Daily Saints.

0: October 17 : അന്തിയോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്

ഷാജു പൈലി 12-10-2015 - Monday

റോമിലെ രക്തസാക്ഷി പട്ടികയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അന്തിയോക്കൻ സഭയിൽ പത്രോസ് ശ്ലീഹായുടെ രണ്ടാമത്തെ പിൻഗാമിയും മെത്രാനുമായിരുന്ന രക്തസാക്ഷിയായിരുന്നു വിശുദ്ധ ഇഗ്നേഷ്യസ്. ട്രാജൻ ചക്രവർത്തിയുടെ ഭരണത്തിനു കീഴിൽ അടിച്ചമർത്തലിൽ വിശുദ്ധനെ പിടികൂടി ക്രൂര മൃഗങ്ങൾക്ക് ഭക്ഷണമാക്കുവാൻ വിധിക്കുകയും ചങ്ങലയാൽ ബന്ധനസ്ഥനാക്കി റോമിലേക്കയക്കുകയും ചെയ്തു. റോമിൽ ചക്രവർത്തിയുടെ ഉത്തരവ് പ്രകാരം വിശുദ്ധനെ സെനറ്റിനു മുമ്പാകെ ക്രൂരമായി പീഡിപ്പിക്കുകയും സിംഹങ്ങൾക്കെറിഞ്ഞു കൊടുക്കുകയും ചെയ്തു. അങ്ങനെ സിംഹങ്ങളുടെ കൂർത്ത പല്ലുകളാൽ ഛിന്നഭിന്നമാക്കപ്പെട്ട് ക്രിസ്തുവിനു വേണ്ടി വിശുദ്ധ ഇഗ്നേഷ്യസ് രക്തസാക്ഷിത്വം വരിച്ചു."

പഴയകാല ക്രിസ്ത്യൻ ധീരന്മാരിൽ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്നേഷ്യസിനുള്ളത്. ഇഗ്നേഷ്യസ് തിയൊഫൊറസ് എന്നും ഈ വിശുദ്ധൻ അറിയപ്പെടുന്നു. അന്തിയോക്കിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്‍റെ അവസാന യാത്ര ഒരു വിവാഘോഷ യാത്രയേയോ അല്ലെങ്കിൽ മറ്റൊരു കുരിശിന്റെ വഴിയെയോ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയിൽ അദ്ദേഹം എഴുതിയ കത്തുകൾ കുരിശിന്‍റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായിരിക്കുന്നു. ഈ കത്തുകളിൽ നിന്നും ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്നേഹവും ക്രിസ്തുവിനോട്‌ കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്‍റെ അദമ്യമായ ആഗ്രഹവും പ്രകടമാണ്. അപ്പോസ്തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങൾ നൽകുന്ന ഏഴ് അമൂല്യ രത്നങ്ങളാണ് ഈ കത്തുകൾ.

വിശുദ്ധ ഇഗ്നേഷ്യസ് ഏത് വർഷമാണ്‌ മരിച്ചതെന്നതിനെക്കുറിച്ച് ഒരറിവും ഇല്ല. ഒരു പക്ഷെ ട്രാജൻ ഭരണ കാലത്ത് രക്ത ദാഹികളായ ജനതകളെ ആനന്ദിപ്പിക്കുന്നതിനായി 10,000 ത്തോളം പടയാളികളുടെയും 11,000 ത്തോളം വരുന്ന വന്യമൃഗങ്ങളുടെയും ജീവൻ ബലി കഴിച്ചുകൊണ്ട് നടത്തിയിരുന്ന 'വിജയാഘോഷ' വേദികളിൽ എവിടെയെങ്കിലും ആവാം. വിശുദ്ധന്‍റെ മഹത്വപൂർണ്ണമായ രക്തസാക്ഷിത്വത്തിന് വേദിയായ രക്തസാക്ഷിത്വമണ്ഡപം ഒരു പക്ഷെ 'കൊളോസ്സിയം' ആകാം. സ്വർണ്ണം കൊണ്ടും വെണ്ണകല്ലുകൾ കൊണ്ടും അലങ്കരിക്കപ്പെട്ട ഈ ഭീമാകാര നിർമ്മിതിയുടെ നിർമ്മാണം ഒരു പക്ഷെ അപ്പോളായിരിക്കാം പൂർത്തിയായത്‌.

"സിറിയ മുതൽ റോം വരെ കരയിലും കടലിലും എനിക്ക് വന്യമൃഗങ്ങളോട് ഏറ്റുമുട്ടേണ്ടതായി വന്നു. പകലും രാത്രിയും ഏതാണ്ട് പത്തോളം പുള്ളിപുലികൾക്ക് നടുവിൽ ഞാൻ ബന്ധനസ്ഥനാക്കപ്പെട്ടു. നല്ലതായി പെരുമാറും തോറും ക്രൂരന്മാർ ആയികൊണ്ടിരിക്കുന്ന ഇവരാണ് എന്റെ കാവൽക്കാർ. ഇവരുടെ ക്രൂരമായ പെരുമാറ്റങ്ങൾ എനിക്കുള്ള നല്ല ശിക്ഷണമായിരുന്നുവെങ്കിലും അവസാന വിധി ഇനിയും ആയിട്ടില്ല. എനിക്കുവേണ്ടി ഇപ്പോഴേ തയ്യാറാക്കി നിർത്തിയിരിക്കുന്ന വന്യമൃഗങ്ങളുമായി മുഖാമുഖം കാണേണ്ടി വരും. ഞാനവയോട് പെട്ടെന്നുള്ള എന്റെ വിടവാങ്ങലിനായി അപേക്ഷിക്കേണ്ടി വന്നേക്കാം. മറ്റ് സാക്ഷികൾക്ക് സംഭവിച്ചത് പോലെ എന്റെ ശരീരത്തെയും ആര്‍ത്തിയോടെ തിന്നുവാനായി ഞാനവയെ ക്ഷണിക്കും. എന്റെ മേൽ ചാടി വീഴുന്നതിനു അവ മടിക്കുകയാണെങ്കിൽ എന്നെ തിന്നുവാനായി ഞാനവയെ പ്രേരിപ്പിക്കും. എന്റെ കുഞ്ഞ്‌ മക്കളെ, ഇത്തരം വാക്കുകൾക്ക് എന്നോടു ക്ഷമിക്കുക. എനിക്ക് നല്ലതെന്താണെന്ന് എനിക്കറിയാം. കാണപ്പെട്ട വസ്തുക്കൾ ഒന്നും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ക്രിസ്തുവിനെ കണ്ടെത്തണം. തീയും കുരിശും, വന്യമൃഗങ്ങളും, ഒടിഞ്ഞു നുറുങ്ങിയ എല്ലുകളും, പൂർണ്ണമായും കീറിമുറിക്കപ്പെട്ട ശരീരം, സാത്താന്റെ പീഡനവും, എനിക്ക് ക്രിസ്തുവിലെത്താൻ കഴിയുമെങ്കിൽ ഇവയെല്ലാം എന്നെ കീഴ്പ്പെടുത്തിക്കൊട്ടെ"

ഈ വിശുദ്ധനെ വന്യമൃഗങ്ങൾക്ക് എറിഞ്ഞു കൊടുക്കപ്പെട്ടു. ക്രൂരന്മാരായ സിംഹങ്ങളുടെ അലർച്ചകൾക്കിടയിലും അദ്ദേഹം ഇപ്രകാരം നിവിളിച്ചു പറഞ്ഞു "ക്രിസ്തുവിന്റെ ഗോതമ്പ് മണിയാകാനുള്ള വിത്താണ് ഞാൻ. ക്രിസ്തുവാകുന്ന അപ്പത്തിനു വേണ്ടി വന്യമൃഗങ്ങളുടെ കൂർത്ത പല്ലിനാൽ വിതക്കപ്പെടേണ്ടി വന്നേക്കാം"


Related Articles »