News - 2024

ഹൈദരാബാദില്‍ അക്രമികള്‍ തകര്‍ത്ത ദേവാലയത്തിന്റെ ശുദ്ധീകരണ കര്‍മ്മങ്ങള്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 01-06-2017 - Thursday

ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദ് അതിരൂപതയിലെ കീസര ഗ്രാമത്തിലുള്ള ഗോഡമകുണ്ടായില്‍ നൂറോളം പേര്‍ നശിപ്പിച്ച ‘ഔര്‍ ലേഡി ഓഫ് ഫാത്തിമാ’ ദേവാലയത്തില്‍ ശുദ്ധീകരണകര്‍മ്മങ്ങള്‍ക്കും അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കും തുടക്കം കുറിച്ചു. ഹൈദരാബാദ് രൂപതാദ്ധ്യക്ഷന്‍ തുമ്മാ ബാലയാണ് ജൂണ്‍ 9 വരെ നീണ്ടുനില്‍ക്കുന്ന ശുദ്ധീകരണ കര്‍മ്മങ്ങള്‍ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ശുദ്ധീകരണ കര്‍മ്മത്തിനും പങ്കെടുക്കുന്നതിനായി എല്ലാ വൈദികരെയും വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ബിഷപ്പ് പറഞ്ഞു.

നാളെ രൂപതയിലെ എല്ലാ ഇടവകകളിലും രണ്ട് മണിക്കൂര്‍ നേരത്തെ പ്രത്യേക ആരാധനയ്ക്കു ബിഷപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂണ്‍ 9-ന് എല്ലാ വൈദികരും അല്‍മായരും ഉപവാസവും, പ്രാര്‍ത്ഥനയും അനുഷ്ടിക്കണമെന്നു രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു. അന്നേ ദിവസം തന്നെ വിശ്വാസികള്‍ ദേവാലയത്തിന്റെ ആചാരപരമായ ശുചീകരണ കര്‍മ്മങ്ങള്‍ക്കായി ദേവാലയത്തില്‍ ഒന്നിച്ചു കൂടും.

പരിശുദ്ധ കന്യകാമാതാവിന്റെ ഫാത്തിമായിലെ പ്രത്യക്ഷീകരണങ്ങളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 13-നായിരുന്നു ഔര്‍ ലേഡി ഓഫ് ഫാത്തിമാ ദേവാലയം കൂദാശ ചെയ്തത്. ഇക്കഴിഞ്ഞ മെയ് 21-ന് ഏതാണ്ട് നൂറോളം വരുന്ന അക്രമികള്‍ ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ ദേവാലയത്തിലേക്ക് അതിക്രമിച്ചു കയറി ദേവാലയം നശിപ്പിക്കുകയായിരുന്നു.

അക്രമികള്‍ ദേവാലയത്തില്‍ ഉണ്ടായിരുന്ന പരിശുദ്ധ ദൈവമാതാവിന്റേയും, യേശുവിന്റെയും രൂപങ്ങള്‍ തകര്‍ത്തത് വിശ്വാസികളെ വേദനയിലാഴ്ത്തിയിരിന്നു. തങ്ങളുടെ ആരാധനാലയത്തിനു നേരെ നടന്ന ക്രൂരമായ ആക്രമണത്തിനുത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആരാധനാലയങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അതിരൂപത പോലീസിനേയും, തെലുങ്കാന ആഭ്യന്തരമന്ത്രിയേയും രൂപത സമീപിച്ചിട്ടുണ്ട്.


Related Articles »