Videos

പിടിക്കപ്പെടാത്ത കുറ്റവാളികൾ | നോമ്പുകാല ചിന്തകൾ | ഇരുപതാം ദിവസം

പ്രവാചകശബ്ദം 02-03-2024 - Saturday

"അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്" (യോഹ 8:11).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപതാം ദിവസം ‍

കുറ്റവാളികളോടുള്ള നമ്മുടെ സമീപനം എങ്ങനെയാണ്? ഒരു കുറ്റകൃത്യത്തിന്റെ പേരിൽ ഒരാൾ പിടിക്കപ്പെടുകയും അത് വാർത്തയാകുകയും ചെയ്യുമ്പോൾ നമ്മുടെ പ്രതികരണം എങ്ങനെയായിരിക്കും? അയാളെ ശിക്ഷിക്കുക അയാൾക്ക് പരമാവധി ശിക്ഷ തന്നെ നൽകുക എന്ന് പറഞ്ഞുകൊണ്ട് നമ്മളും മറ്റുള്ളവരോട് ചേരാറുണ്ടോ? വ്യഭിചാരത്തിന് പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും കൂടി ഈശോയുടെ മുൻപിൽ കൊണ്ടുവരുന്ന രംഗം നാം സുവിശേഷത്തിൽ കാണുന്നുണ്ട്.

അവർ അവനോട് പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപ്പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?... (യോഹ 8: 3-11) ഇവിടെ ഞാനും നിന്നെ വിധിക്കുന്നില്ല എന്നു പറഞ്ഞപ്പോൾ നമ്മുടെ കർത്താവ് പാപത്തെ കണ്ടില്ലന്നു നടിക്കുകയല്ല ചെയ്‌തത്‌. ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു:

"ഞാനും നിന്നെ വിധിക്കുന്നില്ല" കർത്താവേ, ഇതിന്റെ അർത്ഥമെന്താണ്? നീ പാപങ്ങളെ കണ്ടില്ലെന്നു നടിക്കുന്നോ? തീർച്ചയായും അല്ല. തുടർന്നു പറയുന്നതു ശ്രദ്ധിക്കുക- “പൊയ്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്”. കർത്താവു പാപത്തെ വ്യക്തമായും തള്ളിപ്പറഞ്ഞു.

എന്നാൽ മനുഷ്യനെ തള്ളിപ്പറഞ്ഞില്ല. കാരണം അവൻ പാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നവനായിരുന്നെങ്കിൽ ഇപ്രകാരം പറയുമായിരുന്നു. "ഞാനും വിധിക്കുന്നില്ല. പോയി നീ ആഗ്രഹിക്കുന്നതുപോലെ ജീവിച്ചുകൊള്ളുക. ഞാൻ നല്കുന്ന മോചനത്തിൽ അഭയം കണ്ടെത്തുക. നീ എത്രമാത്രം പാപം ചെയ്‌താലും ഞാൻ നിന്നെ എല്ലാത്തരം ശിക്ഷകളിൽനിന്നും നരകശിക്ഷയിൽനിന്നും പാതാള ലോകത്തിലെ പീഡകരിൽനിന്നുപോലും രക്ഷിക്കാം". എന്നാൽ ഇതായിരുന്നില്ല, അവൻ പറഞ്ഞത്.

ഈ ഭൂമിയിലെ ഏതൊരു മനുഷ്യനും അവൻ എത്രവലിയ പാപിയാണെങ്കിലും, ഈശോ ഈ ലോകത്തിലേക്കു വന്നതും കുരിശിൽ മരിച്ചതും ആ മനുഷ്യനു വേണ്ടി കൂടിയാണ് എന്ന സത്യം ഈ നോമ്പുകാലം നമ്മെ ഓർമ്മപ്പെടുത്തട്ടെ. അതിനാൽ അയാളെ വിധിക്കാൻ നമ്മൾ ആരാണ്? നാം മറ്റുള്ളവരുടെ ശിക്ഷാവിധിക്കായി മുറവിളി കൂട്ടുമ്പോൾ ഈശോ നമ്മോടും പറയുന്നുണ്ടാവും, നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം അയാളെ കല്ലെറിയട്ടെ എന്ന്. നമ്മുടെ കഴിഞ്ഞ കാല ജീവിതങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ നമ്മളും എത്രയോ പാപങ്ങൾ ചെയ്‌തിട്ടുണ്ടാവാം, അവയൊക്കെ പിടിക്കപ്പെട്ടിരുന്നുവെങ്കിൽ നമ്മളും കുറ്റവാളികളെപോലെ പൊതുസമൂഹത്തിന്റെ മുൻപിൽ നിൽക്കേണ്ടി വരുമായിരുന്നു.

അവിടെയെല്ലാം ദൈവം നമ്മോട് കരുണകാണിച്ചില്ലേ? അപ്പോഴൊക്കെ ഈശോ നമ്മോട് പറഞ്ഞില്ലേ മകനേ മകളേ ഞാനും നിന്നെ വിധിക്കുന്നില്ല, പൊയ്ക്കൊള്ളുക, ഇനിമേൽ പാപം ചെയ്യരുത് എന്ന്. അതിനാൽ ഓരോ കുറ്റവാളികളും പിടിക്കപ്പെടുന്നത് വർത്തയാകുമ്പോൾ നാം തിരിച്ചറിയണം അവർ പിടിക്കപ്പെട്ട കുറ്റവാളികൾ; നമ്മളോ പിടിക്കപ്പെടാത്ത കുറ്റവാളികൾ.

More Archives >>

Page 1 of 30