News

മരണം പുൽകുന്നതിന് മുന്‍പ് അനേകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ യുവ വൈദികന്റെ ജീവിതക്കഥ തീയേറ്ററുകളിൽ

പ്രവാചകശബ്ദം 08-04-2024 - Monday

ടെക്സാസ്: അര്‍ബുദത്തെ തുടര്‍ന്നു നിത്യതയിലേക്ക് യാത്രയാകുന്നതിന് മുന്‍പ് നിരവധി ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ കത്തോലിക്ക വൈദികനായ ഫാ. റയാൻ സ്റ്റവായിസിൻറെ ജീവിതകഥ പറയുന്ന 'ലവ് ഗോഡ്സ് വിൽ' എന്ന ചിത്രം തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തി. ഫാ. റയാൻ അംഗമായിരുന്ന ഗാൽവിസ്റ്റൺ - ഹൂസ്റ്റൺ അതിരൂപതയുടെ സഹകരണത്തോടെ പലോമിറ്റ എന്ന പേരിലുള്ള ഹൂസ്റ്റൺ ആസ്ഥാനമായ പ്രൊഡക്ഷൻ കമ്പനിയാണ് ഡോക്യുമെന്ററി രൂപത്തില്‍ ചിത്രം നിർമ്മിച്ചിരിക്കുന്നത്. റയാന്റെ മാതാപിതാക്കളായ റെയും, സൂസനും, സഹോദരനായ റോസും, സഹോദരന്റെ ഭാര്യയായ ഗാബിയും, കുട്ടിക്കാലത്തെ സുഹൃത്തുക്കളും, ഇടവകാംഗങ്ങളും, അതിരൂപതയിലെ മറ്റ് വൈദികരും ഉൾപ്പെടെ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പ്രശസ്തമായ ടെക്സാസ് എ ആൻഡ് എം സർവ്വകലാശാലയിൽ നിന്നും പെട്രോളിയം എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷം മികച്ച ഒരു ജോലിയിലേക്ക് പ്രവേശിക്കാം എന്നുള്ള പദ്ധതി ഉണ്ടായിരുന്ന സമയത്താണ് ദൈവം തന്നെ പൗരോഹിത്യത്തിലേക്ക് വിളിക്കുന്നുണ്ട് എന്ന് റയാൻ തിരിച്ചറിയുന്നത്. കോളേജ് കാലത്തും ഇതിനുമുമ്പ് കാൻസർ പിടിപെട്ടിരുന്നെങ്കിലും അതിനെ അതിജീവിച്ച് റയാൻ പുറത്തുവന്നിരുന്നു. ഇതിനിടെ വൈദിക പഠനം പൂര്‍ത്തിയാക്കി. പൗരോഹിത്യം സ്വീകരിക്കുന്നതിന് ഏതാനും നാളുകൾക്ക് മുമ്പാണ് തനിക്ക് കാൻസറാണെന്ന് റയാന്‍ വീണ്ടും മനസിലാക്കുന്നത്. അര്‍ബുദമാണെന്ന് അറിഞ്ഞിട്ടും വിട്ടുകൊടുക്കാന്‍ ഈ യുവാവ് തയാറായില്ല.

പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം രോഗബാധിതനായിരിക്കെ തന്നെ 2019 ജൂൺ മാസം ഹൂസ്റ്റണിലെ പ്രിൻസ് ഓഫ് പീസ് കത്തോലിക്കാ ദേവാലയത്തിൽ അദ്ദേഹം സേവനം ആരംഭിച്ചു. തന്റെ സേവനകാലയളവ് അനേകരുടെ ജീവിതങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അനേകരുടെ ഹൃദയങ്ങളിലായിരിന്നു ഈ യുവവൈദികന്റെ സ്ഥാനം. ഇതിന് രണ്ടു വർഷങ്ങൾക്കുശേഷം 2021 ജൂൺ 21നു ദൈവസന്നിധിയിലേക്ക് വൈദികന്‍ യാത്രയായെങ്കിലും ഇടവകാംഗങ്ങളുടെ ഇടയിൽ വലിയൊരു സ്വാധീനമാണ് റയാൻ ഉണ്ടാക്കിയത്.

സഹോദരൻ മരണപ്പെട്ടതിനുശേഷമാണ് റയാന്റെ ഓരോ ദിവസവും എങ്ങനെ ആയിരുന്നുവെന്ന് മനസ്സിലാക്കുന്നതെന്നും അത് ഹൃദയസ്പർശിയായ അനുഭവമായിരിന്നുവെന്നും റോസ് പറഞ്ഞു. തങ്ങൾ സ്വാഗതം ചെയ്യപ്പെടുന്നുവെന്ന് ഓരോ വ്യക്തിക്കും തോന്നലുണ്ടാകാൻ വേണ്ടി വലിയ ശ്രമം സഹോദരൻ നടത്തിയിരുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്ന് റോസ് കൂട്ടിച്ചേർത്തു. ഏതെങ്കിലും സഹനത്തിലൂടെ കടന്നു പോകുന്നവർക്ക് തങ്ങളുടെ സഹനം ദൈവത്തിന് സമർപ്പിക്കുന്നതുമായി ബന്ധപ്പെടുത്താൻ ചിത്രത്തിലെ റയാന്റെ ജീവിതം സഹായകരമാകുമെന്ന് ഗാബി പറഞ്ഞു.

വൈദികന്റെ ജീവിതം കേന്ദ്രമാക്കിയുള്ള ചിത്രം തീയേറ്ററുകളിൽ എത്തിയതിനുശേഷം ടെക്സാസിന് പുറത്തുനിന്നുള്ള സംസ്ഥാനങ്ങളിലും ചിത്രത്തിൻറെ പ്രദർശനം വേണമെന്ന് ആവശ്യം ഉന്നയിച്ച് ആളുകൾ മുന്നോട്ട് വന്നതിനെത്തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും പ്രദർശനം നടത്താനുള്ള ശ്രമത്തിലാണ് പിന്നണി പ്രവർത്തകർ. ചിത്രം പ്രദർശനത്തിന് എത്തിയതിനുശേഷം നിരവധി ആളുകൾ തങ്ങളുടെ അനുഭവം പറയാൻ സമീപിക്കുന്നുണ്ടെന്നും, അവരുമായി സംസാരിക്കുമ്പോൾ ഓരോ വ്യക്തിക്കും ഫാ. റയാനുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവക്കഥകൾ പറയാനുണ്ടെന്ന് ബോധ്യമാവുകയാണെന്നും ഗാബി പറഞ്ഞു.


Related Articles »