News - 2024
നൈജീരിയയില്‍ രണ്ട് കത്തോലിക്ക വൈദികരെ കൂടി തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 05-02-2024 - Monday
അബൂജ: നൈജീരിയയിലെ പങ്ക്‌ഷിന്‍ രൂപതാപരിധിയില്‍ നിന്ന് രണ്ടു കത്തോലിക്ക വൈദികരെ കൂടി തട്ടിക്കൊണ്ടുപോയി. ക്ലരീഷ്യന്‍ മിഷ്ണറിമാര്‍ എന്നറിയപ്പെടുന്ന മിഷ്ണറീസ് സൺസ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കോൺഗ്രിഗേഷൻ അംഗങ്ങളായ ഫാ. കെന്നത്ത് കൻവ, ഫാ. ജൂഡ് നവാച്ചുക്വു എന്നിവരാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായത്. ഫാ. കൻവ, പങ്ക്‌ഷിന്‍ രൂപതയിലെ സെൻ്റ് വിൻസെൻ്റ് ഡി പോൾ ഇടവകയില്‍ സേവനമനുഷ്ഠിച്ചു വരികയായിരിന്നു. സഹവികാരിയായിരിന്നു ഫാ. ജൂഡ്. ഫെബ്രുവരി 1 വ്യാഴാഴ്‌ച രാത്രി ഇടവക റെക്‌റ്ററിയിൽ വെച്ചാണ് വൈദികരെ തട്ടിക്കൊണ്ടുപോയതെന്നു വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥന യാചിക്കുന്നതായി പ്രോവിന്‍ഷ്യാള്‍ സെക്രട്ടറി ഫാ. ഡൊമിനിക്ക് ഉക്പോങ് പറഞ്ഞു. വൈദികരുടെ സുരക്ഷിതത്വത്തിനും അടിമത്തത്തിൽ നിന്ന് പെട്ടെന്നുള്ള മോചനത്തിനുമായി ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയാണെന്ന് ഫാ. ഡൊമിനിക്ക് കൂട്ടിച്ചേര്‍ത്തു.
വൈദികരുടെ കുരുതിക്കളം എന്നറിയപ്പെടുന്ന നൈജീരിയയില്‍ ക്രിസ്തീയ സമൂഹങ്ങളില്‍ നിന്നുള്ളവരെ തട്ടിക്കൊണ്ടുപോകുന്നത് പതിവു സംഭവമായി മാറിയിട്ടുണ്ട്. എളുപ്പത്തില്‍ പണം ഉണ്ടാക്കുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് വൈദികരെയും സന്യാസിനികളെയും തട്ടിക്കൊണ്ടു പോകുന്നത്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൊക്കോഹറാം ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളും, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും വലിയ ആക്രമണമാണ് ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്നത്.
➤➤➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤➤➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക