Christian Prayer - September 2024

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 15-09-2022 - Thursday

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. കേരള മണ്ണില്‍ വിടര്‍ന്ന സഹനപുഷ്പമായ അല്‍ഫോസാമ്മയെ ഭാരത സഭയുടെ ആദ്യ വിശുദ്ധയായി കിരീടമണിയിച്ച അവിടുത്തെ അനന്ത കാരുണ്യത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. "ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നില്ലെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും." (യോഹ. 12/24) എന്ന തിരുവചനം ജീവിതത്തില്‍ പകര്‍ത്തിയ വി. അല്‍ഫോന്‍സായുടെ മദ്ധ്യസ്ഥ സഹായത്തിനായി ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും നാടിനെയും മനുഷ്യവംശം മുഴുവനേയും സമര്‍പ്പിക്കുന്നു.

ദൈവ സ്നേഹ തീവ്രതയില്‍ ജ്വലിച്ചെരിഞ്ഞ്‌ സഹനം സന്തോഷത്തോടെ സ്വീകരിച്ച് രക്ഷാകരമാക്കിയ വി. അല്‍ഫോന്‍സയെ അനുകരിച്ച് അനുദിന ജീവിതത്തിലെ സഹനങ്ങളെ സമചിത്തതയോടെ സ്വീകരിക്കുവാനും ലോകത്തിന്‍റെ ക്ഷണിക സുഖങ്ങളാല്‍ ആകര്‍ഷിതരാകാതെ ദൈവിക പുണ്യങ്ങളില്‍ വളര്‍ന്ന്‍ സഹോദരങ്ങള്‍ക്ക് നന്മയുടെ വെളിച്ചം സദാ പകരുന്ന സ്നേഹസാന്നിദ്ധ്യമാകുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ.

വി. അല്‍ഫോന്‍സയുടെ സുകൃത യോഗ്യതയാലും മാദ്ധ്യസ്ഥത്താലും ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനാ നിയോഗങ്ങളും പ്രത്യേകിച്ച് (ആവശ്യം പറയുക) സാധിച്ചു തന്ന്‍ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും ആമ്മേന്‍.


Related Articles »