News - 2024

പ്രഥമ ആഗോള ശിശുദിനാഘോഷം റോമിൽ മെയ് 25, 26 തീയതികളിൽ

പ്രവാചകശബ്ദം 16-04-2024 - Tuesday

വത്തിക്കാന്‍ സിറ്റി: യുവജനങ്ങൾക്കായുള്ള ആഗോള ദിനത്തിന് സമാനമായി ശിശുക്കൾക്കുവേണ്ടിയും ആഗോള ദിനാചരണം പ്രഖ്യാപിച്ച് വത്തിക്കാന്‍. പ്രഥമ ആഘോഷം മെയ് മാസം 25, 26 തീയതികളിൽ റോമിൽ നടക്കും. "ഞാൻ എല്ലാം നവമാക്കുന്നു" എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. റോമിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിലും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുമായിട്ടാണ് ആഗോള ശിശുദിനാഘോഷം നടക്കുക. തിരുസഭ സംഘടിപ്പിക്കുന്ന ഈ ദിനാഘോഷങ്ങളിലേക്ക് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ സ്വാഗതം ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പ ഇക്കഴിഞ്ഞ ഞായറാഴ്ച്ച (ഏപ്രിൽ പതിനാലാം തീയതി ) നടന്ന മധ്യാഹ്നപ്രാർത്ഥനാവേളയിൽ സംസാരിച്ചിരിന്നു.

'നിങ്ങൾക്കു വേണ്ടി ഞാൻ കാത്തിരിക്കുന്നു' എന്നും ആഘോഷങ്ങളിലേക്ക് പ്രാർത്ഥനയോടെ തീർത്ഥാടനം നടത്തുവാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന വിവിധ സ്ഥലങ്ങളിലെ കുഞ്ഞുങ്ങളെ പാപ്പ പ്രാർത്ഥനയോടെ സ്മരിച്ചു. അതേസമയം പതിനായിരക്കണക്കിന് കുട്ടികളാണ് ഇതിനോടകം സമ്മേളനത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏകദേശം എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ ഈ ദ്വിദിന പരിപാടിയിൽ പങ്കാളികളാകുമെന്നാണ് വത്തിക്കാന്‍ ന്യൂസിന്റെ റിപ്പോര്‍ട്ട്.


Related Articles »