News - 2024

വത്തിക്കാനില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു; ട്രീയുടെയും പുല്‍കൂടിന്റെയും അനാവരണം ഡിസംബർ 9ന്

പ്രവാചകശബ്ദം 24-11-2023 - Friday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനുള്ള ഒരുക്കങ്ങളുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ക്രിസ്തുമസ് ട്രീയും പുൽക്കൂടും ഒരുങ്ങുന്നു. മാക്ര താലൂക്കിലെ മായിര താഴ്‌വരയിൽനിന്ന് കൊണ്ടുവന്ന 28 മീറ്റർ ഉയരമുള്ള വൃക്ഷമാണ് ഇത്തവണ ക്രിസ്തുമസിനായി വത്തിക്കാനിലെത്തിച്ചിട്ടുള്ളത്. ഏതാണ്ട് 65 ക്വിന്റൽ ഭാരമുള്ള മരം 56 വർഷം പഴക്കമുള്ളതാണ്. പിയെ മോന്തെ മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള അഗ്നിശമനവിഭാഗത്തിന്റെ നിർദ്ദേശപ്രകാരം മുറിച്ചുകളയുവാൻ തീരുമാനിക്കപ്പെട്ട വൃക്ഷമാണ് വത്തിക്കാനിലെത്തിച്ചത്.

മഞ്ഞുവീഴ്ചയുടെ പ്രതീതി ഉളവാക്കുന്ന വിധത്തിൽ വിളക്കുകളും, അലങ്കാരങ്ങളും വൃക്ഷത്തിൽ ഉണ്ടായിരിക്കും. റിയെത്തി പ്രദേശത്തുനിന്ന് കൊണ്ടുവരുന്ന ക്രിസ്തുമസ് പുൽക്കൂട് ഉദ്‌ഘാടനവും ക്രിസ്തുമസ് ട്രീ പ്രകാശനവും ഡിസംബർ 9 ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക്, വത്തിക്കാൻ ഗവര്‍ണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വേർഗെസ് അലസാഗ നിർവഹിക്കും. അന്നേദിവസം രാവിലെ റിയെത്തി, മാക്ര പ്രദേശങ്ങളിൽനിന്നുള്ള പ്രതിനിധിസംഘങ്ങൾ ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിക്കുന്നുണ്ട്.

അതേസമയം വത്തിക്കാനിൽ ഇത്തവണ ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള ക്രിസ്തുമസ് ട്രീ, ആഘോഷങ്ങൾക്ക് ശേഷം നശിപ്പിക്കുകയില്ലെന്നും, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റുവാനായി അത് കമ്പനിയിലേക്ക് അയക്കുമെന്നും പിയോ മോന്തേ പ്രദേശത്തിന്റെ പ്രെസിഡന്റ് ആൽബെർത്തോ ചിറിയോ വ്യക്തമാക്കി. കാരിത്താസ് സംഘടനയുടെ നേതൃത്വത്തിലായിരിക്കും ഈ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുക.


Related Articles »