Videos

മുട്ടുകുത്തി പ്രാർത്ഥിക്കേണ്ടത് എപ്പോൾ? | നോമ്പുകാല ചിന്തകൾ | പതിനേഴാം ദിവസം

പ്രവാചകശബ്ദം 28-02-2024 - Wednesday

"യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല" (ലൂക്കാ 23:34).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനേഴാം ദിവസം ‍

ഈശോ കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നത് നാം കാണുന്നുണ്ട്. പിതാവേ അവരോട് ക്ഷമിക്കണമേ അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. എന്നു പറഞ്ഞുകൊണ്ട് അവൻ ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു. എന്നാൽ എങ്ങനെയാണ് ഇപ്രകാരം ശത്രുക്കളെ സ്നേഹിക്കുവാൻ മനുഷ്യരായ നമ്മുക്കു സാധിക്കുക? ദൈവമായിരുന്നതു കൊണ്ട് അവിടുത്തേക്ക് അത് സാധിച്ചു. എന്നാൽ ഒരു മനുഷ്യന് എങ്ങനെയാണ് ഇപ്രകാരം ശത്രുക്കളോട് ക്ഷമിച്ചുകൊണ്ട് പ്രാർത്ഥിക്കുവാൻ സാധിക്കുക എന്ന് പലപ്പോഴും നാം ചോദിക്കാറുണ്ട്.

ഇവിടെയാണ് വിശുദ്ധ സ്തേഫാനോസിന്റെ മാതൃക നമ്മുക്ക് പ്രചോദനമാകുന്നത്. സ്തേഫാനോസിനെ വധിക്കുന്ന വചനഭാഗം വായിക്കുമ്പോൾ നമ്മുക്ക് ഒരു കാര്യം മനസ്സിലാകും. സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും കണ്ടുകൊണ്ട് തനിക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അവൻ എഴുന്നേറ്റു നിൽക്കുകയായിരുന്നു എന്നാൽ ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അവൻ മുട്ടുകുത്തുന്നതായി നാം വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്നു. "അവൻ മുട്ടുകുത്തി വലിയ സ്വരത്തിൽ അപേക്ഷിച്ചു കർത്താവേ ഈ പാപം അവരുടെ മേൽ ആരോപിക്കരുത്. ഇതുപറഞ്ഞ് അവൻ മരണ നിദ്ര പ്രാപിച്ചു.

നാം നമുക്കുവേണ്ടി എങ്ങനെ പ്രാര്‍ത്ഥിക്കുന്നുവോ അതിനേക്കാൾ തീഷ്ണതയോടെ നമ്മുടെ ശത്രുക്കൾക്കുവേണ്ടി പ്രാര്ഥിക്കണമെന്ന് ക്രിസ്തുവിന്റെ സ്നേഹിതനും ആദ്യത്തെ രക്തസാക്ഷിയുമായ വിശുദ്ധ സ്തേഫാനോസ് നമ്മുക്കു കാണിച്ചുതരുന്നു. ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു:

ഈശോയെപ്പോലെതന്നെ സ്തേഫാനോസും ശത്രുക്കളെ സ്നേഹിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ അവൻ എഴുന്നേറ്റുനില്ക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ അവൻ മുട്ടുകുത്തുകയും ചെയ്യുന്നു. എഴുതപ്പെട്ടത് അവൻ പൂർത്തീകരിച്ചു. മിശിഹായുടെ പൂർണതയുള്ള ശിഷ്യനും കർത്താവിൻ്റെ സഹനത്തിന്റെ യഥാർത്ഥ അനുകർത്താവുമായിത്തീർന്നുകൊണ്ട് നാഥനിൽനിന്നു ശ്രവിച്ചത് സ്വന്തം സഹനത്തിലൂടെ അവൻ പൂർത്തിയാക്കി. ക്രൂശിതനായ മിശിഹാ പരമപിതാവിനോട് 'അവരോടു ക്ഷമിക്കണമേ' എന്നപേക്ഷിച്ചതുപോലെ, അനുഗൃഹീതനായ സ്തേഫാനോസ് കൽക്കുമ്പാരത്തിലമരുമ്പോഴും, “കർത്താവേ, ഈ പാപം അവരുടെമേൽ ആരോപിക്കരുതേ" (നടപടി 7,60) എന്നാണപേക്ഷിച്ചത്. എത്ര വിശ്വസ്തനായ ശ്ലീഹാ! മിശിഹായുടെ ആദ്യത്തെ രക്തസാക്ഷി നാഥൻ്റെ പ്രബോധന ങ്ങളെ അനുവർത്തിക്കുന്നത് ആവശ്യമായിരുന്നു. സ്തേഫാനോസ് പ്രാർത്ഥിച്ചത് ദൈവനിഷേധകർക്കും ദൈവദൂഷകർക്കും തന്നെ കല്ലെറിഞ്ഞവർക്കും വേണ്ടിയായിരുന്നു (Sermon 317.2-3).

പ്രിയപ്പെട്ട സഹോദരങ്ങളെ ഈ നോമ്പുകാലത്ത് നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനേക്കാൾ കൂടുതൽ തീഷ്ണതയോടെ നമ്മെ കല്ലെറിയുന്നവർക്കും, ദൈവനിഷേധർക്കും ദൈവദൂഷകർക്കും വേണ്ടി പ്രാർത്ഥിക്കാം. അവർക്കുവേണ്ടി നമ്മുക്ക് ദൈവസന്നിധിയിൽ മുട്ടുകൾ മടക്കാം അങ്ങനെ വിശുദ്ധ സ്തേഫാനോസിനെപ്പോലെ നമ്മുക്കും ക്രിസ്‌തുവിന്റെ സ്നേഹിതരായി മാറാം.


Related Articles »