News - 2024
നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികള്‍ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ കൊലപ്പെടുത്തി
പ്രവാചകശബ്ദം 09-09-2023 - Saturday
അബൂജ: നൈജീരിയയിൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിൽ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ കൊലപ്പെടുത്തി. ഫുലാനി മുസ്ലിം തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. സെപ്റ്റംബർ ഏഴാം തീയതിയാണ് സംഭവം. സെമിനാരി വിദ്യാർത്ഥിയായ നാമാൻ ധൻലാമിയുടെ മരണത്തിന് കാരണമായ അക്രമം കഫഞ്ചാൻ രൂപതയുടെ മെത്രാൻ ജൂലിയസ് യാക്കൂബു സ്ഥിരീകരിച്ചു. റാഫേൽ ഫാടാൻ ഇടവക ദേവാലയത്തിന്റെ റെക്ടറിക്കാണ് ഫുലാനി ഗോത്ര തീവ്രവാദികള്‍ തീവച്ചത്.
ഇടവക വികാരിയെ തട്ടികൊണ്ട് പോകുക എന്ന ലക്ഷ്യമായിരുന്നു അവർക്ക് ഉണ്ടായിരുന്നത്. എന്നാൽ അത് വിഫലമായപ്പോൾ അദ്ദേഹം താമസിക്കുന്ന കെട്ടിടത്തിന് തീയിടാൻ ഫുലാനികൾ തീരുമാനിക്കുകയായിരുന്നു.
ഇടവക ദേവാലയത്തിലെ വികാരി ഫാ. ഇമ്മാനുവൽ ഒക്കോളോയും അസിസ്റ്റന്‍റും രക്ഷപ്പെട്ടുവെങ്കിലും വൈദിക വിദ്യാര്‍ത്ഥി ക്രൂരമായി കൊല്ലപ്പെടുകയായിരിന്നു. ആക്രമണം ഒരു മണിക്കൂർ നീണ്ടെങ്കിലും പട്ടാളത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള സഹായവും ലഭിച്ചില്ലെന്ന് ബിഷപ്പ് ജൂലിയസ് യാക്കൂബു പറഞ്ഞു. നൈജീരിയക്കാർ സുരക്ഷിതരല്ലായെന്നും സുരക്ഷാസേനയുടെ യാതൊരു സംരക്ഷണവും തങ്ങൾക്ക് ലഭിക്കുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമിനാരി വിദ്യാർഥിയുടെ മരണം വലിയൊരു നഷ്ടമാണെന്നും ബിഷപ്പ് പറഞ്ഞു. രൂപതയുടെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ അധ്യക്ഷനായി സേവനം ചെയ്തിരുന്ന വൈദികനായ ഫാ. മാർക്ക് ചേയ്റ്റനം കഴിഞ്ഞവർഷം കൊല്ലപ്പെട്ടിരുന്നു. സെമിനാരി വിദ്യാർത്ഥിയുടെ കൊലപാതകത്തെയും, കടുണയിൽ നിന്നും എസക്കിയേൽ നൂഹു എന്ന സെമിനാരി വിദ്യാർത്ഥി അടുത്ത ദിവസം തട്ടിക്കൊണ്ടുപോകപ്പെട്ട സംഭവത്തെയും അപലപിച്ചു സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡും രംഗത്തുവന്നിട്ടുണ്ട്.