളി, ഒരു കൊച്ചുകുട്ടിയെക്കൊണ്ട് തീവ്രവാദികൾ നീട്ടി വിളിപ്പിച്ചു. "അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളൂ. കുന്തിരുക്കം വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളൂ... വരുന്നുണ്ട്, വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ." റിപ്പബ്ലിക്കിനെ രക്ഷിക്കാനും വീണ്ടെടുക്കാനുമായി തീരുമാനിച്ചിറങ്ങിയ ഇസ്ലാമിസ്റ്റു യുവത വർദ്ധിച്ച ആവേശത്തോടെ അതേറ്റുപാടി. എട്ടുംപൊട്ടും തിരിയാത്ത ബാല്യങ്ങളെപ്പോലും ഈ രീതിയിൽ വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു ബദൽ വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിൽ വളർന്നുവരുന്നതിന്റെ പ്രകടമായ തെളിവല്ലേ ഇത്?

ഈ ലേഖനപരമ്പരയുടെ ലക്ഷ്യങ്ങൾ ‍

മേൽപ്പറഞ്ഞ ആശങ്കകളുടെ വെളിച്ചത്തിൽ ചുറ്റുപാടുമുള്ള അപകടങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ ജീവിക്കാൻ സമൂഹാംഗങ്ങളെ പ്രാപ്തരാക്കുന്നതിനായി താഴെ പറയുന്ന ലക്ഷ്യങ്ങളോടെയാണ് ഈ ലേഖനപരമ്പര വിഭാവനം ചെയ്യുന്നത്.

1. ക്രൈസ്തവ വിശ്വാസ സത്യങ്ങളെക്കുറിച്ചു വ്യക്തമായ അറിവ് ലഭിക്കുന്നതിലൂടെ മാത്രമേ ഉറച്ചബോദ്ധ്യവും അതിനനുസൃതമായ ജീവിതവും ഉണ്ടാകൂ. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നവർ ജീവജലത്തിന്റെ ഉറവ ഉപേക്ഷിച്ച്, ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുന്നവർക്കു തുല്യരാണ് (ജറെ 2:13). അതിനാൽ, പുതിയ തലമുറയിലെ സഭാസന്താനങ്ങളെ ക്രൈസ്തവ വിശ്വാസത്തിൽ ഉറപ്പിക്കുക.

2. വിശുദ്ധ ബൈബിളിനും കൂദാശകൾക്കും തിരുസഭയുടെ പ്രബോധങ്ങൾക്കും എതിരായി സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന്, വിശേഷിച്ച് ഇസ്ലാംതീവ്രവാദ ചിന്തകരുടെ ഇടയിൽ നിന്നുമുള്ള വ്യാജപ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നു കാണിക്കുക.

3. മതനിരാസത്തിലും വിശ്വാസ അനിശ്ചിതത്വത്തിലും കഴിയുന്നവർക്ക് സത്യദൈവത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും ശരിയായ അറിവു നൽകുക.

4. മനുഷ്യമഹത്വത്തിനും സമുദായ സൗഹാർദ്ദത്തിനും സമാധാനപരമായ ജീവിതത്തിനും ഭീഷണിയുയർത്തുന്ന വിധ്വംസക ശക്തികളെയും പ്രസ്ഥാനങ്ങളെയും കുറിച്ചു സമുദായാംഗങ്ങൾക്കു മുന്നറിയിപ്പു നൽകുക.

5. മനുഷ്യനായി അവതരിച്ച ദൈവപുത്രനും ലോകരക്ഷകനുമായ നസ്രായൻ ഈശോമിശിഹാ സത്യദൈവത്തെ മനുഷ്യവർഗത്തിനു പൂർണമായി വെളിപ്പെടുത്തി. അവിടുന്ന് ഏകരക്ഷകനാണെന്നും അവിടുത്തെ തിരുസഭ രക്ഷയുടെ കൂദാശയാണെന്നുമുള്ള ബോദ്ധ്യത്തിലേക്ക് എല്ലാവരെയും ആനയിക്കുക.

യഥാർത്ഥ സത്യവും മാർഗവുമായ ഈശോമിശിഹായെ അറിഞ്ഞ് അവിടുന്നിൽ വിശ്വസിച്ച് തിരുസഭയുടെ നിത്യജീവനിൽ എത്തിച്ചെരുവാൻ സകല മനുഷ്യർക്കും സാധിക്കട്ടെ.

Editor's Note: ‍

ഇതുമായ ബന്ധപ്പെട്ട ലേഖനങ്ങള്‍ പ്രവാചകശബ്ദത്തില്‍ പരമ്പരയായി പ്രസിദ്ധീകരിക്കുന്നതാണ്.

എന്തുകൊണ്ടാണ് യഹൂദ-ക്രൈസ്‌തവ പാരമ്പര്യത്തിലെ ഇസ്മായേലിന് ഇസ്ലാമിനോട് ബന്ധമുണ്ടാകാൻ ഇടയില്ലാത്തത്? അബ്രാഹത്തിന്റെ പിന്തുടർച്ചയുടെ ചരിത്രം വിശകലനം ചെയ്തുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ വെള്ളിയാഴ്] പ്രസിദ്ധീകരിക്കുന്ന ആദ്യ ലേഖനത്തിൽ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »