News - 2024

ചരിത്രം കുറിച്ച് വിയറ്റ്‌നാമില്‍ വത്തിക്കാൻ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം

പ്രവാചകശബ്ദം 12-04-2024 - Friday

ഹോ ചി മിൻ സിറ്റി: വിയറ്റ്‌നാം യുദ്ധാനന്തരം വത്തിക്കാന്റെ പ്രതിനിധിയായി ഒരു സഭാ ഉദ്യോഗസ്ഥൻ രാജ്യത്തേക്ക് നടത്തിയ ആദ്യത്തെ ഉന്നതതല നയതന്ത്ര സന്ദർശനം എന്ന ചരിത്രപരമായ വിശേഷണത്തോടെ വത്തിക്കാൻ വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ വിയറ്റ്‌നാമില്‍ സന്ദര്‍ശനം നടത്തി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഹനോയിയിൽ വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിന്നുമായി കൂടിക്കാഴ്ച നടത്തിയത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയറ്റ്നാം സന്ദർശനം ഉൾപ്പെടെയുള്ള ഉന്നതതല വിഷയങ്ങളുമായി മുന്നോട്ട് പോകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ഏകദേശ ധാരണയിലെത്തിയതായി വിയറ്റ്നാമീസ് സർക്കാർ നടത്തുന്ന വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാം സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പയായി ഫ്രാൻസിസ് മാർപാപ്പ മാറും.

വിയറ്റ്നാമിലേക്കുള്ള തൻ്റെ ആറ് ദിവസത്തെ അപ്പസ്തോലിക യാത്രയിൽ ആര്‍ച്ച് ബിഷപ്പ് ഗല്ലാഘര്‍ ഹനോയ്, ഹോ ചി മിൻ സിറ്റി, ഹ്യൂ എന്നീ രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സന്ദർശിക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച് അദ്ദേഹം മൂന്ന് നഗരങ്ങളിലെയും കത്തീഡ്രലുകളിൽ പൊതു കുർബാന അർപ്പിക്കും. ഏപ്രിൽ 9-ന് വിയറ്റ്നാം വിദേശകാര്യ സഹമന്ത്രി ബുയി തൻ സോണുമായി ഗല്ലാഘര്‍ കൂടിക്കാഴ്ച നടത്തി. ഹ്യൂയിലെ സെമിനാരിക്കാരുമായും ഹോ ചി മിൻ സിറ്റിയിൽ നടക്കുന്ന വിയറ്റ്നാം ബിഷപ്പ് കോൺഫറൻസിലെ അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഏപ്രിൽ 14 വരെ സന്ദര്‍ശനം തുടരും.

മാർപാപ്പ സന്ദർശിക്കാത്ത ഏറ്റവും വലിയ കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. ഏകദേശം എഴുപതു ലക്ഷം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ദൈവവിളിയുടെ കാര്യത്തില്‍ വിയറ്റ്നാമിലെ കത്തോലിക്കാ സഭ ഏറെ മുന്നിലാണെന്നതും ശ്രദ്ധേയമാണ്. സമീപ വർഷങ്ങളിൽ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 8000 വൈദികരും 41 ബിഷപ്പുമാരുമുണ്ട്. 2020-ൽ വിയറ്റ്‌നാമിലുടനീളം 2,800-ലധികം സെമിനാരികൾ വൈദിക പഠനം നടത്തുന്നുണ്ട്. 700,000 അധിക വിയറ്റ്നാമീസ് കത്തോലിക്കർ ഇന്ന് അമേരിക്കയിലേക്ക് ചേക്കേറിയിട്ടുണ്ട്. അവരിൽ പലരും അഭയാർത്ഥികളോ വിയറ്റ്നാം യുദ്ധസമയത്ത് പലായനം ചെയ്ത അഭയാർത്ഥികളുടെ പിൻഗാമികളോ ആണ്.

1975-ൽ ഭരണം കമ്മ്യൂണിസ്റ്റ് നേതൃത്വം ഏറ്റെടുത്തതിന് ശേഷം വിയറ്റ്നാം വത്തിക്കാനുമായുള്ള ബന്ധം വിച്ഛേദിച്ചിരിന്നു. ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 2023 ഡിസംബറിൽ വത്തിക്കാൻ നയതന്ത്ര വിദഗ്ധനും പോളണ്ട് സ്വദേശിയുമായ ആർച്ച് ബിഷപ്പ് മാരെക് സാലെവ്സ്കിയെ വിയറ്റ്നാമിലെ റസിഡൻ്റ് പേപ്പൽ പ്രതിനിധിയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിന്നു. ആർച്ച് ബിഷപ്പ് മാരെകിന്‍റെ നിയമനം എന്നെങ്കിലും സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള സാധ്യതയിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്പായാണ് നിരീക്ഷിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തോടെ നിയമനത്തോടെ, രാജ്യത്ത് താമസിക്കുന്ന ഒരു റസിഡൻ്റ് പേപ്പൽ പ്രതിനിധി ഉള്ള ഏക ഏഷ്യൻ കമ്മ്യൂണിസ്റ്റ് രാജ്യം കൂടിയാണ് വിയറ്റ്നാം.


Related Articles »