Tuesday Mirror

ഫ്രാന്‍സിലെ ഫവേണിയില്‍ അഗ്നിബാധയെ അതിജീവിച്ചു വായുവില്‍ നിലകൊണ്ട സക്രാരി

സ്വന്തം ലേഖകന്‍ 15-09-2016 - Thursday

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഫ്രാന്‍സിലെ ഫവേണിയില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം തിരുവോസ്തി മാംസമായി മാറുന്നതോ, രക്തം പുറപ്പെടുവിക്കുന്നതോ അല്ലായിരുന്നു; പിന്നെയോ, ഗുരുത്വാകര്‍ഷണനിയമം ബാധിക്കാത്ത പ്രകൃത്യാതീതമായ ഒന്നായിരുന്നു. 8-ാം നൂറ്റാണ്ടില്‍ വി. ഗുഡ് സ്ഥാപിച്ച ഒരു മഠത്തിന്റെ ചാപ്പലിലാണ് ഈ അത്ഭുതം സംഭവിച്ചത്. ആദ്യകാലത്ത് കന്യാസ്ത്രീകള്‍ താമസിച്ചിരുന്ന ഈ മഠത്തില്‍ അവരെ മാറ്റി സന്യാസിമാര്‍ താമസിക്കുവാന്‍ തുടങ്ങിയത് 1132-ലാണ്.

1600-ന്റെ തുടക്കത്തില്‍, മഠത്തിലെ ആദ്ധ്യാത്മിക ജീവിതം ആഴപ്പെട്ടതായിരുന്നില്ല. ആശ്രമ സമൂഹമെന്ന്‍ പറയാവുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരിന്നു. ആറ് സന്യാസിമാരും രണ്ട് വിദ്യാര്‍ത്ഥികളും മാത്രമായിരുന്നു ആ ആശ്രമത്തില്‍ ഉണ്ടായിരിന്നത്. അന്നുണ്ടായിരുന്ന പ്രൊട്ടസ്റ്റന്റ് സ്വാധീനത്താല്‍ ബലഹീനമാക്കപ്പെട്ട ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി, പെന്തക്കുസ്ത തിരുന്നാളിന്റെയും തുടര്‍ന്നുള്ള തിങ്കളാഴ്ച തിരുന്നാളിന്റേയും ആഘോഷത്തിന്റെ ഭാഗമായി വിശുദ്ധ കുര്‍ബ്ബാന ഉള്‍പ്പെടെയുള്ള പല വാര്‍ഷികാഘോഷങ്ങളും സന്യാസിമാര്‍ നടത്തിയിരുന്നു.

1608 മേയ് 25, അന്നായിരിന്നു ആ വര്‍ഷത്തെ പെന്തക്കുസ്താ ഞായര്‍. അന്നത്തെ ആരാധനയില്‍ ഒരു വലിയ ജനക്കൂട്ടം സംബന്ധിച്ചിരുന്നു. രാത്രിയായപ്പോള്‍, പള്ളിയുടെ കതകുകളെല്ലാം പൂട്ടി, സന്യാസിമാര്‍ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു; സക്രാരിക്കു മുമ്പിലായി രണ്ട് കെടാവിളക്കുകളായി കത്തിച്ചുവച്ചിരുന്നു. പിറ്റേന്ന് രാവിലെ, അതായത് മേയ് 26 തിങ്കളാഴ്ച കപ്യാരായ ഡോണ്‍ ഗാര്‍ണ്യര്‍ കതക് തുറന്നപ്പോള്‍ കണ്ടത് വളരെ ഭയാനകമായ ഒരു ദൃശ്യമായിരിന്നു. പള്ളി മുഴുവന്‍ പുക നിറഞ്ഞ്, അള്‍ത്താരയുടെ നാലുവശങ്ങളിലും നിന്നും തീ ഉയരുന്നു.

സന്യാസിമാരെ വിവരമറിയിക്കാന്‍ അയാള്‍ മഠത്തിലേക്ക് ഓടി. തങ്ങളുടെ കൊച്ചു ചാപ്പലിനെ സംരക്ഷിക്കാന്‍ എല്ലാവരും കൂടി ശ്രമം തുടങ്ങി. തീയെല്ലാം അണച്ചു കഴിഞ്ഞപ്പോള്‍, 15 വയസുമാത്രം പ്രായമുള്ള ഹുദലോത്ത് എന്ന സന്യാസവിദ്യാര്‍ത്ഥി കണ്ടത് ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യമായിരിന്നു. സക്രാരി വായുവില്‍ തൂങ്ങിക്കിടക്കുന്നു. അള്‍ത്താരയുടെ പുറകിലുള്ള ജനാലയില്‍ തൊടാതെ, ചെറുതായി അങ്ങോട്ട് ചരിഞ്ഞ് അന്തരീക്ഷത്തില്‍ നിലകൊള്ളുന്നു. ഈ അത്ഭുത വാര്‍ത്ത പെട്ടെന്ന് പരന്നു; ചുറ്റുപാടുമുള്ള ഗ്രാമവാസികളേയും പുരോഹിതരേയും കൊണ്ട് പള്ളി നിറഞ്ഞു കവിഞ്ഞു. വെസോളിലുള്ള കപ്പൂച്ചിന്‍ സന്യാസിമാരും കാഴ്ച കാണാന്‍ ഓടിക്കൂടി.

വായുവില്‍ തൂങ്ങിക്കിടക്കുന്ന സക്രാരിക്ക് മുമ്പില്‍ പലരും ഭയഭക്തിയോടെ മുട്ടിന്മേല്‍ നിന്നു; അതേസമയം, നിരവധി അവിശ്വാസികള്‍ അത്ഭുതം നേരിട്ടു പരിശോധിക്കാനായി അടുത്തുകൂടി. ഈ അത്ഭുതത്തിന് സാക്ഷികളാകാന്‍ എത്തുന്നവരെ സന്യാസികള്‍ നിയന്ത്രിച്ചില്ല. ആ പ്രദേശത്ത് എവിടെ വേണമെങ്കിലും സ്വതന്ത്രമായി നടന്ന് നോക്കാന്‍ സംശയാലുക്കളെ ആശ്രമാധികാരി അനുവദിക്കുകയും ചെയ്തു.

പിറ്റേന്ന് മേയ് 27 ചൊവ്വാഴ്ച വെളുപ്പിന് മുതല്‍ ചുറ്റുപാടുമുള്ള പുരോഹിതര്‍ മാറിമാറി, തുടര്‍ച്ചയായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ തുടങ്ങി. ഫാ. നിക്കോളാസ് ഓബ്രി എന്ന വൈദികന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കൊണ്ടിരുന്നപ്പോള്‍, സക്രാരി അതിന്റെ ദിശ കുത്തനെ ആയി സാവധാനം താഴേക്ക് ഇറങ്ങി. തീയില്‍ കത്തി നശിച്ചുപോയ അള്‍ത്താരയ്ക്ക് പകരമായി അവിടെ വച്ചിരുന്ന പുതിയ അള്‍ത്താരയില്‍ സക്രാരി സ്ഥാനം പിടിച്ചു. ഇത് വിശ്വാസ ഗണത്തെ വീണ്ടും അത്ഭുതപ്പെടുത്തി. സക്രാരി അന്തരീക്ഷത്തില്‍ നില കൊണ്ടത് മൊത്തം 33 മണിക്കൂര്‍ ആയിരുന്നു.

മേയ് 31-നു ആര്‍ച്ച് ബിഷപ്പ് ഫെര്‍ഡിനാന്റ് റായി, വിശദമായ ഒരന്വേഷണത്തിന് ഉത്തരവിട്ടു. സന്യാസിമാര്‍, പുരോഹിതര്‍, കൃഷിക്കാര്‍, ഗ്രാമീണര്‍, എന്നിവരില്‍ നിന്നുമായി 54 സത്യവാങ് ശേഖരിച്ചു. രണ്ടു മാസത്തിന് ശേഷം, അന്വേഷണത്തില്‍ നിന്നും ലഭിച്ച സത്യവാങ്ങും മറ്റ് രേഖകളും പരിശോധിച്ച ശേഷം 1608 ജൂലൈ 30-ാം തീയതി, ആര്‍ച്ച് ബിഷപ്പ് ഈ അത്ഭുതം സ്ഥിതീകരിച്ചു.

ഈ അത്ഭുതത്തിന്റെ ചില പ്രത്യേക വശങ്ങള്‍ നാം വിശദമായി പഠിക്കേണ്ടതായിട്ടുണ്ട്.

തീയില്‍ വെന്തുപോയതു പ്രധാനമായും അള്‍ത്താരയായിരുന്നു. അതിന്റെ കാലുകളൊഴികെ എല്ലാം ഒരു ചാരക്കൂമ്പാരമായിത്തീര്‍ന്നു. അള്‍ത്താരയില്‍ ഉണ്ടായ വസ്തുക്കളും അള്‍ത്താര തുണികളും പൂര്‍ണ്ണമായും കത്തി നശിച്ചിരിന്നു. കൂടാതെ അള്‍ത്താരയുടെ ഇരുവശങ്ങളിലുമായി തൂക്കിയിട്ടിരുന്ന രണ്ട് അലംകൃതമായ ശാഖാവിളക്കുകളില്‍ ഒന്ന് ചൂടില്‍ ഉരുകിപ്പോയിരുന്നു. ഇത്രമാത്രം ഈ തീച്ചൂള ഉണ്ടായിട്ടും, സക്രാരി കേടു കൂടാതെ സംരക്ഷിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. സക്രാരിയിലുണ്ടായിരുന്ന രണ്ട് തിരുവോസ്തികള്‍ അങ്ങനെ തന്നെ അവശേഷിച്ചു.

വായുവില്‍ തുങ്ങിക്കിടന്ന സക്രാരി ഇരുമ്പ് ജനാലയുടെ അടുത്തായിരുന്നെങ്കിലും, അതിന്റെ മുകളിലുണ്ടായിരുന്ന ചെറിയ കുരിശ് അതില്‍ തൊടാതെ, വേണ്ടത്ര അകലം പാലിച്ചിരുന്നു എന്നാണ് പുരോഹിതരടക്കമുള്ള 54 സാക്ഷികള്‍ തറപ്പിച്ച് മൊഴി നല്‍കിയത്. സത്യപ്രതിജ്ഞ ചെയ്ത് മൊഴി നല്‍കിയ ഈ സാക്ഷികള്‍ ഒപ്പിട്ട രേഖയും ഇപ്പോഴും പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. തൂങ്ങിക്കിടന്ന സ്ഥലത്തിന്റെ നേരെ താഴെയായി അത്ഭുതസ്ഥലം അടയാളപ്പെടുത്തുന്നതിനായി ഒരു മാര്‍ബിള്‍ പലക സ്ഥാപിച്ചിട്ടുണ്ട്. ''അത്ഭുതത്തിന്റെ സ്ഥലം'' എന്നാണ് ഇതില്‍ കൊത്തി വച്ചിരിക്കുന്നത്.

ഫ്രഞ്ച് വിപ്ലവകാലത്ത് ഈ അത്ഭുത സക്രാരി ദൗര്‍ഭാഗ്യവശാല്‍ നശിപ്പിക്കപ്പെട്ടു. അത്ഭുതം നടന്ന വര്‍ഷമായ 1608-ലെ ഡിസംബറില്‍, ഈ സക്രാരിയിലെ രണ്ട് തിരുഓസ്തികളില്‍ ഒരെണ്ണം, രാജ്യത്തിന്റെ അന്നത്തെ തലസ്ഥാനമായ ഡോളിയിലേക്ക് മാറ്റി. ഫവേണിയിലെ മുനിസിപ്പാലിറ്റി കൗണ്‍സിലറന്മാര്‍ അപകടകാലം തീരുന്നതു വരെ ഒളിപ്പിച്ചു വച്ചിരുന്നതിനാല്‍ തിരുഓസ്തി കേടുകൂടാതെ സംരക്ഷിക്കപ്പെട്ടു.

പിന്നീട് വിപ്ലവത്തിന് മുമ്പുണ്ടായിരുന്ന സക്രാരിയുടെ ഛായാചിത്രങ്ങള്‍ പകര്‍ത്തി പുതിയ ഒരു സക്രാരി നിര്‍മ്മിക്കപ്പെട്ടു. തൊട്ടടുത്തുള്ള ശാഖാവിളക്ക് ഉരുകി ചാമ്പലായിപ്പോകത്തക്കവണ്ണം ശക്തമായ അഗ്നിബാധയെ അതിജീവിച്ച്, 33 മണിക്കൂറുകള്‍ അന്തരീക്ഷത്തില്‍ അത്ഭുതകരമാംവിധം തൂങ്ങിക്കിടന്ന സക്രാരിയിലെ അതേ തിരുഓസ്തി ഈ പുതിയ സക്രാരിയില്‍ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

പ്രത്യക്ഷത്തില്‍ ഓരോ ദിവ്യകാരുണ്യാത്ഭുതങ്ങളും മനുഷ്യനെ ദിവ്യബലിയോടുള്ള ആഭിമുഖ്യത്തിലേക്ക് നയിക്കുന്നുണ്ടെങ്കിലും വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ നിറസാന്നിധ്യത്തെ നാം തിരിച്ചറിയാറുണ്ടോ? ഓരോ തവണയും നാം ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴും തിരുവോസ്തിയില്‍ സന്നിഹിതനായ 'എന്റെ യേശുവിനെ' തന്നെയാണ് ഞാന്‍ സ്വീകരിക്കുന്നതെന്ന് നാം വിശ്വസിക്കാറുണ്ടോ? അതോ 'ദിവ്യബലിയില്‍ പങ്കെടുത്തത് കൊണ്ട് ഞാന്‍ കുര്‍ബാന സ്വീകരിക്കുന്നു' എന്ന ചിന്തയാണോ നമ്മുക്ക് ഉള്ളത്? ഓരോ കത്തോലിക്ക വിശ്വാസിയും ആത്മശോധനക്ക് വിധേയമാക്കേണ്ട ഒരു ചിന്തയാണിത്.

പ്രവാചക ശബ്ദം മറ്റ് ചില ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരിന്നു. അത് താഴെ നല്കുന്നു.

** മനുഷ്യനേത്രങ്ങളെ ഇന്നും അതിശയിപ്പിക്കുന്ന 4 ദിവ്യകാരുണ്യ അത്ഭുതങ്ങളെ പറ്റിയുള്ള വിവരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

** ഇറ്റലിയിലെ വാഡോയില്‍ വിശ്വാസികളെ സ്തബ്ദരാക്കി കൊണ്ട് ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

** രഹസ്യമായി സൂക്ഷിച്ച വിശുദ്ധ കുര്‍ബാന 5 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെടുത്തപ്പോള്‍ കണ്ടത് മാംസ കഷണം; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

** ഇറ്റലിയിലെ ഫെറായില്‍ ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

** വിശുദ്ധ കുർബ്ബാനമദ്ധ്യേ, ആർച്ച് ബിഷപ്പ് തിരുഓസ്തിയും കാസായും കൈകളിലെടുത്ത് ഉയർത്തിയപ്പോൾ ഓസ്തിക്ക് പകരം ജനങ്ങൾ ദർശിച്ചത് ഒരു ശിശുവിനെ; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »