News

സ്വർഗ്ഗാരോഹണ തിരുനാളിനോട് അനുബന്ധിച്ച് ഒലിവ് മലയിലെ ചാപ്പലില്‍ പ്രാര്‍ത്ഥന മുടക്കാതെ ക്രൈസ്തവര്‍

പ്രവാചകശബ്ദം 10-05-2024 - Friday

ജെറുസലേം: ജെറുസലേമിലെ ക്രൈസ്തവര്‍ സ്വർഗ്ഗാരോഹണ തിരുനാളിന് പതിവ് തെറ്റിക്കാതെ ഒലിവ് മലയുടെ മുകളിലെ ചാപ്പലില്‍ പ്രാര്‍ത്ഥന നടത്തി. നിലവിൽ മുസ്ലീം നിയന്ത്രണത്തിലുള്ള അസൻഷൻ ചാപ്പലിൽ ആരാധനക്രമം കൊണ്ടാടുവാന്‍ ക്രൈസ്തവര്‍ക്ക് അവകാശമുള്ള വർഷത്തിലെ ഒരേയൊരു ദിവസമാണ് സ്വർഗ്ഗാരോഹണ തിരുനാളെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ജെറുസലേമിൽ ക്രിസ്ത്യൻ തീർത്ഥാടകരുടെ ബസുകൾ കാണുന്നത് അപൂർവമാണ്. സ്വർഗ്ഗാരോഹണ തിരുനാളിനായി, നസ്രത്തിൽ നിന്നും ഗലീലിയിൽ നിന്നും അതിരാവിലെ തന്നെ നിരവധി ബസുകൾ എത്തിയിരിന്നുവെന്ന് 'സി‌എന്‍‌എ' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് കാണുന്ന അഷ്ടഭുജാകൃതിയിലുള്ള ചാപ്പൽ കുരിശുയുദ്ധ കാലഘട്ടത്തിലെ പള്ളിയുടെ അവശേഷിപ്പാണ്. ആദ്യത്തെ പള്ളി നാലാം നൂറ്റാണ്ടിലേതാണ്. സ്വർഗ്ഗാരോഹണത്തിന് മുമ്പുള്ള യേശുവിൻ്റെ അവസാനത്തെ ഭൗമിക കാൽപ്പാട് പതിഞ്ഞതായി വിശ്വസിക്കപ്പെടുന്ന ഒരു പാറ ഇവിടെ ആദരിക്കപ്പെടുന്നുണ്ട്. മെയ് 8 ബുധനാഴ്ച വൈകീട്ട് പ്രാദേശിക ക്രൈസ്തവര്‍ ഇവിടെ ഒരുമിച്ച് കൂടുകയായിരിന്നു. ജറുസലേമിലെ ലാറ്റിൻ ഇടവകയിൽ നിന്നുള്ള വലിയ കൂട്ടം വിശ്വാസികൾ ഇവിടെ സന്നിഹിതരായിരുന്നു.

1188-ൽ ജെറുസലേം കീഴടക്കിയതോടെ സലാഹുദ്ദീൻ ഒലിവ് മല രണ്ട് മുസ്ലീം കുടുംബങ്ങൾക്ക് നൽകുകയും അതിനെ ഒരു ഇസ്ലാമിക അടിത്തറയാക്കി മാറ്റുകയും ചെയ്തു. പള്ളിയുടെ സെൻട്രൽ ചാപ്പൽ ഒരു മസ്ജിദായി മാറിയെങ്കിലും ഇന്ന് അത് ആരാധനയ്ക്കായി ഉപയോഗിക്കുന്നില്ല. അസൻഷൻ ചാപ്പൽ വർഷം മുഴുവനും സന്ദർശകർക്കും തീർത്ഥാടകർക്കും വേണ്ടി തുറന്നിട്ടുണ്ടെങ്കിലും സ്വർഗ്ഗാരോഹണ തിരുനാള്‍ ദിനത്തിൽ മാത്രമാണ് വിശുദ്ധ കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനകളും നടത്താന്‍ അനുമതിയുള്ളൂ.


Related Articles »