News

കഴിഞ്ഞ വര്‍ഷം ക്രിസ്തു വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടത് 4998 ക്രൈസ്തവര്‍

പ്രവാചകശബ്ദം 19-01-2024 - Friday

ലണ്ടന്‍: അന്താരാഷ്ട്ര ക്രിസ്ത്യൻ പീഡന നിരീക്ഷണ സംഘടനയായ ഓപ്പൺ ഡോർസിന്റെ പുതിയ വാർഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ക്രിസ്തു വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടത് 4998 ക്രൈസ്തവര്‍. അറുപതിലധികം രാജ്യങ്ങളിലെ സഭയെ പിന്തുണയ്ക്കുകയും ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്ന ഓപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട 2024 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ ലോകത്തിലെ ഏറ്റവും മോശകരമായ സാഹചര്യം നിലനില്‍ക്കുന്ന അന്‍പതു രാജ്യങ്ങളുള്ള പട്ടിക ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവിട്ടത്.

സ്ഥിതിവിവരകണക്കനുസരിച്ചു 2023-ൽ പ്രതിദിനം പതിമൂന്ന് ക്രിസ്ത്യാനികളും, ശരാശരി 4,998 പേരും ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്തു. മുന്‍പത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി വർദ്ധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവിധ ആക്രമണങ്ങളിൽ ലോകമെമ്പാടും 14,766 ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. 2023-ൽ ആക്രമണങ്ങൾ കുതിച്ചുയര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. 365 ദശലക്ഷത്തിലധികം (ഏഴിൽ ഒരാൾ) ക്രിസ്ത്യാനികൾ, തങ്ങളുടെ വിശ്വാസത്തിനുവേണ്ടി ഉയർന്ന തോതിലുള്ള പീഡനങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നു ഓപ്പൺ ഡോർസ് മുന്നറിയിപ്പ് നൽകുന്നു.

ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ ഇത്തവണയും ഉത്തര കൊറിയയാണ് ഒന്നാം സ്ഥാനത്ത്. ഉത്തര കൊറിയയെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ക്രൈസ്തവരുടെ കൂട്ടായ്മകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിലക്കുണ്ടെന്ന് പറയുന്നു. അതീവ രഹസ്യമായും ഗുരുതരമായ അപകടസാഹചര്യത്തിലുമാണ് ക്രൈസ്തവര്‍ ഒത്തുകൂടുന്നതെന്ന് ഓപ്പൺ ഡോർസ് പറയുന്നു.

ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് നൈജീരിയ. ഉപ-സഹാറൻ രാജ്യങ്ങളിൽ നടന്ന ക്രൈസ്തവ വിരുദ്ധ കൊലപാതകങ്ങളില്‍ പത്തില്‍ 9 എണ്ണവും അരങ്ങേറിയത് നൈജീരിയയിലാണ് . 2024 വേൾഡ് വാച്ച് ലിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങളിൽ, 26 ഉപ സഹാറൻ രാജ്യങ്ങൾ, പീഡനത്തിന്റെ ഉയർന്ന തലത്തിലോ അതിന് മുകളിലോ സ്ഥാനത്താണ്.


Related Articles »