News - 2024

മറിയം സ്വർഗ്ഗത്തെ അനുസരിച്ചവൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 9

സിസ്റ്റർ റെറ്റി FCC 09-05-2024 - Thursday

സ്വർഗ്ഗത്തെ അനുസരിച്ച അമ്മ മറിയമാണ് ഇന്നത്തെ നമ്മുടെ മരിയസ്പന്ദനം. സ്വർഗ്ഗീയസ്വരത്തിനു മറിയം കാതോർത്തപ്പോൾ സ്വർഗ്ഗാരോപിതയായി അവൾ മാറി. തന്റെ മാതാപിതാക്കൾ ദേവാലയത്തിൽ സമർപ്പിച്ചപ്പോൾ മുതൽ ദൈവഹിതത്തിന് ആമ്മേൻ പറയുന്നതായിട്ടാണ് പരിശുദ്ധ അമ്മയെ നാം കാണുക. ഗബ്രിയേൽ ദൂതൻ മംഗളവാർത്ത അറിയിച്ച ആ നിമിഷം മുതൽ പരിശുദ്ധ അമ്മ അനുസരണം എന്ന പുണ്യത്തെ താലോലിച്ചു.ദാസി എന്ന പേരിലറിയപ്പെടാനാണ് പരിശുദ്ധ അമ്മ കൂടുതൽ ഇഷ്ടപ്പെട്ടത്. പരിശുദ്ധ അമ്മ വിചാരത്തിലും വാക്കിലും കർത്താവിനോട് അനുസരണക്കേട് കാണിച്ചില്ല പകരം സ്വന്തം ഇച്ഛയെ ഇല്ലായ്മ ചെയ്തു.

ദൈവഹിതത്തോട് അനുസരണയുള്ളവളായിരുന്നു അവൾ. അവൻ തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു (Lk1:48) എന്ന് പരിശുദ്ധ അമ്മ പറയുമ്പോൾ ദാസിയുടെ എളിമ അടങ്ങിയിരിക്കുന്നത് തിടുക്കത്തിലുള്ള അനുസരണത്തിലാണ്.അനുസരണം ദൈവീകമാണ്. മനസ്സിന്റെ ബലിയാണ്. സ്വന്തം ഇഷ്ടങ്ങളെ ത്യജിക്കൽ ആണ്. ദൈവ ഹിതം നിറവേറ്റുന്നതിന് വേണ്ടി എന്റെ ഹൃദയത്തെ ഞാൻ ത്യജിക്കുന്നു.ആദ്യത്തെ ഹവ്വായുടെ അനുസരണക്കേട് മൂലം വന്ന തിന്മയെ പരിശുദ്ധ മറിയത്തിന്റെ അനുസരണം വഴി പരിഹരിച്ചു. വിശുദ്ധ അഗസ്തീനോസ് പറയുന്നത് മറിയത്തിന്റെ അനുസരണം മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ രക്ഷയ്ക്ക് കാരണമായി എന്നാണ്. എല്ലാ വിശുദ്ധരുടെയും അനുസരണയെക്കാൾ പരിപൂർണ്ണമായിരുന്നു പരിശുദ്ധ മറിയത്തിന്റെ അനുസരണം.

ഉത്ഭവ പാപമില്ലാതെ ജനിച്ച പരിശുദ്ധ അമ്മയ്ക്ക് അനുസരിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. പരിശുദ്ധ അമ്മ അനുസരണം എന്ന പുണ്യം ആദ്യം അഭ്യസിച്ചത് ദൈവത്തെ പ്രീതിപ്പെടുത്താൻ ആയിരുന്നു. ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ (LK:1/38) രണ്ടാമതായി പരിശുദ്ധ അമ്മ റോമൻ ചക്രവർത്തിയെ അനുസരിക്കാൻ തയ്യാറായി. ജോസഫ് ദാവീദിന്റെ വംശത്തിലും കുടുംബത്തിലും പെട്ടവനാകയാൽ ഗലീലിയിലെ പട്ടണമായ നസ്രത്തിൽ നിന്ന് ബത് ലഹേമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടൊപ്പം പോയി(Lk: 2/4-5)

ക്രിസോ എന്ന് പേരായ ഒരു ഫ്രാൻസിസ്കൻ സന്യാസിയുടെ മുറിയിൽ ഒരിക്കൽ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ട ആ സമയം ഒരു രോഗിയായ മനുഷ്യന്റെ കുമ്പസാരം കേൾക്കാൻ അനുസരണയാൽ അദ്ദേഹത്തിനു പോകേണ്ടി വന്നു. തൽഫലമായി കുറച്ചുനേരത്തേയ്ക്കു അദ്ദേഹം പരിശുദ്ധ മറിയത്തെ വേർപിരിയേണ്ടി വന്നു. ക്രിസോ തിരിച്ചുവരുമ്പോൾ പരിശുദ്ധ മറിയം അവനുവേണ്ടി കാത്തിരിക്കുകയും പരിശുദ്ധ മറിയം അവന്റെ അനുസരണയെ പ്രകീർത്തിക്കുകയും ചെയ്തു.

എന്നാൽ ഭക്ഷണശാലയിൽ സന്നിഹിതനായിരിക്കാൻ മണിയടിച്ചപ്പോൾ തന്റെ ഭക്താനുഷ്ഠാനങ്ങൾ പൂർത്തീകരിക്കാനായി ഒരു കാത്തുനിന്ന വേറൊരു സന്യാസിയുടെ അനുസരണക്കേടിനെ കഠിനമായി പരിശുദ്ധ മറിയം ശകാരിച്ചു. വിശുദ്ധരെയെല്ലാം വിശുദ്ധിയിലേക്ക് എത്തിച്ചത് അനുസരണം എന്ന പുണ്യമാണ്. വിശുദ്ധ ഫിലിപ്പ് പറയുന്നത്, അനുസരണയിൽ ചെയ്ത കാര്യങ്ങളുടെ കണക്ക് ദൈവത്തിന് ആവശ്യമില്ല എന്നാണ് ഈശോ തന്നെ പറഞ്ഞിട്ടുണ്ട് നിന്നെ ശ്രവിക്കുന്നവൻ എന്നെ ശ്രവിക്കുന്നു. നിങ്ങളുടെ വാക്കുകേൾക്കുന്നവൻ എന്റെ വാക്കുകൾ കേൾക്കുന്നു. നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു (LK10/16).

ദൈവിക പദ്ധതികളോട് ചേർന്നു സ്വപ്നം കാണാനും അതു വിജയത്തിലെത്തിക്കുവാനും ‘അനുസരണം’ എന്ന സ്വർഗ്ഗീയ സുകൃതം അത്യന്ത്യാപേഷിതമാണന്നു നസ്രത്തിലെ അനുസരണയുള്ള അമ്മ നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധ അമ്മേ മാതാവേ അങ്ങയുടെ അനുസരണയുടെ യോഗ്യതയാൽ ദൈവഹിതത്തിന് പൂർണ്ണമായി കീഴ്വഴങ്ങുന്നതിന് ഞങ്ങളെ സഹായിക്കണമേ.


Related Articles »