India - 2024

കപട പരിസ്ഥിതി വാദം വെടിഞ്ഞ് മനുഷ്യൻ്റെ പക്ഷം ചേരുന്ന ഭരണകൂടമുണ്ടാകണമെന്ന് ഇടുക്കി രൂപത

പ്രവാചകശബ്ദം 08-03-2024 - Friday

കരിമ്പൻ: നിഷ്ക്രിയമായ ഭരണകൂടമാണ് നാട്ടിലുള്ളതെന്നും വന്യമൃഗശല്യത്തെക്കാൾ ഭീതിദമായ അവസ്ഥയാണെന്നും ഇടുക്കി രൂപത. കേരളം ഉണരു ന്നതും ഉറങ്ങുന്നതും വന്യമൃഗങ്ങൾ നിഷ്ഠൂരമായി ആളുകളെ കൊല ചെയ്യുന്ന വാർത്ത കേട്ടുകൊണ്ടാണ്. കാടുവിട്ട് നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തി കാട്ടിൽ കയറ്റുന്നതിനു പകരം ഭയം കൊണ്ടു തെരുവിലിറങ്ങി നിലവിളിക്കുന്ന സാധാരണക്കാരന്റെ സമരങ്ങളെ അടിച്ചമർത്തുകയും തല്ലിച്ചതയ്ക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന ഗതികെട്ട നാടായി കേരളം മാറിയിരിക്കുകയാണ്. കപട പരിസ്ഥിതി വാദം വെടിഞ്ഞ് മനുഷ്യൻ്റെ പക്ഷം ചേർന്ന് നാട് ഭരിക്കുന്ന ഭരണകൂടം ഉണ്ടാകണമെന്ന് രൂപത പ്രസ്താവിച്ചു.

തങ്ങളുടെ കൃഷിയിടത്തിൽ ജോലി ചെയ്‌തുകൊണ്ടിരുന്നവരാണ് വന്യമൃഗങ്ങളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. നാട്ടിൽ ബഹുഭൂരിപക്ഷം ആളുകളും ഇന്ന് ഭയത്തിലാണ് കഴിയുന്നത്. മരണപ്പെടുന്ന ആളുകൾക്ക് 10 ലക്ഷം രൂപ നൽകി കൈകഴുകുന്ന രീതിയാണ് ഇപ്പോൾ ഭരണകൂടം കാണിക്കുന്നത്. പരിക്കുപറ്റിയവർക്കു സഹായം ചെയ്യുന്നതിൽ വലിയ വിമുഖതയും കാണി ക്കുന്നുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കേ രളത്തിൽ പൊലിഞ്ഞത് 12 ജീവനുകളാണ്. വന്യമൃഗങ്ങൾ ആളുകളെ കൊലപ്പെടുത്താൻ വനപാലകർ ഒത്താശചെയ്യുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

1972ലെ നിയമത്തിൻ്റെ കുരുക്ക് പറഞ്ഞ് ഭരണാധികാരികൾ തലയൂരാൻ ശ്രമിക്കുകയാണ്. ഇനിയും അത്തരത്തിലുള്ള കപട ന്യായീകരണം വിലപ്പോകില്ല. ആ നിയമമാണ് പ്രശ്‌നമെങ്കിൽ അതിനു പരിഹാരം കണ്ടെത്തേണ്ടതു ജനപ്ര തിനിധികളുടെയും ഭരണകൂടത്തിന്റെയും ചുമതലയാണ്. വനത്തിലുള്ള മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ജലവും ലഭ്യമാകുന്നില്ല എന്നതാണ് കാരണമെങ്കിൽ അതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാകണം. അക്രമകാരികളായ മൃഗങ്ങളെ കൊല ചെയ്യുന്നതിനുള്ള നിയമസംവിധാനം രൂപപ്പെടുത്തണം.

പ്രകോപനമില്ലാതെ ജീവിക്കുന്ന ജനം വന്യമൃഗങ്ങളുടെ ആക്രമത്തിൽ കൊലചെയ്യപ്പെടുമ്പോൾ ആളുകൾ പ്രതിഷേധിക്കുക സ്വാഭാവികമാണ്. അത്തരത്തിലുള്ള സമരങ്ങളെ അടിച്ചമർത്താൻ പരിശ്രമിക്കുന്നത് നാട്ടിൽ കലാപാന്തരീക്ഷം സൃഷ്ടിക്കും. ഇടുക്കിയിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പൊലിഞ്ഞത് 5 ജീവനുകളാ ണ്. അഞ്ചു കുടുംബങ്ങളുടെ അത്താണികളാണ് നഷ്ടപ്പെട്ടു പോയത്. ആ കു ടുംബങ്ങളുടെ ദുഃഖം സമാനതകൾ ഇല്ലാത്തതാണ്. ഇനിയും ഒരാളുടെ പോലും ജീവൻ നാട്ടിൽ നഷ്ടപ്പെടാൻ ഇടയാവരുത്. അതിന് ഭരണകൂടം ക്രിയാത്മകമായി പ്രവർത്തിക്കണം. അതിനു സാധിക്കാതെ വന്നാൽ സാധാരണക്കാരായ ആളുകളുടെ പക്ഷം ചേർന്ന് ഇടുക്കിയിലെ ഒരു പൊതു സംവിധാനം എന്ന നിലയിൽ രൂപത സമരമുഖത്ത് സജീവമാകുമെന്നും രൂപത വക്താവ് ഫാ. ജിൻസ് കാരയ്ക്കാട്ട് അറിയിച്ചു.


Related Articles »