News

ഇസ്ലാമില്‍ നിന്ന് നിരീശ്വരവാദത്തിലേക്ക്; ഒടുവില്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് തുര്‍ക്കി സ്വദേശിനി

പ്രവാചകശബ്ദം 21-08-2024 - Wednesday

ഇസ്താംബൂള്‍: ഇസ്ലാം മതത്തില്‍ നിന്നു നിരീശ്വരവാദത്തിലേക്കും പിന്നീട് പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തിലേക്കും ഒടുവില്‍ കത്തോലിക്ക വിശ്വാസത്തിലേക്കും കടന്നുവന്ന തുര്‍ക്കി സ്വദേശിനിയുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. സിഎൻഎയുടെ അറബി ഭാഷ വാർത്ത പങ്കാളിയായ 'എസിഐ മെന'യാണ് ബെൽകിസിന്റെ ജീവിത സാക്ഷ്യം പുറത്തുവിട്ടിരിക്കുന്നത്. 61 വർഷം മുമ്പ് തുർക്കിയിലെ ഒരു മുസ്ലീം കുടുംബത്തിലായിരിന്നു ബെൽകിസിന്റെ ജനനം. രണ്ട് ആൺമക്കൾക്ക് ശേഷമുള്ള ആദ്യത്തെ മകളായിരുന്നു അവള്‍. കുട്ടിക്കാലത്ത്, ഖുറാൻ വായിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവള്‍ക്ക് അത് ഗ്രഹിക്കാന്‍ കഴിയുന്നതിന് അപ്പുറത്തായിരിന്നു. ചെറുപ്പത്തിൽ തന്നെ ഭൗതികവാദ തത്വശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ച അവൾ 15-ാം വയസ്സിൽ നിരീശ്വരവാദിയായി.

വൈകാതെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഒരു സാഹിത്യ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. നിരന്തരം പുസ്തക വായനയില്‍ ആകൃഷ്ട്ടയായിരിന്നു ബെൽകിസ്. 28 വയസ്സുള്ളപ്പോഴാണ് പ്രമുഖ ടര്‍ക്കിഷ് എഴുത്തുകാരനായ ടുറാൻ ദുർസൻ്റെ "ഇതാണ് മതം" എന്ന പുസ്തകം അവൾ വായിച്ചത്. മുൻ ഷിയാ മുസ്ലീമും പണ്ഡിതനുമായ ദുർസുൻ, ഇസ്‌ലാമിനെ നിരന്തരം വിമര്‍ശിച്ച് എഴുതിയതിന്റെ പേരിൽ കൊല്ലപ്പെട്ട വ്യക്തിയായിരിന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ബെൽകിസിനെ ഏറെ ചിന്തിപ്പിച്ചിരിന്നു. അവൾ വായിച്ചത് അവള്‍ക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. വൈകാതെ ബെൽകിസ് തുർക്കി ഭാഷയിലുള്ള ഖുറാൻ വാങ്ങി വായന ആരംഭിക്കുകയായിരിന്നു.

തന്റെ പലവിധ സംശയങ്ങള്‍ക്കും ഉത്തരം തേടി അവള്‍ ബൈബിള്‍ വായനയും ആരംഭിച്ചു. ഇതിനിടെ ലൂക്കായുടെ സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള യേശുവിൻ്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു സിനിമ കാണാൻ അവൾക്കു അവസരം ലഭിച്ചു. പ്രൊട്ടസ്റ്റന്‍റ് ആരാധന കേന്ദ്രത്തിലായിരിന്നു സിനിമ പ്രദര്‍ശനം. ദൈവത്തെക്കുറിച്ചുള്ള അവളുടെ പല മുന്‍ധാരണകളെയും അതിലംഘിക്കുന്നതായിരിന്നു ആ സിനിമയിലെ പല ഭാഗങ്ങളും. ഫരിസേയന്‍റെയും ചുങ്കക്കാരന്റെയും പ്രാര്‍ത്ഥന വിവരിക്കുന്ന ബൈബിള്‍ ദൃശ്യാവിഷ്ക്കാരം അവളില്‍ ഏറെ സ്വാധീനം ചെലുത്തി.

ഇതില്‍ അവൾ തന്റെ സ്വന്തം പാപം കണ്ടു. അവൾ ദൈവമുമ്പാകെ അവള്‍ തന്റെ കുറവുകളെ നോക്കി കണ്ടു. "ശത്രുക്കളെ സ്നേഹിക്കുവിന്‍" എന്ന യേശുവിന്റെ വാക്കുകള്‍ അവളുടെ ജീവിതത്തിന് വഴികാട്ടിയായി. സിനിമയുടെ അവസാനത്തിൽ, ബെൽകിസ് പൂർണ്ണഹൃദയത്തോടെ പ്രാർത്ഥിച്ചു: "കർത്താവേ ദയവായി എന്റെ ജീവിതത്തിലേക്ക് വരൂ, ഞാൻ എൻ്റെ ജീവിതം അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു, അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്നെ കൊണ്ട് ചെയ്യണമേ". വൈകാതെ അവൾ എല്ലാ ഞായറാഴ്ചയും പ്രൊട്ടസ്റ്റൻ്റ് ആരാധനാലയത്തില്‍ പോകുവാന്‍ ആരംഭിച്ചു. പതിവായി ബൈബിൾ വായിക്കുകയും പ്രാർത്ഥനാ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നതും ജീവിതത്തിന്റെ ദിനചര്യയാക്കി മാറ്റി.

കത്തോലിക്ക സഭയുടെ പരിശുദ്ധമായ വിശുദ്ധ കുര്‍ബാനയ്ക്കു അനുകരണമെന്നോണം പകരമായി അപ്പം മുറിക്കല്‍ എന്ന ഒരു രീതി അവള്‍ പോകുന്ന ആരാധനാലയത്തില്‍ ഉണ്ടായിരിന്നു. 2005-ൽ ഒരു ഞായറാഴ്ച. ഒരു ചെറുപ്പക്കാരൻ അപ്പമെടുത്ത്, അപ്പത്തിൻ്റെ ഉള്‍ഭാഗം കൈപ്പത്തിയിൽ ഞെക്കി. ബെൽകിസിന് ഇത് കണ്ടപ്പോൾ അസ്വസ്ഥത തോന്നി. കർത്താവിൻ്റെ ശരീരത്തിന് മുറിവേറ്റതായുള്ള തോന്നലാണ് അവൾക്ക് ഉണ്ടായത്. ഒരു പ്രൊട്ടസ്റ്റൻ്റ് സുഹൃത്തിനോട് അതിനെക്കുറിച്ച് അവള്‍ സംസാരിച്ചു. അത് ശരിയാണെന്ന് അവൻ അവളോട് സമ്മതിച്ചു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു- "ഇത് യഥാർത്ഥത്തിൽ കർത്താവിൻ്റെ ശരീരമല്ല, ഞങ്ങൾ അത് സ്മരണയ്ക്കായി ചെയ്യുന്നു; എന്നാല്‍ ക്രിസ്തുവിൻ്റെ ശരീരമാണെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു".

ഇത് അവളില്‍ ഏറെ ചലനം സൃഷ്ട്ടിച്ചു. വൈകാതെ കത്തോലിക്കാ സഭയെ കുറിച്ച് പഠിക്കുവാന്‍ അവള്‍ ആരംഭിക്കുകയായിരിന്നു. മതബോധന ക്ലാസുകളില്‍ പങ്കെടുത്ത് ദീര്‍ഘമായ പ്രാര്‍ത്ഥനയ്ക്കും ഒരുക്കത്തിനും ശേഷം 2011 ഏപ്രിൽ 25 ന് ബെൽകിസ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. “ഞാൻ ദൈവത്തെ തിരഞ്ഞെടുത്തില്ല, അവിടുന്നു എന്നെ തിരഞ്ഞെടുത്തു” - ഈ വാക്കുകളാണ് കത്തോലിക്ക വിശ്വാസത്തിലേക്കുള്ള യാത്രയെ അവള്‍ വിശേഷിപ്പിക്കുന്നത്. "എന്നെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് കർത്താവായ യേശുവിന് നമ്മോടുള്ള അനന്തമായ സ്നേഹമാണ് . എൻ്റെ ഏറ്റവും നല്ല സുഹൃത്തിനെയും എൻ്റെ ഏറ്റവും സുന്ദരനായ കാമുകനെയും ഞാൻ കണ്ടെത്തി"- ബെൽകിസ് പറയുന്നു.

ഇസ്ലാം മതത്തില്‍ നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള യാത്രയില്‍ പീഡനത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് പുഞ്ചിരിയോടെയായിരിന്നു അവളുടെ മറുപടി- “യേശുവിനെ ഒറ്റിക്കൊടുത്തപ്പോൾ, അവൻ്റെ ശിഷ്യനായ പത്രോസ് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു. കാരണം അവൻ ഭയപ്പെട്ടു. എന്നാൽ അതേ പത്രോസ്, പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം, ജറുസലേമിൽ നിന്ന് ഇറ്റലിയിലേക്ക് സുവിശേഷം പ്രചരിപ്പിച്ചു. കുരിശില്‍ ക്രൂശിക്കപ്പെടാൻ പോകുമ്പോൾ, 'കർത്താവേ, ഞാൻ അങ്ങ് മരിച്ചത് പോലെ മരിക്കാൻ യോഗ്യനല്ല' എന്ന് പറഞ്ഞു തലകീഴായി മരണം ഏറ്റുവാങ്ങി".

തൻ്റെ വിശ്വാസ യാത്രയിൽ സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം എന്നീ അനേകം പുണ്യങ്ങള്‍ സ്വന്തമാക്കുവാന്‍ തനിക്ക് കഴിഞ്ഞുവെന്നും അവള്‍ പറയുന്നു. ഇന്ന് താന്‍ അനുഭവിച്ച ക്രിസ്തു സ്നേഹം അനേകര്‍ക്ക് പങ്കുവെയ്ക്കാനുള്ള ഒറ്റ ആഗ്രഹവുമായി ജീവിതത്തെ മുന്നോട്ട് നീക്കുകയാണ് ബെൽകിസ്.


Related Articles »