News - 2024

ഹെയ്തി ചേരികളിലെ കുട്ടികളുടെ താങ്ങും തണലുമായ സന്യാസിനിയെ ഫോണ്‍ വിളിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 06-02-2024 - Tuesday

പോർട്ട് ഓ പ്രിൻസ്: ഹെയ്തിയിലെ ചേരികളിലുള്ള 2,500 കുട്ടികളുടെ താങ്ങും തണലുമായി സേവനം ചെയ്യുന്ന കത്തോലിക്ക സന്യാസിനിയെ ഫോണ്‍ വിളിച്ച് ഫ്രാന്‍സിസ് പാപ്പ. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസ് മെട്രോപൊളിറ്റൻ നഗരത്തിന്റെ പരിധിക്കുള്ളിൽ വരുന്ന ചേരിയിലെ കുട്ടികളെ ചേര്‍ത്തുപിടിക്കുന്ന ഫ്രഞ്ച് സന്യാസിനി സിസ്റ്റർ പേസിയെയാണ് ഫ്രാന്‍സിസ് പാപ്പ ഇക്കഴിഞ്ഞ ശനിയാഴ്ച ഫോണില്‍ നേരിട്ടു ബന്ധപ്പെട്ടത്. ഹെയ്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് അന്വേഷിച്ച പാപ്പ, ദരിദ്രരായ കുട്ടികൾക്ക് വേണ്ടിയുള്ള സിസ്റ്ററുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും പ്രാര്‍ത്ഥനയും അറിയിക്കുകയും ചെയ്തു.

ഫ്രാന്‍സിസ് പാപ്പയുടെ ഫോൺ വിളി വലിയ അത്ഭുതമായിരുന്നുവെന്ന് സിസ്റ്റര്‍ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. എന്റെ ഫോൺ ബെല്ലടിച്ചപ്പോൾ, പരിശുദ്ധ പിതാവിന്റെ വിളിയായിരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. പാപ്പ പ്രോത്സാഹന സന്ദേശം അയയ്ക്കുകയും കുട്ടികൾക്കായി അവിടെയായിരിക്കുന്നതിനു നന്ദി പറയുകയും ചെയ്തിരുന്നു. എനിക്കു പിതാവിന്റെ പ്രാർത്ഥനയുണ്ടാകുമെന്ന് ഉറപ്പു നൽകി. വിളിയുടെ നേരത്ത് എന്നെ യഥാർത്ഥത്തിൽ സ്തംഭിപ്പിച്ചത് പരിശുദ്ധ പിതാവിന്റെ ശബ്ദമായിരുന്നു. അതിൽ എനിക്ക് വലിയ സൗമ്യതയും ദയയും ഉള്ളതായി തോന്നി. ഞാൻ ഇത് എന്റെ സമൂഹമായും, എന്റെ ടീമുമായും, ചില കുട്ടികളുമായും പങ്കുവെച്ചുവെന്നും സിസ്റ്റര്‍ പറഞ്ഞു.

ഹെയ്തിയിലെ ദൌത്യത്തെ കുറിച്ചുള്ള വത്തിക്കാന്‍ ന്യൂസിന്റെ ചോദ്യകര്‍ത്താവിന് സിസ്റ്റര്‍ നല്‍കിയ പ്രതികരണം ഏറെ ശ്രദ്ധേയമായിരിന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചില അമ്മമാർ എന്നോടു പറഞ്ഞു: "സിസ്റ്റർ, നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഞങ്ങളെല്ലാവരും മരിച്ചേനെ" എന്ന്. അവർ അൽപ്പം പെരുപ്പിച്ചുകാട്ടുകയായിരുന്നെന്ന് ഞാൻ കരുതുന്നു. പക്ഷേ അവർക്ക് അങ്ങനെയാണ് തോന്നുന്നത്.

കുറഞ്ഞപക്ഷം, അതാണ് അവർ പറഞ്ഞത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെയും, ഒന്നും ഇല്ലാതെയും ആളുകൾ എങ്ങനെ അതിജീവിക്കുന്നെന്ന് ചിലപ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്. ദൈവം ഇവിടെയുണ്ട്. അതാണ് ശരിയായ ഉത്തരം എന്ന് ഞാൻ കരുതുന്നു. അവിടുന്ന് അവർക്കായി ഇവിടെയുണ്ട്. അവിടുന്ന് എന്നിലൂടെയോ മറ്റേതെങ്കിലും രീതിയിലോ ഇവിടെ സന്നിഹിതനാണ്. എന്നാൽ അവിടുന്ന് ഒരിക്കലും തന്റെ മക്കളെ ഉപേക്ഷിക്കുന്നില്ലായെന്നും സിസ്റ്റര്‍ പേസി പറഞ്ഞു.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »