Meditation. - January 2024

ദൈവത്തെ അറിയുന്നതില്‍ നിന്നും ലഭിക്കുന്ന സമാധാനം

സ്വന്തം ലേഖകന്‍ 07-01-2024 - Sunday

"അത് അവിടുത്തെ ജനത്തിന് പാപമോചനംവഴിയുള്ള രക്ഷയെക്കുറിച്ച് അറിവുകൊടുക്കാനും, നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്" (ലൂക്കാ 1:77-79)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 07

യഥാര്‍ത്ഥ പ്രാര്‍ത്ഥന മനുഷ്യമനസ്സില്‍ വ്യതിയാനം വരുത്തുന്നു. നമ്മുടെ ആവശ്യം ദൈവത്തിന് പൂര്‍ണ്ണമായും അറിയാം. സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നുവെങ്കില്‍, അതിനുകാരണം പ്രാര്‍ത്ഥിക്കുന്നവരെ അത്ഭുതകരമായി മാറ്റുവാനും, അനുരജ്ഞനത്തിലേക്കും സഹോദര്യത്തിലേക്കും വഴിനടത്തുവാന്‍ അതിന് സാധിക്കും എന്ന കാരണം കൊണ്ടാണ്. ആത്മാര്‍ത്ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി തീര്‍ച്ചയായും ധ്യാനിക്കുന്നത്, സൃഷ്ടാവായ ദൈവം ആഗ്രഹിക്കുന്ന സമാധാനത്തിന്റെ ദൂതിനെ പറ്റിയാണ്. വി. ഫ്രാന്‍സിസ് അസ്സീസ്സി അസാധാരണമായ വിധത്തില്‍ സമാധാനം സാക്ഷാത്ക്കരിച്ച മാതൃകയാണ്.

സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവന്‍ ദൈവത്തിന് കൃതജ്ഞതാസ്‌തോത്രം അര്‍പ്പിക്കുന്നു. ആദിയിലും അന്ത്യത്തിലും മാനവകുടുംബം ഒന്നാണെന്നും, അത് ദൈവത്തിലേക്ക് തിരികെ പോകുന്നുവെന്നും അവന്‍ മനസ്സിലാക്കുന്നു. ദുഷ്ടതയുടെ ദുരാത്മാവിനാല്‍ പരീക്ഷിക്കപ്പെടുന്ന മനുഷ്യാത്മാവിന് പരിമിതികളും പരാജയങ്ങളും ഉണ്ടെങ്കിലും, ഓരോ പുരുഷനും സ്ത്രീയും അവന്റേയോ അവളുടെയോ ഉള്ളില്‍ വഹിക്കുന്നത് ദൈവത്തിന്റെ ഛായയാണെന്ന് മനസ്സിലാക്കുന്നു. ക്രിസ്തീയ വെളിപാട് സ്വീകരിക്കുന്ന വ്യക്തി അവന്റെ ധ്യാനത്തില്‍ ഒരുപടി കൂടി മുന്നോട്ടുപോകുന്നു.

ക്രിസ്തു തന്നെ തന്നെ വീണ്ടെടുത്തിട്ടുണ്ടെന്നും, തന്നെ ഒരു സഹോദരനാക്കിത്തീര്‍ത്തുവെന്നും, ദൈവത്തിന്റെ ചിതറിപ്പോയ മക്കളെ തന്നില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും അവന്‍ മനസ്സിലാക്കുന്നു. മനുഷ്യന്‍ ആത്മശോധന ചെയ്യുമ്പോള്‍, അവന്റെ മുന്‍വിധികളും, കുറവുകളും, പരാജയങ്ങളും തിരിച്ചറിഞ്ഞ്, അവനിലും അന്യരിലുമുള്ള, സ്വാര്‍ത്ഥതയും അസൂയയും അക്രമസ്വഭാവവുമാണ് സമാധാനത്തിനുള്ള യഥാര്‍ത്ഥ തടസ്സങ്ങളെന്ന് മനസ്സിലാക്കുന്നു. ഇതിനു പരിഹാരം നേടാന്‍ അവന്‍ ദൈവത്തിന്റേയും അവന്റെ സഹോദരന്മാരുടേയും ക്ഷമ തേടുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.87)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »