News - 2024
ബുര്‍ക്കിന ഫാസോയില്‍ ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥ
പ്രവാചകശബ്ദം 16-05-2024 - Thursday
ഔഗാഡൗഗു: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ സൈനീക ഭരണകൂടത്തിന്റെ കൊടും ക്രൂരതയിൽ ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥ. അധികാരത്തിലിരിക്കുന്ന സൈനീക ഭരണകൂടത്തിന്റെ ക്രൂരതയിൽ നിരവധിയാളുകൾ കൊല്ലപ്പെടുന്നുവെങ്കിലും ആഗോള മുഖ്യധാരാ മാധ്യമങ്ങൾ അവയൊന്നും റിപ്പോര്‍ട്ട് ചെയ്യുവാന്‍ തയാറാകുന്നില്ലായെന്ന് പൊന്തിഫിക്കല്‍ സ്വതന്ത്രമാധ്യമ ശാഖയായ ഏജന്‍സിയാ ഫീദെസ് റിപ്പോർട്ട് ചെയ്തു. മെയ് മാസം ആറാം തീയതി മൗലൗങ്കൗ ഗ്രാമത്തിലെ 21 പേരെയും ടാംബി ബൗണിമ ഗ്രാമത്തിലെ 130 ആളുകളെയുമാണ് കാരണങ്ങളൊന്നും കൂടാതെ കൊലപ്പെടുത്തിയത്.
ഇവരിൽ നിരവധി ഗർഭിണികളും കുട്ടികളും പ്രായമായവരുമൊക്കെ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവര്‍ എല്ലാവരും ദരിദ്രരും, കർഷകരുമായ ക്രിസ്ത്യാനികളാണ്. രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽ, തെരുവുകളിൽ കൊല്ലപ്പെടുന്നവരുടെയും എണ്ണം കഴിഞ്ഞ വർഷങ്ങളിൽ ഏറെ വർധിച്ചതായും വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തു അരങ്ങേറുന്ന പല കൊലപാതകങ്ങൾക്കും സാക്ഷികളുണ്ടെങ്കിലും അവർക്കൊന്നും വെളിയിൽ ശബ്‌ദിക്കുവാൻ സാധിക്കാത്ത തരത്തിലാണ് സൈനീകഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇസ്ളാമിക സായുധ സംഘങ്ങളിലേക്കു ബന്ദികളാക്കപ്പെടുന്നവരെ നിർബന്ധപൂർവം കടത്തുന്നതും, രാജ്യത്ത് പതിവായി മാറിയിരിക്കുകയാണ്. കഴിഞ്ഞ നവംബർ മുതൽ, യൂറോപ്യൻ യൂണിയൻ - ബുർക്കിന ഫാസോയിലെ സൈനിക അധികാരികളോട് സാധാരണക്കാരുടെ കൊലപാതകങ്ങളിൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇതുവരെ ഭരണകൂടം മറുപടികൾ നൽകിയിട്ടില്ല. ക്രിസ്ത്യാനിയായി ജീവിക്കുന്നതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഇരുപതാമതാണ് ബുര്‍ക്കിനാഫാസോയുടെ സ്ഥാനം.