News - 2024

എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക സമ്മേളനം ഈ മാസം നടക്കും

സ്വന്തം ലേഖകന്‍ 20-08-2016 - Saturday

വത്തിക്കാന്‍: എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക സംഗമം ഈ മാസം അവസാനം ചേരും. യൂറോപ്പിന്റെ ആത്മീയ പ്രതിസന്ധിയെ പറ്റിയായിരിക്കും ഈ വര്‍ഷം വിദ്യാര്‍ത്ഥികളുടെ സംഗമം ചര്‍ച്ച ചെയ്യുക. 1978-ല്‍ ആണ് 'ദ റാറ്റ്‌സിംഗര്‍ ഷുവലര്‍ക്രീഷ്' എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയത്. ബനഡിക്ടറ്റ് പതിനാറാമന്‍ ഒരു ബിഷപ്പായി സ്ഥാനമേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ ഇത്തരം ഒരു കൂട്ടായ്മ ആരംഭിച്ചത്. ദൈവശാസ്ത്രപരമായും സഭാപരമായുമുള്ള വിഷയങ്ങളാണ് കൂട്ടായ്മ ചര്‍ച്ച ചെയ്യുന്നത്.

ഈ മാസം 26 മുതല്‍ 28 വരെയായിരിക്കും വാര്‍ഷിക സമ്മേളനം നടക്കുക എന്ന് 1971 മുതല്‍ 1977 വരെ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ അക്കാഡമിക് അസിസ്റ്റന്‍ഡായി റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ സേവനം ചെയ്ത ഫാദര്‍ ഹോണ്‍ അറിയിച്ചു. അഭിഭാഷകനായ ജോസഫ് എച്ച്.എച്ച്. വീലറും, സജീവ സേവനത്തില്‍ നിന്നും വിരമിച്ച ബിഷപ്പ് ഇഗോണ്‍ കപ്പാലാരിയായുമാണ് ഈ വര്‍ഷം വിദ്യാര്‍ത്ഥി സംഗമത്തിലെ മുഖ്യ പ്രാസംഗികര്‍.

ദൈവശാസ്ത്ര കുടുംബം എന്നതാണ് 'ഷുവലര്‍ക്രീഷ്' എന്ന പദത്തിന്റെ അര്‍ത്ഥം. 1977-ല്‍ മ്യൂണിച്ച് ബിഷപ്പായി ജോസഫ് റാറ്റ്‌സിംഗര്‍ എന്ന തങ്ങളുടെ അധ്യാപകന്‍ ഉയര്‍ത്തപ്പെട്ടപ്പോഴാണ് അന്നത്തെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 'ദ റാറ്റ്‌സിംഗര്‍ ഷുവലര്‍ക്രീഷ്' എന്ന കൂട്ടായ്മയ്ക്ക് രുപം നല്‍കിയത്. 1981-ല്‍ റോമിലെ സേവനങ്ങള്‍ക്കായി പോയപ്പോഴും ആര്‍ച്ച് ബിഷപ്പ് ജോസഫ് റാറ്റ്‌സിംഗര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തിനായി എത്തുകയും ശിഷ്യരോട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.

മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും വിദ്യാര്‍ത്ഥി സംഗമത്തില്‍ എത്തുവാന്‍ ബനഡിക്ട്റ്റ് പതിനാറാമന്‍ മാര്‍പാപ്പ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 2008-ല്‍ പുതിയ ഒരു സംഘം ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി ഈ കൂട്ടായ്മ വിപുലീകരിച്ചിരുന്നു. എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, പ്രബോധനങ്ങളെ കുറിച്ചും ആഴത്തില്‍ ഗവേഷണം നടത്തുന്നവരാണ് പുതിയതായി എത്തിയ വിദ്യാര്‍ത്ഥികള്‍.

2013-ല്‍ സ്ഥാനത്യാഗം ചെയ്ത ശേഷം കൂട്ടായ്മകളിലെ ചര്‍ച്ചയ്ക്ക് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ എത്തിയിരുന്നില്ല. കൂട്ടായ്മയുടെ അവസാന ദിവസം നടക്കുന്ന വിശുദ്ധ ബലിയ്ക്ക് മാത്രം നേതൃത്വം നല്‍കുകയാണ് ബനഡിക്ട്റ്റ് പതിനാറാമന്‍ ചെയ്തിരുന്നത്. എന്നാല്‍, ഇത്തവണത്തെ സമാപന ദിവസം വിശുദ്ധ ബലിക്ക് നേതൃത്വം നല്‍കുക അദ്ധേഹമായിരിക്കില്ല. പകരം 26-ാം തീയതി വൈകുന്നേരം നടക്കുന്ന യോഗത്തില്‍ അദ്ദേഹം നേരിട്ട് വന്ന് സംബന്ധിക്കും.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »