Daily Saints. - August 2024

August 29: വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരഛേദനം

സ്വന്തം ലേഖകന്‍ 29-08-2023 - Tuesday

ഇന്ന് നാം വിശുദ്ധ സ്നാപകയോഹന്നാന്റെ ശിരഛേദനത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആചരിക്കുന്നു. ജൂണ്‍ 24-ന് സ്നാപകയോഹന്നാന്റെ ജനനതിരുനാളും സഭ ആഘോഷിക്കുന്നുണ്ട്. വിശുദ്ധരുടെ ഗണത്തിൽ നിന്നും പരിശുദ്ധ കന്യകാ മറിയത്തിന്റെയും സ്നാപകയോഹന്നാന്റെയും മാത്രമാണ് ജനനതിരുനാളുകൾ ആഘോഷിക്കപ്പെടുന്നത്. മറ്റെല്ലാ വിശുദ്ധരുടെയും മരണത്തിന്റെ ഓർമ്മ പുതുക്കുന്ന തിരുനാളുകളാണ് നാം ആഘോഷിക്കുന്നത്.

വിശുദ്ധ സ്നാപക യോഹന്നാന്‍ കൊല്ലപ്പെടുവാനുള്ള സാഹചര്യങ്ങളേയാണ് ഇന്നത്തെ സുവിശേഷത്തില്‍ വിവരിക്കുന്നത്. സ്വന്തം സഹോദരന്റെ ഭാര്യയായിരുന്ന ഹേറോദിയായെ അവളുടെ ഭര്‍ത്താവ്‌ ജീവിച്ചിരിക്കെ അന്യായമായി സ്വന്തമാക്കിയത് തെറ്റാണെന്ന്‍ രാജാവിന്റെ മുഖത്ത് നോക്കി പറയുവാനുള്ള ധൈര്യം വിശുദ്ധ സ്നാപകയോഹന്നാന്‍ കാണിച്ചു. യോഹന്നാനെ പിടികൂടി തടവിലാക്കുവാനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഹേറോദിയാ ഹേറോദേസിലൂടെ അത് നടപ്പിലാക്കുകയും, തന്റെ മകളായ സലോമിയിലൂടെ വിശുദ്ധനെ ശിരഛേദം ചെയ്യുവാനുള്ള അവസരം മുതലാക്കുകയും ചെയ്തു.

തിരുസഭയില്‍ നാലാം നൂറ്റാണ്ടു മുതല്‍ യേശുവിന്റെ പാതയൊരുക്കുവാന്‍ വന്നവന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മപുതുക്കുന്ന പതിവ്‌ ആരംഭിച്ചിരുന്നു. വിശുദ്ധന്റെ ശരീരം സമരിയായിലാണ് അടക്കം ചെയ്തിരുന്നത്. 362-ല്‍ വിജാതീയര്‍ വിശുദ്ധന്റെ ശവകുടീരം ആക്രമിക്കുകയും തിരുശേഷിപ്പുകള്‍ കത്തിച്ചു കളയുകയും ചെയ്തു. അതില്‍ കുറച്ചു ഭാഗം മാത്രം അവിടുത്തെ സന്യാസിമാര്‍ക്ക് സംരക്ഷിക്കുവാന്‍ കഴിഞ്ഞുള്ളൂ. അവ പിന്നീട് അലെക്സാണ്ട്രിയായില്‍ വിശുദ്ധ അത്തനാസിയൂസിനു അയച്ചു കൊടുത്തു.

വിശുദ്ധന്റെ ശിരസ്സിനെ നിരവധി സ്ഥലങ്ങളില്‍ ആദരിക്കുന്നുണ്ട്. ബ്രെസ്ലാവുവിലുള്ള ഡൊമിനിക്കന്‍ ദേവാലയത്തിലും മറ്റനേകം ദേവാലയങ്ങളിലും വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരസ്സിനെ ആദരിച്ചു വരുന്നു. യേശുവിനു വഴിയൊരുക്കാന്‍ വന്നവന്‍ യേശുവിനു വേണ്ടി തന്റെ ജീവന്‍ നല്‍കി. അവനെ തടവിലാക്കിയവന്‍ യേശുവിനെ നിരാകരിക്കുവാനല്ലായിരുന്നു അവനോടു ആവശ്യപ്പെട്ടത്, മറിച്ച് സത്യം പറയാതിരിക്കുവാനാണ്. എന്നാലും അവന്‍ സത്യം പറയുകയും യേശുവിനു വേണ്ടി മരണം വരിക്കുകയും ചെയ്തു.

സത്യത്തിനു വേണ്ടി യോഹന്നാന്‍ തന്റെ രക്തം ചിന്തിയതിനാല്‍, അവന്‍ തീര്‍ച്ചയായും യേശുവിനു വേണ്ടിയാണ് തന്നെയാണ് മരണം വരിച്ചത്‌. സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച സ്നാപകയോഹന്നാന്റെ ശക്തിയും ഉന്നതിയും മഹത്തായിരുന്നു. സ്വര്‍ഗ്ഗീയ സമാധാനത്തിന്റെ സ്വാതന്ത്ര്യത്തേക്കുറിച്ചാണ് അവന്‍ പ്രഘോഷിച്ചത്. എന്നിട്ടും അധര്‍മ്മികള്‍ അവനെ ചങ്ങലക്കിട്ടു. സത്യത്തിനു വേണ്ടി താല്‍ക്കാലികമായ യാതനകള്‍ സഹിക്കുക യോഹന്നാനെ പോലെയുള്ള ഒരാള്‍ക്ക് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല. മറിച്ച് അത് എളുപ്പം നിര്‍വഹിക്കാവുന്നതും അവന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ്. കാരണം ശാശ്വതമായ ആനന്ദമായിരിക്കും അതിന്റെ പ്രതിഫലം എന്ന് യോഹന്നാന് അറിയാമായിരിന്നു.

ഇതര വിശുദ്ധര്‍

1. ട്രെവെസ്സിലെ ബിഷപ്പായ അഗ്രേസിയൂസ്

2. ക്ലൂണി മഠത്തിലെ ബെര്‍ണോ

3. ബ്രെട്ടണിലെ ഏലിയന്‍

4. ബ്രിട്ടനിയിലെ ആലത്തിലെ ബിഷപ്പായ എനോഗാത്തൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »