News - 2024

ക്രൈസ്തവ ദേവാലയം ശുദ്ധീകരിക്കാന്‍ ഇസ്ലാം മതസ്ഥരും ഒത്തുചേര്‍ന്നത് ശ്രദ്ധേയമായി

സ്വന്തം ലേഖകന്‍ 17-02-2017 - Friday

മൊസൂള്‍: രണ്ടു വര്‍ഷക്കാലം ഐഎസ്‌ ഭീകരരുടെ അധീനതയില്‍ ആയിരിന്ന വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തിലെ ക്രൈസ്തവ ദേവാലയം സൈന്യം വീണ്ടെടുത്തപ്പോള്‍ ദേവാലയം വൃത്തിയാക്കാനും മറ്റുമായി നിരവധി ഇസ്ലാം മതസ്ഥര്‍ സഹായവുമായെത്തിയത്‌ ഏറെ ശ്രദ്ധേയമായി. ദ്രക്‌സിലിയിലെ കന്യകാമാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ ശുദ്ധീകരണത്തിനാണ് ഇസ്ലാം മതസ്ഥര്‍ എത്തിയത്.

ടൈഗ്രിസിന്റെ ഇടത്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന കൊച്ചു പട്ടണം ഇറാഖി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്‌ ഇപ്പോള്‍. നേരത്തെ തീവ്രവാദികള്‍ നഗരം പിടിച്ചെടുത്തപ്പോള്‍ കന്യകാമാതാവിന്റെ ഈ ദേവാലയത്തിലായിരിന്നു തമ്പടിച്ചിരുന്നത്‌. ഇവിടെ നിന്നായിരുന്നു ആയുധങ്ങള്‍ അടക്കമുള്ള സാധനസമഗ്രികള്‍ മറ്റിടങ്ങളിലേക്ക്‌ തീവ്രവാദികള്‍ കൊണ്ടുപോയിരുന്നത്‌. 2014ല്‍ പട്ടണം പിടിച്ചടക്കിയതിനെ തുടര്‍ന്ന്‌ ഈ ദേവാലയം തകര്‍ത്തിരുന്നതായി വാര്‍ത്ത വന്നിരുന്നെങ്കിലും കാര്യമായ കേടുപാടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്‌ വിശ്വാസികള്‍ പറയുന്നു.

ദേവാലയം അടിച്ചുവാരി വൃത്തിയാക്കി, ചുവരുകളിലുള്ള എഴുത്തുകള്‍ മായ്‌ച്ചു കളയാനുള്ള ശ്രമദാനത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്‌ നിരവധി യുവാക്കളും വിശ്വാസികളും. അതേ സമയം ഐഎസിന്റെ പിടിയിലായിരുന്ന വടക്കന്‍ ഇറാഖിലെ മോചിപ്പിക്കപ്പെട്ട ക്രൈസ്‌തവ ഗ്രാമങ്ങളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കത്തോലിക്ക സഭ വിവിധ പദ്ധതികള്‍ തയാറാക്കി കൊണ്ടിരിക്കുകയാണ്.


Related Articles »