News

ഇസ്രായേൽ - പലസ്തീൻ യുദ്ധം: പ്രത്യയശാസ്ത്രങ്ങളും ചരിത്രവും പുതിയ ലോകക്രമവും

ഫാ. ഡോ. മൈക്കിൾ പുളിക്കൽ 12-10-2023 - Thursday

ആധുനിക ലോകചരിത്രത്തെ രണ്ടായി തിരിക്കുന്ന നിർണ്ണായക ഘട്ടമാണ് രണ്ടാം ലോകയുദ്ധ കാലം. അതിന് മുമ്പുള്ള ലോകചരിത്രത്തിൽനിന്ന് തികച്ചും വിഭിന്നമാണ് പിന്നീട് ലോകക്രമത്തിൽ സംഭവിച്ചിട്ടുള്ള ഗതിമാറ്റങ്ങൾ. അതിനാൽത്തന്നെ, രാജ്യങ്ങളുടെയും വംശങ്ങളുടെയും ചരിത്രങ്ങളെയും വിവിധ പ്രത്യയ ശാസ്ത്രങ്ങളുടെ സമീപനങ്ങളെയും രണ്ടുവിധത്തിൽ വേണം വായിക്കാൻ. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തിനും ഐക്യരാഷ്ട്രസഭയുടെ ആരംഭത്തിനും ശേഷം വലിയ മാറ്റങ്ങൾ ലോകത്തിൽ സംഭവിച്ചു. ഇരുണ്ട ചരിത്രങ്ങളുടെ തടവറയിൽനിന്ന് ഏതാണ്ട് എല്ലാ സമൂഹങ്ങളും സ്വതന്ത്രമായത് അതിനുശേഷമാണ്.

ലോകരാജ്യങ്ങളെ മുഴുവൻ ആഴമായി ചിന്തിപ്പിച്ച കാലഘട്ടമായിരുന്നു രണ്ടാം ലോകയുദ്ധ കാലം. യുദ്ധം ആത്യന്തികമായി ആർക്കും നേട്ടങ്ങൾക്ക് കാരണമാകുന്നില്ല എന്ന കാഴ്ചപ്പാടിലേയ്ക്ക് രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ നിരീക്ഷകരും കടന്നുവന്നതിന്റെ വെളിച്ചത്തിലാണ് ഐക്യരാഷ്ട്ര സഭ രൂപംകൊള്ളുന്നത് തന്നെ. ലോകരാജ്യങ്ങൾ തമ്മിൽ വിവിധ വിഷയങ്ങളിൽ നിരന്തര ധാരണ പുലർത്തേണ്ടതിന്റെ ആവശ്യകത ഗൗരവമായി കണക്കിലെടുത്തുതുടങ്ങിയത് ആ കാലത്താണ്. കോളനിവൽക്കരണം തുടങ്ങിയ അധിനിവേശ രീതികളിൽനിന്നും ഘട്ടം ഘട്ടമായി പ്രബല രാജ്യങ്ങൾ പിന്മാറി. പുതിയ റിപ്പബ്ലിക്കുകൾ പലതും രൂപംകൊണ്ടു. ഐക്യരാഷ്ട്രസഭയിലെ 193 അംഗ രാജ്യങ്ങളിൽ 140 എണ്ണവും രൂപംകൊള്ളുന്നതും സ്വാതന്ത്ര്യം ലഭിക്കുന്നതും രണ്ടാം ലോകയുദ്ധത്തിന് ശേഷമാണ്. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകൾ ഒട്ടേറെ രാഷ്ട്രങ്ങളുടെ രൂപീകരണത്തിൽ പ്രകടമാണ്.

രണ്ടാം ലോകയുദ്ധത്തിന് ശേഷം പ്രതിസന്ധികൾ രൂക്ഷമായിരുന്ന ഇസ്രായേൽ - പലസ്തീൻ പ്രദേശത്തിൽ 1947ൽ ഐക്യരാഷ്ട്രസഭ സ്വീകരിച്ച നിലപാട് യഹൂദർക്കും പലസ്തീനികൾക്കും രണ്ടു രാജ്യങ്ങൾ എന്നതായിരുന്നു. തീരുമാനം അംഗീകരിച്ച യഹൂദർ ഇസ്രായേൽ എന്ന രാജ്യം 1948 ൽ പ്രഖ്യാപിച്ചെങ്കിലും പലസ്തീനികളും അറബ് രാജ്യങ്ങളും അത് അംഗീകരിച്ചില്ല എന്ന് മാത്രമല്ല, രാജ്യപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഈജിപ്ത്, സിറിയ, ഇറാഖ്, ജോർദാൻ, ലെബനോൻ എന്നീ രാജ്യങ്ങൾ ഇസ്രയേലുമായി യുദ്ധത്തിന് മുന്നിട്ടിറങ്ങി. എന്നാൽ യുദ്ധത്തിൽ അവർ പരാജയപ്പെടുകയും പലസ്തീനിന് അനുവദിക്കപ്പെട്ടിരുന്ന ചില പ്രദേശങ്ങൾകൂടി ഇസ്രയേലിന്റെ ഭാഗമാവുകയും ചെയ്തു. മറ്റു പ്രദേശങ്ങൾ അതോടെ യുദ്ധത്തിനിറങ്ങിയ രാജ്യങ്ങളുടെ നിയന്ത്രണത്തിലായി മാറി. പിന്നീട് പലപ്പോഴായി പരിഹാര ശ്രമങ്ങൾ പലരീതിയിൽ നടന്നിരുന്നെങ്കിലും മറുവശത്ത് ഇസ്രയേലിനെതിരെ നിരന്തര ആക്രമണങ്ങളും നടന്നുകൊണ്ടിരുന്നു.

2023 ഒക്ടോബർ ഏഴാം തിയ്യതി അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ - പലസ്തീൻ യുദ്ധത്തിന്റെ വിവിധ വീക്ഷണകോണുകളിൽ നിന്നുള്ള വിശകലനങ്ങൾ ആരംഭം മുതൽ വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ഒരുപക്ഷെ ലോകത്തിലെ മറ്റെല്ലാ ഭൂപ്രദേശങ്ങളെയുംകാൾ, കേരളസമൂഹത്തിൽ ഇക്കാര്യത്തിലും പതിവുപോലെ ചൂടേറിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവിധ പ്രത്യയശാസ്ത്രങ്ങളുടെ കണ്ണുകളിലൂടെയും, മാനവികതയുടെ വിശാല കാഴ്ചപ്പാടുകളിലൂടെയും റിപ്പോർട്ടുകളും ലേഖനങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ലേഖനകർത്താക്കളുടെ ലക്ഷ്യങ്ങൾ പലതാണ്. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രത്യേക സാഹചര്യത്തെ തങ്ങളുടെ ആശയപ്രചാരണത്തിനുള്ള അവസരമാക്കിയെടുത്തിരിക്കുന്ന നല്ലൊരു വിഭാഗം പേർ സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലുമുണ്ട്.

പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണങ്ങൾ ‍

തീവ്രവാദവും യുദ്ധവും ഒരു പരിഹാര മാർഗ്ഗമല്ല, എല്ലാ യുദ്ധങ്ങളും തോൽവിയാണ്; അക്കാരണത്താൽ ആക്രമണം നിർത്തിവയ്ക്കണമെന്നാണ് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടത്. നിഷ്കളങ്കരും നിരപരാധികളുമായ ജനലക്ഷങ്ങളുടെ വേദനയെ മുന്നിർത്തിയായിരുന്നു പാപ്പയുടെ വാക്കുകൾ. ഇത്തരത്തിലുള്ള നിഷ്പക്ഷ നിലപാടുകൾക്കപ്പുറം പലരും ഏതെങ്കിലും ഒരു പക്ഷം ചേരുന്നതായുള്ള പ്രഖ്യാപനങ്ങളാണ് ഈ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്.

അമേരിക്കയും, യൂറോപ്യൻ യൂണിയനും, കാനഡയും, ഓസ്‌ട്രേലിയയും, ഇന്ത്യയും തുടങ്ങിയവർ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സൗദി അറേബ്യ, ഇറാൻ, ഖത്തർ, ചൈന തുടങ്ങിയ രാജ്യങ്ങൾ പലസ്തീനിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾ തന്നെ രണ്ടു ചേരികളായി തിരിയുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യങ്ങൾ നൽകുന്ന പിന്തുണ മുഖ്യമായും നയതന്ത്രപരമാണ്. എന്നാൽ, പ്രത്യയശാസ്ത്രപരമായ പിന്തുണ ഇരുകൂട്ടർക്കും വിവിധ രീതികളിൽ ലഭിക്കുന്നുണ്ട്.

കേരളത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്ലാമിക സമൂഹം മാത്രമല്ല, കോൺഗ്രസ്, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ഹമാസ് തീവ്രവാദികൾക്ക് ആശയപരമായ പിന്തുണ നൽകുകയും ഈ മൂന്ന് കൂട്ടർക്കും സ്വാധീനമുള്ള മാധ്യമങ്ങളും സോഷ്യൽമീഡിയ ഹാൻഡിലുകളും പലസ്തീൻ അനുകൂല ആശയപ്രചരണങ്ങൾ നിരന്തരം നടത്തുകയും ചെയ്തുവരുന്നു. എന്നാൽ, ബിജെപി - സംഘപരിവാർ പ്രവർത്തകരും അനുകൂല മാധ്യമങ്ങളും തങ്ങൾ ഇസ്രായേൽ പക്ഷമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ബൗദ്ധിക സമൂഹം പലസ്തീനെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്ന പരോക്ഷ സന്ദേശമാണ് ചില ലേഖനങ്ങളിൽ നിഴലിക്കുന്നത്. അതിനൊരു പരോക്ഷകാരണമായി സംഘപരിവാർ നിലപാടും മാറിയിട്ടുണ്ട് എന്നുള്ളതാണ് ഒരു വസ്തുത. എന്നാൽ, ഒക്ടോബർ ഏഴിന് ഏകപക്ഷീയമായും അപ്രതീക്ഷിതമായും നടന്ന ആക്രമണം ഇസ്രായേൽ ജനതയ്ക്ക് വരുത്തിവച്ച നാശങ്ങളെ പരിഗണിക്കാതെ പ്രത്യാക്രമണത്തെക്കുറിച്ച് മാത്രം സംസാരിച്ചുതുടങ്ങുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയനീയമാണ്.

പലസ്തീൻ എന്ന "ഇസ്ലാമിക സമൂഹവും", യഹൂദ രാജ്യമായ ഇസ്രായേലും തമ്മിലുള്ള സംഘർഷം എന്ന നിലയിൽ മതപരമായ വീക്ഷണകോണാണ് ഇവിടെ മുഖ്യം. പലസ്തീനിലെ "ദുർബലരായ" ഇസ്ലാമിക സമൂഹത്തിന് മേലുള്ള അതിക്രമമായി ഒരു വിഭാഗംപേർ ഇപ്പോഴത്തെ യുദ്ധത്തെ കാണുമ്പോൾ, തങ്ങളുടെ ബദ്ധശത്രുക്കളായ ഇസ്ലാമിനെതിരെയുള്ള നീക്കം എന്ന നിലയിലാണ് ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ മറ്റൊരു കൂട്ടർ കാണുന്നത്. ഈ രണ്ട് നിലപാടുകളും പക്ഷപാതപരമാണ്. ചില രാഷ്ട്രീയ വർഗീയ പ്രത്യയശാസ്ത്രങ്ങൾ ഇസ്രയേലിനെയും, യഹൂദരെയും മറ്റൊരു കണ്ണിലൂടെയാണ് കാണുന്നത് എന്നുള്ളത് ഒരു വസ്തുതയാണ്. അതിന് പുറമെയാണ്, ഇസ്രായേൽ എന്ന രാജ്യം പലസ്തീൻ ജനതയോട് ചെയ്യുന്നത് ക്രൂരതയും അനീതിയുമാണെന്ന നിരന്തര വാദം.

മുന്നറിയിപ്പോ പ്രകോപനങ്ങളോ ഇല്ലാതെ അപ്രതീക്ഷിതമായി നടന്ന കിരാതമായ ഒരു ആക്രമണത്തെ തുടർന്ന് യുദ്ധത്തിനിറങ്ങാൻ ഇസ്രായേൽ നിർബ്ബന്ധിതരായ സാഹചര്യത്തെയും, പലസ്തീനിന് രാഷ്ട്ര പദവി നഷ്ടപ്പെടാനും, ആ മേഖലയെ നിരന്തര സംഘർഷ മേഖലയാക്കി മാറ്റാനും മുഖ്യ പങ്കുവഹിച്ച ചുറ്റുവട്ടത്തുള്ള മുസ്ലീം രാജ്യങ്ങളുടെ ഇടപെടലുകളെയും, ചരിത്രത്തിന്റെ സമഗ്രതയെയും മനഃപൂർവ്വം അവഗണിച്ചുകൊണ്ടാണ് ചിലർ ഹമാസ് തീവ്രവാദികൾക്ക് നിരുപാധിക പിന്തുണ നൽകുന്നത് എന്നതാണ് വാസ്തവം.

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഇസ്രയേലും അംഗസംഖ്യ ഏറ്റവും കുറഞ്ഞ സമൂഹങ്ങളിൽ ഒന്നായ യഹൂദരും ഈ ആധുനിക കാലഘട്ടത്തിൽ തങ്ങൾ നേരിടേണ്ടതായി വന്ന പ്രതിസന്ധികളെ ഇതുവരെ അതിജീവിച്ചിട്ടുണ്ടെങ്കിൽ അത് അത്ഭുതകരമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്ങൾക്ക് കൈവിട്ടുപോയ പൂർവ്വിക ദേശത്തേക്ക് തിരികെയെത്താൻ അവർ നടത്തിയ സാഹസികമായ പരിശ്രമമാണ് 1948 ൽ വിജയത്തിലേക്ക് എത്തിയത്. ആ തിരിച്ചെത്തൽ സംഭവിച്ചിരുന്നില്ലെങ്കിൽ ഇന്ന് ആ ജനത ഭൂമുഖത്ത് അവശേഷിക്കുമായിരുന്നില്ല എന്നുള്ളത് മറ്റൊരു സത്യം.

1947 ൽ തങ്ങൾക്ക് ഒരു കൊച്ചു രാജ്യം വേണം എന്നതിനപ്പുറം മറ്റൊന്നും അവർ ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല. ആ ആവശ്യം ന്യായമാണെന്ന് മനസിലാക്കിയ ഐക്യരാഷ്ട്രസഭയിലെ ഭൂരിപക്ഷം അംഗങ്ങളും ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാൽ, ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഒരു വിധത്തിലും അംഗീകരിക്കാൻ ചുറ്റുമുള്ള അറബ് - മുസ്ലീം രാജ്യങ്ങൾ തയ്യാറായില്ല. അതായിരുന്നു, 1948 ലെയും തുടർന്ന് പിന്നീട് പലപ്പോഴായും ഉണ്ടായ വലിയ യുദ്ധങ്ങൾക്ക് കാരണം. തങ്ങൾക്കിടയിൽ ഒരു യഹൂദ രാജ്യം ഉണ്ടാകുന്നത് പ്രത്യയശാസ്ത്രപരമായി അംഗീകരിക്കാൻ ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് കഴിയുമായിരുന്നില്ല എന്നതായിരുന്നു മുഖ്യ കാരണം. ആ വിരോധമാണ് ഇന്നും തുടരുന്നത്. തങ്ങളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ വെമ്പൽ കൊള്ളുന്ന ഒരു വലിയ ജനതയ്ക്കിടയിലാണ് ജീവിക്കുന്നത് എന്ന ബോധ്യം ഇസ്രായേലിന് എന്നുമുണ്ട്.

1948ന് മുന്നിലെ ചരിത്രങ്ങൾ ‍

ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമുള്ളതുപോലെ ഇസ്രയേലിന്റെ ചരിത്രത്തിനും നിരവധി അധ്യായങ്ങളുണ്ട്. ബി.സി. 1300 മുതൽ അത് ആരംഭിക്കുന്നു. യഹൂദ ജനതയായി ആ ദേശത്ത് വാസമുറപ്പിച്ചത് മുതൽ നിരവധി കയറ്റിറക്കങ്ങളിലൂടെയാണ് അവർ കടന്നുപോയത്. ഒടുവിൽ ബഹുഭൂരിപക്ഷം പേരും അവിടെനിന്നും പലായനം ചെയ്യാൻ നിർബന്ധിതരായി. പിൽക്കാലത്ത് ഓട്ടോമൻ ഭരണത്തിന് കീഴിലായ ആ ഭൂപ്രദേശത്ത് അറേബ്യൻ മുസ്ളീം സമൂഹം വേരുറപ്പിച്ചു. നൂറ്റാണ്ടുകൾക്ക് ശേഷം സയണിസ്റ്റ് മൂവ്മെന്റിന്റെ ഭാഗമായി ലോകത്ത് പലയിടങ്ങളിൽനിന്നും യഹൂദർ തങ്ങളുടെ പൂർവ്വ പിതാക്കന്മാരുടെ ദേശത്തേക്ക് തിരിച്ചെത്തിത്തുടങ്ങി. അക്കാലത്ത് അവിടം ഒരു ബ്രിട്ടീഷ് കോളനിയായി മാറ്റപ്പെട്ടിരുന്നു. ബ്രിട്ടൻ അവിടെനിന്ന് പിൻവാങ്ങിയ 1947 മുതലാണ് പുതിയ രാഷ്ട്രങ്ങൾക്കായുള്ള ഇടപെടലുകൾ ഐക്യരാഷ്ട്ര സഭ നടത്തി തുടങ്ങിയത്. അവിടെനിന്ന് പുതിയ ചരിത്രം ആരംഭിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ മുതൽ ആരംഭിക്കുന്ന പുതിയ ഇസ്രയേലിന്റെ ചരിത്രം ഈ പുതിയ ലോകക്രമത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ചർച്ച ചെയ്യപ്പെടേണ്ടത്. എന്നാൽ, ചില പ്രത്യയശാസ്ത്രങ്ങളുടെ കണ്ണുകളിലൂടെ ഈ വിഷയങ്ങൾ കാണുന്ന ഒരു കൂട്ടരുടെ ചരിത്ര പുസ്തകങ്ങളിൽ ചില അധ്യായങ്ങൾകൂടിയുണ്ട്, എന്നാൽ അത് പൂർണ്ണമല്ലതാനും! ഇസ്ലാമിക അധിനിവേശം ആരംഭിച്ച പതിനൊന്നാം നൂറ്റാണ്ട് മുതലുള്ള ചരിത്രം മാത്രമാണ് ഒരു വിഭാഗത്തിന് പരിഗണനീയം. അവിടെ ആ ദേശത്തിന്റെ അവകാശികൾ പലസ്തീനികളായ മുസ്ലീങ്ങൾ മാത്രമാണ്, യഹൂദർ നിഷ്കാസനം ചെയ്യപ്പെടേണ്ടവരാണ്. അതേസമയം, പലസ്തീനികൾ എന്നാൽ പൂർണമായും ഇസ്ലാം മാത്രമാണെന്നുള്ള ഒരു അബദ്ധധാരണയും പ്രകടമാണ്. ന്യൂനപക്ഷമെങ്കിലും അറബ് ക്രൈസ്തവരും മറ്റു ചില ജന വിഭാഗങ്ങളും അവിടെയുണ്ട്.

യഹൂദപക്ഷത്ത് നിന്നുകൊണ്ടുള്ള ചിലരുടെ വിചിത്രമായ ആഖ്യാനങ്ങളിൽ പ്രധാന കുറ്റവാളികൾ ക്രൈസ്തവരാണ്. യഹൂദരുടെ വംശനാശം ക്രൈസ്തവ രാജാക്കന്മാരുടെയും രാഷ്ട്രത്തലവന്മാരുടെയും കത്തോലിക്കാ സഭയുടെയും അജണ്ടയായിരുന്നു എന്ന വാദം ഇപ്പോഴത്തെ വിഷയങ്ങൾക്കകത്ത് തിരുകിക്കയറ്റിയ "ചരിത്രകാരന്മാർ" പലരുണ്ട്. നാസി പട്ടാളത്തിന്റെയും, ഹിറ്റ്ലറുടെയും ക്രൂരതകളുടെ പോലും പിതൃത്വം കത്തോലിക്കാ സഭയ്ക്കാണെന്ന് അത്തരക്കാർ സ്ഥാപിക്കാൻ ശ്രമിക്കുന്നു. യഥാർത്ഥത്തിൽ ക്രൈസ്തവരുടെ ശത്രുക്കൾ യഹൂദരാണെന്നും, യഹൂദർ ക്രൈസ്തവരെ ശത്രുക്കളായാണ് കാണുന്നതെന്നും സ്ഥാപിച്ച്, പലസ്തീനിന് പിന്തുണ നേടിയെടുക്കാനുള്ള ശ്രമങ്ങളും ചില രചനകളിൽ കാണാം.

ആധുനിക ലോകക്രമത്തിന്റെ വിശാലമായ വീക്ഷണങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്ന ഒരു വലിയ വിഭാഗമാണ് സങ്കീർണതകളും ആശയക്കുഴപ്പങ്ങളും ഇക്കാര്യങ്ങളിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ കറുത്ത അധ്യായങ്ങൾ തീർച്ചയായും പാഠപുസ്തകങ്ങളാണ്. ഇരുണ്ട കാലഘട്ടങ്ങളില്ലാത്ത ഒരു ജനസമൂഹവും ഇന്നത്തെ ലോകത്ത് ജീവിച്ചിരിപ്പില്ല. ആ അനുഭവ ചരിത്ര ഗ്രന്ഥങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് മാത്രമേ ഈ ലോകത്തിന് വളരാനും ശുദ്ധീകരിക്കപ്പെടാനും കഴിയൂ. കഴിഞ്ഞുപോയ കാലത്തെ മുറിവുകളും, തകർച്ചകളും, വീഴ്ചകളും ഈ പുതിയ ലോകക്രമത്തിന്റെ ചട്ടക്കൂട്ടിലേയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്ത പക്ഷം ചരിത്രവായനയും മുൻധാരണാപരമായ ആഖ്യാനങ്ങളും വിദ്വേഷം പരത്തികൊണ്ടും അബദ്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടുമിരിക്കും.

(ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്)


Related Articles »