News - 2024

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

പ്രവാചകശബ്ദം 25-04-2024 - Thursday

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ അക്രമ സംഭവം നടന്നിരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അൽ ഫവാക്കർ ഗ്രാമത്തിൽ ഒരു ദേവാലയം നിർമ്മിക്കാൻ ക്രൈസ്തവർ ശ്രമം നടത്തിയിരുന്നു. ഇതേതുടർന്ന് ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്നും തുരത്താൻ തീവ്രവാദികൾ പരിശ്രമിച്ചെങ്കിലും അത് വിലപ്പോവാതെ വന്നതോടുകൂടിയാണ് അവരുടെ ഭവനങ്ങൾ നശിപ്പിക്കാൻ തീവ്രവാദികൾ തുനിഞ്ഞത്.



സാഹചര്യം ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും, ഇതിന് പിന്നിലുള്ളവരെ ദേശീയ സുരക്ഷാസേന കസ്റ്റഡിയിലെടുത്തെന്നും കോപ്റ്റിക് ഓർത്തഡോക്സ് മെത്രാൻ അൻബാ മക്കാരിയൂസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. അക്രമത്തിന്റെ ഇരകളായവർക്ക് നഷ്ടപരിഹാരം സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ, ഈജിപ്തിനെ, എല്ലാ ഉപദ്രവങ്ങളിൽ നിന്നും ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഈജിപ്തിലെ പത്തു ശതമാനത്തോളം ആളുകളാണ് ക്രൈസ്തവ വിശ്വാസം പിന്തുടരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും കോപ്റ്റിക്ക് സഭയിലെ അംഗങ്ങളാണ്. മിന്യ പ്രവിശ്യയിലെ കോപ്റ്റിക്ക് വിശ്വാസികൾക്ക് നേതൃത്വം നൽകുന്ന ബിഷപ്പ് മക്കാരിയൂസ് ഏകദേശം പത്ത് വർഷങ്ങൾക്ക് മുന്‍പ് ഒരു കൊലപാതകശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിന്നു. ഓപ്പൺ ഡോർസ് സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ക്രൈസ്തവർക്ക് ഏറ്റവും ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്ത് മുപ്പത്തിയെട്ടാം സ്ഥാനത്താണുള്ളത്.


Related Articles »