News

മൊസൂളില്‍ ഇസ്ലാമിക അധിനിവേശത്തില്‍ അടച്ചുപൂട്ടിയ ക്രൈസ്തവ ദേവാലയം 18 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു

പ്രവാചകശബ്ദം 22-05-2024 - Wednesday

മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തില്‍ അടച്ചുപൂട്ടിയ ക്രൈസ്തവ ദേവാലയം 18 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കോസ്ത തിരുനാള്‍ ദിനത്തിലാണ് രണ്ട് പതിറ്റാണ്ടായി അടച്ചിട്ടിരുന്ന ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ വീണ്ടും ബലിയര്‍പ്പിച്ചത്. ഐസിസ് അധിനിവേശ കാലത്ത് ദേവാലയത്തിലെ ബലിപീഠവും രൂപങ്ങളും ഫർണിച്ചറുകളും ചുവരുകളും തീവ്രവാദികള്‍ നശിപ്പിച്ചിരിന്നു. 2007 ജൂൺ 3 പെന്തക്കോസ്‌ത തിരുനാളിന് ശേഷമുള്ള ഞായറാഴ്‌ച ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ഫാ. റഗീദ് അസീസ് ഗന്നിയെയും ഡീക്കന്മാരെയും ഇസ്ലാമിക ഭീകരര്‍ മൃഗീയമായി കൊലപ്പെടുത്തിയത് ഈ ദേവാലയത്തില്‍വെച്ചായിരിന്നു.

ഹോളി സ്പിരിറ്റ് ദേവാലയം 'രക്തസാക്ഷികളുടെ പള്ളി' എന്ന പദവിക്ക് അർഹമാണെന്ന് മൊസൂളിലെ കല്‍ദായ ആർച്ച് ബിഷപ്പ് മൈക്കൽ നജീബ് ചടങ്ങിനിടെ പറഞ്ഞു. ഫാ. റഗീദ് ഉള്‍പ്പെടെ അനേകം ക്രിസ്‌ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തിൻ്റെ സാക്ഷ്യമായി തങ്ങളുടെ ജീവിതം സമർപ്പിച്ചു. 2003ന് ശേഷം, മൊസൂൾ ശൂന്യമാക്കുക എന്ന ഉദ്ദേശത്തോടെ ക്രിസ്ത്യാനികളെയും അവരുടെ പള്ളികളെയും ലക്ഷ്യമിട്ട് നിരവധി ഭീകരാക്രമണങ്ങൾ നടന്നു. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ അധിനിവേശ കാലയളവില്‍ ക്രൈസ്തവര്‍ നരകയാതനയാണ് അനുഭവിച്ചതെന്നും ബിഷപ്പ് അനുസ്മരിച്ചു.

ഇസ്ലാമിക തീവ്രവാദികളുടെ ഇടയില്‍ ബന്ധിയായി കൊല്ലപ്പെട്ട ബിഷപ്പ് റാഹോയുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് 2008-ൽ പള്ളിയുടെ വാതിലുകൾ അടച്ചു, ജീവനെ ഭയന്ന് പലായനം ചെയ്ത ക്രിസ്ത്യാനികൾ ദേവാലയം ശൂന്യമാക്കി. ഒരു കാലത്ത് ദേവാലയ പരിസരത്ത് താമസിച്ചിരുന്ന ആയിരത്തിലധികം കുടുംബങ്ങളായിരിന്നു. വിശ്വാസികളെ ഉൾക്കൊള്ളുന്ന കാര്യത്തിൽ മൊസൂളിലെ ഏറ്റവും വലിയ പള്ളിയായിരിന്നു ഹോളി സ്പിരിറ്റ് ദേവാലയമെന്നും ബിഷപ്പ് അനുസ്മരിച്ചു.

മൊസൂളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ പുനർനിർമിക്കാനും സംരക്ഷിക്കുവാനും ആര്‍ച്ച് ബിഷപ്പ് പുരാവസ്തു-പൈതൃക വകുപ്പിനോടും ബന്ധപ്പെട്ട സർക്കാർ ഏജൻസികളോടും ആവശ്യപ്പെട്ടു. ഏറെ പുരാതനമായ മസ്‌കന്ത പള്ളി പുനർനിർമ്മിക്കാനുള്ള നിനവേ ഗവർണറേറ്റിൻ്റെ സംരംഭം ഉടൻ വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അതേസമയം മൊസൂളിലേക്കുള്ള ക്രിസ്ത്യാനികളുടെ മടങ്ങിവരവ് ഭയാനകമായ വിധത്തിലാണ് കുറവെന്നും ബിഷപ്പ് നജീബ് പറഞ്ഞു. ഒരു കാലത്ത് ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരിന്ന നിനവേ മേഖലയില്‍ ഇസ്ലാമിക അധിനിവേശത്തിന് ശേഷം ഇന്നു ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്.


Related Articles »