News - 2024

എളിമ സകല പുണ്യങ്ങളിലേക്കുമുള്ള കവാടം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 23-05-2024 - Thursday

വത്തിക്കാന്‍ സിറ്റി: ദുർഗുണങ്ങളിൽ ഏറ്റം മാരകമായ അഹങ്കാരത്തിന്റെ പ്രതിയോഗിയാണ് എളിമയെന്നും അത് സകല പുണ്യങ്ങളിലേക്കുമുള്ള കവാടമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (22/05/24) വത്തിക്കാനിലെത്തിയ വിശ്വാസികള്‍ക്ക് പൊതുദർശനം അനുവദിച്ചു പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. എളിമയുടെ അഭാവമുള്ളിടത്ത് യുദ്ധവും അപസ്വരവും ഭിന്നിപ്പും ഇടം പിടിക്കുകയാണെന്നും വിനയമാണ് രക്ഷയിലേക്കുള്ള വഴിയെന്നും പാപ്പ പറഞ്ഞു.

നാം എന്തായിരിക്കുന്നുവോ അതിനെക്കാൾ വലുതായി നമ്മെ അവതരിപ്പിച്ചുകൊണ്ട് അഹംഭാവം മാനവഹൃദയത്തെ വീർപ്പുമുട്ടിക്കുമ്പോൾ, വിനയമാകട്ടെ സകലത്തെയും ശരിയായ മാനത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. നമ്മൾ അത്ഭുതവും എന്നാൽ പരിമിതികളുള്ളതുമായ സൃഷ്ടികളാണ്. യോഗ്യതകളോടും കുറവുകളോടും കൂടിയവരാണ്. നാം പൊടിയാണെന്നും പൊടിയലേക്ക് മടങ്ങുമെന്നും ബൈബിൾ തുടക്കം മുതൽ തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നു.

അഹങ്കാരഭൂതത്തിൽ നിന്ന് നമുക്കു മോചിതരാകാൻ നക്ഷത്രനിബിഡമായ ആകാശത്തെക്കുറിച്ച് ചിന്തിച്ചാൽ മതിയാകും. സങ്കീർത്തനം പറയുന്നതുപോലെ: "അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു. അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യ പുത്രന് എന്ത് അര്‍ഹതയാണുള്ളത്? എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പം മാത്രം താഴ്ത്തി; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു (സങ്കീർത്തനം 8:3-5). സ്വന്തം ചെറുമയെക്കുറിച്ചുള്ള ഈ അവബോധം ഹൃദയത്തിൽ സൂക്ഷിക്കുന്നവർ ഭാഗ്യവാന്മാർ: അവർ വളരെ മോശം തിന്മയായ അഹങ്കാരത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു. തൻറെ സുവിശേഷസൗഭാഗ്യങ്ങളിൽ യേശു ആരംഭിക്കുന്നത് അവരിൽ നിന്നാണ്: "ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, കാരണം സ്വർഗ്ഗരാജ്യം അവരുടേതാണ്" (മത്തായി 5:3). ഇത് ആദ്യ സുവിശേഷഭാഗ്യമാണ്, കാരണം അത് തുടർന്നു വരുന്നവയുടെ അടിസ്ഥാനമാണ്: വാസ്തവത്തിൽ സൗമ്യത, കരുണ, ഹൃദയശുദ്ധി എന്നിവ ജന്മംകൊള്ളുന്നത് ചെറുതാകലിന്റെ ആന്തരികാവബോധത്തിൽ നിന്നാണ്. എളിമ എല്ലാ പുണ്യങ്ങളിലേക്കും ഉള്ള കവാടമാണ്.

രക്ഷകന്‍റെ ജനനത്തിനായി തിരഞ്ഞെടുക്കപ്പെട്ട നായിക സുഖജീവിതത്തിൽ വളർന്നു വന്ന ഒരു രാജകുമാരിയല്ല, പ്രത്യുത, അറിയപ്പെടാത്ത ഒരു പെൺകുട്ടിയാണ്: മറിയം. മാലാഖ അവൾക്ക് ദൈവത്തിൻറെ അറിയിപ്പു നല്കുമ്പോൾ ആദ്യം വിസ്മയംകൊള്ളുന്നത് അവൾതന്നെയാണ്. അവളുടെ സ്തുതിഗീതത്തിൽ ഈ വിസ്മയം തെളിഞ്ഞു നിൽക്കുന്നു: "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എൻറെ ചിത്തം എൻറെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു" (ലൂക്കാ 1,46-48). ദൈവം മറിയത്തിൻറെ ചെറുമയിൽ, സർവ്വോപരി ആന്തരിക എളിമയിൽ, ആകൃഷ്ടനായി എന്നു പറയാം. നമ്മളും ഈ ചെറുമ സ്വീകരിക്കുമ്പോൾ നമ്മുടെ എളിമയിലും അവിടന്ന് ആകർഷിക്കുകയാണെന്നും പാപ്പ പറഞ്ഞു.


Related Articles »