News - 2024

വിശുദ്ധ തോമസ് മോര്‍ രക്തസാക്ഷിയായപ്പോള്‍ ധരിച്ചിരുന്ന രോമ കുപ്പായം വണക്കത്തിനായി പ്രതിഷ്ഠിച്ചു

സ്വന്തം ലേഖകന്‍ 24-11-2016 - Thursday

ലണ്ടന്‍: പ്രൊട്ടസ്റ്റന്റ്‌ ആശയങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന വിശുദ്ധ തോമസ് മോറിന്റെ രോമ കുപ്പായം ബക്ക്ഫാസ്റ്റ് മഠത്തിലെ അള്‍ത്താരയില്‍ വണക്കത്തിനായി പ്രതിഷ്ഠിച്ചു. ആടിന്റെ രോമം കൊണ്ടു നിര്‍മ്മിച്ച ഈ കുപ്പായമാണ് വിശുദ്ധന്‍ രക്തസാക്ഷിയായപ്പോള്‍ ധരിച്ചിരുന്നത്. വിശുദ്ധന്റെ പ്രധാനപ്പെട്ട ഒരു തിരുശേഷിപ്പായി രോമ കുപ്പായത്തെ കണക്കാക്കാം എന്ന് ബനഡിക്റ്റിന്‍ മഠാധിപതിയായ ഡേവിഡ് ചാള്‍സ്വോര്‍ത്ത് പ്രതികരിച്ചു.

"ഇതിനു മുമ്പ് വിശുദ്ധന്റെ കുപ്പായം പരസ്യമായി പ്രദര്‍ശിപ്പിക്കുകയോ, വണക്കിനു പ്രതിഷ്ഠിക്കുകയോ ചെയ്തിട്ടില്ല. ഒരു തിരുശേഷിപ്പ് എന്ന നിലയില്‍ വസ്ത്രത്തിന് രണ്ടാം സ്ഥാനമാണ് ലഭിക്കുക. എന്നാല്‍ തോമസ് മൂര്‍ രക്തസാക്ഷിയായപ്പോള്‍ ധരിച്ചിരുന്നത് ഈ കുപ്പായമാണ്. വിശുദ്ധന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്ന കുപ്പായം എന്ന നിലയില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്". ഫാ. ഡേവിഡ് ചാള്‍സ്വോര്‍ത്ത് പറഞ്ഞു.

1535 ജൂലൈ ആറാം തീയതിയാണ് ഇംഗ്ലണ്ടിലെ ലോര്‍ഡ് ചാന്‍സിലര്‍ പദവി വഹിച്ചിരുന്ന വിശുദ്ധ തോമസ് മൂര്‍ രക്തസാക്ഷിയായത്. മാർപ്പാപ്പയെ ലംഘിച്ചു പ്രവർത്തിക്കുകയും ഇംഗ്ലണ്ടിലെ സഭയുടെ മേധാവിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ഹെൻറി എട്ടാമനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിലാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വഹിച്ചത്.

ഹെൻറി എട്ടാമന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം, ലണ്ടൻ ടവറിലെ മണി ഗോപുരത്തില്‍ ബന്ധിച്ച ശേഷം പരസ്യമായാണ് വിശുദ്ധ തോമസ് മൂറിനെ വധിച്ചത്. 1935-ൽ പീയൂസ് പതിനൊന്നാമൻ മാർപാപ്പയാണ് തോമസ് മോറിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.