News

ക്രിസ്തുവിന്റെ സന്നിധിയിൽ ആയിരിക്കാനും അവിടുത്തെ മുന്‍പില്‍ വിട്ടുകൊടുക്കാനും നമ്മുക്ക് കഴിയുന്നുണ്ടോ?; ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 22-04-2024 - Monday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ സന്നിധിയിൽ ആയിരിക്കാനും അവിടുത്തെ മുന്‍പില്‍ വിട്ടുകൊടുക്കാനും നമ്മുക്ക് കഴിയുന്നുണ്ടോയെന്ന് വിചിന്തനം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച നടത്തിയ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാറ്റിനുമുപരിയായി അവൻ നമ്മെ ഓരോരുത്തരെയും കുറിച്ച് ചിന്തിക്കുകയും നമ്മെ സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്നും ക്രിസ്തുവിന് ഞാൻ പ്രധാനപ്പെട്ടവനാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

നല്ല ഇടയൻറെ പ്രതീകത്തിലൂടെ കർത്താവ് നമ്മോട് പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്: അവൻ വഴികാട്ടിയും ആട്ടിൻകൂട്ടത്തിൻറെ തലവനും ആണെന്ന് മാത്രമല്ല, എല്ലാറ്റിനുമുപരിയായി അവൻ നമ്മെ ഓരോരുത്തരെയും കുറിച്ച് ചിന്തിക്കുകയും നമ്മെ സ്നേഹിക്കുകയും ചെയ്യുന്നു. നമുക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാം: ക്രിസ്തുവിന് ഞാൻ പ്രധാനപ്പെട്ടവനാണ്, അവിടുന്നു എന്നെക്കുറിച്ച് ചിന്തിക്കുന്നു, ഞാൻ പകരം വയ്ക്കാനാവാത്തവനാണ്, അവിടുത്തെ ജീവൻറെ അനന്തമായ വിലയുടെ മതിപ്പുള്ളവനാണ് ഞാൻ. ഇത് വെറുതെ പറയുന്നതല്ല: അവിടന്ന്, സത്യമായും, എനിക്കുവേണ്ടി സ്വന്തം ജീവൻ നൽകി.

എനിക്കുവേണ്ടി മരിക്കുകയും ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു. എന്തുകൊണ്ട്? കാരണം അവിടന്ന് എന്നെ സ്നേഹിക്കുന്നു, ഞാൻ പലപ്പോഴും കാണാത്ത ഒരു സൗന്ദര്യം അവിടന്ന് എന്നിൽ ദർശിക്കുന്നു. സഹോദരീസഹോദരന്മാരേ, ഇന്ന് എത്രയോ പേർ അപര്യാപ്തരോ തെറ്റുപറ്റിയയവരോ ആയി സ്വയം കരുതുന്നു! നമുക്ക് നേടിയെടുക്കാൻ കഴിയുന്ന ലക്ഷ്യങ്ങളെയും ലോകത്തിൻറെ ദൃഷ്ടിയിലുള്ള നമ്മുടെ വിജയത്തെയും മറ്റുള്ളവരുടെ വിധിന്യായങ്ങളെയും ആശ്രയിച്ചിരിക്കുന്നു നമ്മുടെ മൂല്യമെന്ന് എത്രയോ തവണ ചിന്തിക്കുന്നു! നിസ്സാര കാര്യങ്ങളുടെ പിന്നാലെ നാം എത്രയോ തവണ പോയിരിക്കുന്നു!

ഇന്ന് യേശു നമ്മോട് പറയുന്നു, നാം എപ്പോഴും അവനു വളരെ വിലപ്പെട്ടവരാണെന്ന്. ആകയാൽ, നമ്മെത്തന്നെ വീണ്ടും കണ്ടെത്തുന്നതിന്, ആദ്യം ചെയ്യേണ്ടത് നമ്മെത്തന്നെ അവൻറെ സാന്നിധ്യത്തിലാക്കുകയെന്നതാണ്. നമ്മുടെ നല്ല ഇടയന്‍റെ സ്നേഹനിർഭരമായ കരങ്ങളാൽ സ്വാഗതചെയ്യപ്പെടാനും ഉയർത്തപ്പെടാനും നമ്മെ വിട്ടുകൊടുക്കുകയാണ്. സഹോദരീ സഹോദരന്മാരേ, ആകയാൽ നമുക്ക് സ്വയം ചോദിക്കാം: എന്‍റെ ജീവിതത്തിന് മൂല്യം നൽകുന്ന സുനിശ്ചിതത്വത്തെ ആശ്ലേഷിക്കാൻ അനുദിനം ഒരു നിമിഷം കണ്ടെത്താൻ എനിക്കറിയാമോ? ക്രിസ്തുവിൻറെ സന്നിധിയിൽ ആയിരിക്കാനും അവിടന്നിനാൽ തഴുകപ്പെടുന്നതിന് എന്നെത്തന്നെ വിട്ടുകൊടുക്കാനും അനുവദിക്കുന്ന പ്രാർത്ഥനയുടെയും ആരാധനയുടെയും സ്തുതിയുടെയും ഒരു നിമിഷം കണ്ടെത്താൻ എനിക്കറിയാമോ?

സഹോദരാ, സഹോദരീ, നീ അത് ചെയ്താൽ, നിൻറെ ജീവിത രഹസ്യം നീ വീണ്ടും കണ്ടെത്തുമെന്ന് നല്ല ഇടയൻ നമ്മോട് പറയുന്നു: അവിടുന്ന് നിനക്കായി, എനിക്കായി, നമുക്കെല്ലാവർക്കും വേണ്ടി സ്വജീവൻ നൽകിയതായി നീ ഓർക്കും. കൂടാതെ, നമ്മൾ, നാമോരോരുത്തരും, നാമെല്ലാവരും അവനു പ്രധാനപ്പെട്ടവരാണ്. ജീവിതത്തിന് അത്യന്താപേക്ഷിതമായത് യേശുവിൽ കണ്ടെത്താൻ നമ്മുടെ പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ. ഈ വാക്കുകളെ തുടർന്ന് പാപ്പാ, ഉയിർപ്പുദിനം മുതൽ പെന്തക്കൂസ്താതിരുന്നാൾ വരെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ചൊല്ലപ്പെടുന്ന “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം ചൊല്ലി ആശീർവ്വാദം നല്‍കി.


Related Articles »