News

'പരിശുദ്ധാത്മാവിന്റെ അപ്പസ്തോല' വാഴ്ത്തപ്പെട്ട എലേന ഗുവേര വിശുദ്ധ പദവിയിലേക്ക്

പ്രവാചകശബ്ദം 22-04-2024 - Monday

റോം: 'പരിശുദ്ധാത്മാവിന്റെ അപ്പസ്തോല' എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട സിസ്റ്റര്‍ എലേന ഗുവേരയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചതോടുകൂടി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യത തെളിഞ്ഞു. ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ സുഹൃത്തും, വിശുദ്ധ ജമ്മ ഗൽഗാനിയുടെ അധ്യാപികയുമായിരിന്ന എലേന ഗുവേര, പരിശുദ്ധാത്മാവിനോടുള്ള ഭക്തിയുടെ പേരിലും ആത്മീയ എഴുത്തുകളുടെ പേരിലും ഏറെ പ്രശസ്തിയാര്‍ജ്ജിച്ചിരിന്നു. ഒബ്ളേറ്റസ് ഓഫ് ദ ഹോളി സ്പിരിറ്റ് എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപക കൂടിയാണ് സിസ്റ്റർ എലേന ഗൽഗാനി.

1835-ല്‍ ഇറ്റലിയിലെ ഒരു ഉന്നത കുടുംബത്തിലാണ് അവരുടെ ജനനം. കൗമാരപ്രായത്തിനുശേഷം ഏറെനാൾ ഒരു മാരകരോഗം പിടിപെട്ട് എലേന രോഗക്കിടക്കയിലായിരുന്നു. ഈ നാളുകൾ വചനം പഠിക്കാനും സഭാപിതാക്കന്മാരുടെ എഴുത്തുകൾ വായിക്കാനുമുളള ഒരു അവസരമാക്കി അവർ മാറ്റി. രോഗസൗഖ്യം ലഭിച്ചതിനുശേഷം പിതാവിനോടൊപ്പം റോമിലേയ്ക്ക് നടത്തിയ ഒരു തീർത്ഥാടനത്തിലാണ് തനിക്ക് സന്യാസ ജീവിതത്തിലേക്ക് വിളിയുണ്ടെന്ന് എലേന മനസ്സിലാക്കുന്നത്. 1870 ജൂൺ 23 തീയതി ഒമ്പതാം പിയൂസ് മാർപാപ്പയെ എലേന കണ്ടു.

പാപ്പയെ നേരിൽ കണ്ടത് എലേനയെ ആഴത്തിൽ സ്പർശിക്കുകയും തിരിച്ച് നാട്ടിൽ എത്തിയതിനു ശേഷം മാർപാപ്പയ്ക്ക് വേണ്ടി അവള്‍ തന്റെ ആത്മീയ ജീവിതത്തെ പ്രാര്‍ത്ഥനയാക്കി മാറ്റുകയും ചെയ്തു. പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്ന് കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് 1895നും 1903നുമിടയിൽ നിരവധി കത്തുകളാണ് എലേന, അന്നത്തെ മാര്‍പാപ്പയായിരിന്ന ലിയോ മാർപാപ്പയ്ക്ക് അയച്ചത്. എലേന ഗുവേരയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഇക്കാലയളവിൽ പരിശുദ്ധാത്മാവിനെ സംബന്ധിക്കുന്ന മൂന്ന് രേഖകൾ പാപ്പ പ്രസിദ്ധീകരിച്ചു.

ഇതിൽ ഒരെണ്ണം 1895ലെ പെന്തക്കുസ്ത തിരുനാളിന് മുന്നോടിയായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്താണ്. വിദ്യാഭ്യാസത്തിനുവേണ്ടി സ്ഥാപിച്ച ഒരു സമൂഹമാണ് പിന്നീട് ഒബ്ളേറ്റസ് ഓഫ് ദ ഹോളി സ്പിരിറ്റ് എന്ന സന്യാസിനി സഭയായി മാറിയത്. 1914 ഏപ്രിൽ പതിനൊന്നാം തീയതിയാണ് എലേന നിത്യ സമ്മാനത്തിന് വേണ്ടി വിളിക്കപ്പെടുന്നത്. 1959-ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ സിസ്റ്റര്‍ എലേന ഗുവേരയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച വേളയിലാണ് "പരിശുദ്ധാത്മാവിൻ്റെ ആധുനികകാല അപ്പോസ്തല" എന്ന വിശേഷണം നല്കിയത്.

നാമകരണത്തിന് കാരണമായ അത്ഭുതം: ‍

ബ്രസീലിലെ ഉബർലാൻഡിയയിൽ പൗലോ എന്ന വ്യക്തിയ്ക്കു സംഭവിച്ച അത്ഭുതമാണ് നാമകരണ പ്രക്രിയ വേഗത്തിലാക്കിയത്. 2010-ല്‍ മരത്തിൽ നിന്ന് വീണ് തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെത്തുടർന്ന് കോമയിലായിരിന്നു. ക്രാനിയോടോമി, ഡീകംപ്രഷൻ ശസ്ത്രക്രിയ എന്നിവയ്ക്ക് വിധേയനായ ശേഷം, ഇദ്ദേഹത്തിന്റെ സ്ഥിതി കൂടുതൽ വഷളായിയിരിന്നു. മരത്തില്‍ നിന്നുള്ള വീഴ്ചയ്ക്ക് 10 ദിവസത്തിന് ശേഷം മസ്തിഷ്ക മരണം ഏകദേശം ഉറപ്പിച്ചിരിന്നതാണ്. അദ്ദേഹം കോമ സ്റ്റേജിലായിരിക്കുമ്പോൾ, കരിസ്മാറ്റിക് പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ അംഗങ്ങൾ പൗലോയുടെ സൌഖ്യത്തിനായി പ്രാർത്ഥന സംഘടിപ്പിച്ചു.

പ്രത്യേകിച്ചു വാഴ്ത്തപ്പെട്ട എലേനയുടെ മധ്യസ്ഥതയാലാണ് പൗലോയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചത്. വാഴ്ത്തപ്പെട്ട എലേനയുടെ മധ്യസ്ഥത്താല്‍ പ്രാർത്ഥിക്കാൻ തുടങ്ങിയതിന് ശേഷം പത്താം ദിവസം, ഡോക്ടർമാർ അദ്ദേഹത്തിൻ്റെ അവസ്ഥയിൽ അപ്രതീക്ഷിതമായ പുരോഗതി കണ്ടെത്തുകയായിരിന്നു. ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന് വലിയ മാറ്റങ്ങളോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഏപ്രിൽ 13-ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെയാണ് മെഡിക്കല്‍ രേഖകളുടെയും വിശദമായ പഠനത്തിന്റെയും വെളിച്ചത്തില്‍ അത്ഭുതം ഔദ്യോഗികമായി അംഗീകരിച്ചത്.


Related Articles »