Meditation. - July 2024

വാക്കുകൾ കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കഴിയാതെ പോയാല്‍..? യൂറോപ്പ് നൽകുന്ന പാഠം

സ്വന്തം ലേഖകന്‍ 25-07-2023 - Tuesday

"ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്" (റോമ 10: 17).

യേശു ഏകരക്ഷകൻ: ജൂലൈ 25
വാക്കുകൾ കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കഴിയാതെ പോയാല്‍ എന്തു സംഭവിക്കും? ഇക്കാര്യത്തിൽ യൂറോപ്പിനുണ്ടായ അനുഭവം നാം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. ഒരു കാലത്ത് വാക്കിലൂടെയും പ്രവര്‍ത്തികളിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതില്‍ യൂറോപ്പ് മുന്‍പന്തിയിലായിരുന്നു. എന്നാല്‍ പിന്നീട്, വാക്കുകളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതില്‍ കുറവു വരുകയും നിരവധി ക്രൈസ്തവ സമൂഹങ്ങൾ പ്രവര്‍ത്തികളിലൂടെ മാത്രം ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് തുടര്‍ന്നു പോരുകയും ചെയ്തു. അതിന്‍റെ ഫലമായി യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം ക്ഷയിക്കുവാന്‍ തുടങ്ങി. ഇന്നും ലോകത്തിന്‍റെ ഏതുഭാഗത്തും പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ സഹായഹസ്തവുമായി ആദ്യമെത്തുന്നത് യൂറോപ്പിലെ സന്നദ്ധ സംഘടനകളാണ്. എന്നാല്‍ ക്രിസ്തുവിന്‍ വിശ്വസിക്കുന്നവരുടെയും ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരുടെയും എണ്ണം കുറഞ്ഞുവരുന്നു.

യൂറോപ്പിന്‍റെ ഈ അവസ്ഥക്കുള്ള ഒരു പ്രധാന കാരണം വാക്കുകളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിലുണ്ടായ കുറവാണ്. യൂറോപ്പിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ക്രൈസ്തവവിശ്വാസത്തിന്റെ ശക്തവും ദീർഘവുമായ ഒരു വസന്തകാലം അവിടെ നിലനിന്നിരുന്നു. ഈ കാലഘട്ടത്തിലാണ് ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും ക്രൈസ്തവവിശ്വാസം ശക്തമായി പടര്‍ന്നു പന്തലിച്ചത്.

അക്കാലത്തു മുഖ്യമായും യൂറോപ്പില്‍ നിന്നുള്ള മിഷനറിമാരാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പോയി വചനം പ്രഘോഷിച്ചത്. വിശ്വാസികളോടും അവിശ്വാസികളോടും സുവിശേഷം പ്രഘോഷിക്കുവാൻ ധാരാളം വ്യക്തികളും സംഘടനകളും അക്കാലത്തു മുന്നോട്ടുവന്നു; ക്രിസ്തുവിലുള്ള വിശ്വാസം ശക്തിപ്പെടുത്താനുതകുന്ന ധാരാളം പുസ്തകങ്ങള്‍ എഴുതപ്പെട്ടു. കലാരംഗങ്ങളിലും, ചിത്രരചനകളിലും, സംഗീത രംഗത്തും ബൈബിള്‍ രംഗങ്ങള്‍ നിറഞ്ഞുനിന്നു.

വിശ്വാസത്തിന്‍റെ പ്രകടമായ ആഘോഷങ്ങള്‍ അക്കാലത്ത് ശക്തമായി നിലനിന്നിരുന്നു. അതിന്‍റെ ഫലമായി വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ തയ്യാറായ നിരവധി മിഷനറിമാര്‍ ലോകം മുഴുവന്‍ സഞ്ചരിക്കുകയും വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുകയും ചെയ്തു. അങ്ങനെ ലോകം മുഴുവന്‍ ക്രൈസ്തവ വിശ്വാസം ശക്തി പ്രാപിച്ചു.

ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതില്‍ യൂറോപ്പിനുണ്ടായ വീഴ്ച തിരിച്ചറിഞ്ഞതു കൊണ്ടാണ് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ തന്‍റെ യു.കെ. സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് ജനതയോട് ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ ആവശ്യപ്പെട്ടത്. പ്രവര്‍ത്തികളിലൂടെ മാത്രം ക്രിസ്തുവിനെ പ്രഘോഷിച്ചാല്‍ മതി എന്ന തെറ്റായ ധാരണ ഇന്ന്‍ ധാരാളം വിശ്വാസികളുടെ ഇടയില്‍ വളര്‍ന്നു വരുന്നുണ്ട്. ഇത് പിശാച് ഒരുക്കുന്ന കെണിയാണിത് എന്നു നാം തിരിച്ചറിയണം.

You May Like: ‍ ക്രിസ്തുമതത്തിനു യൂറോപ്പില്‍ വീണ്ടും വസന്തകാലം ഉണ്ടാകും: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അഭിമുഖം വീണ്ടും ശ്രദ്ധേയമാകുന്നു

വചനപ്രഘോഷണങ്ങളെയും ദേവാലയ ശുശ്രൂഷകളെയും എതിര്‍ക്കുകയും അതേസമയം ജീവകാരുണ്യ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരെയും ഗ്രൂപ്പുകളെയും നമുക്ക് ചുറ്റും കാണുവാന്‍ സാധിക്കും. ഇത്തരം വ്യക്തികളെയും സംഘടനകളെയും ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ജീവകാരുണ്യ പ്രവര്‍ത്തികള്‍ ഒരു ക്രൈസ്തവ വിശ്വാസിയുടെ കടമ തന്നെയാണ്. എന്നാല്‍ ദൈവത്തെ ആരാധിക്കുന്നതും വചനം പ്രഘോഷിക്കുന്നതും ഒഴിവാക്കിക്കൊണ്ടു നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തികള്‍ ഒരിക്കലും ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്തുകയില്ല. "വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്" എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ക്രൈസ്തവ സമൂഹം ഒരിക്കലും വിസ്മരിച്ചുകൂടാ.

വിചിന്തനം
ക്രിസ്തു ലോകരക്ഷകനാണെന്നും, അവിടുന്ന് ദൈവമാണെന്നും, രക്ഷ പ്രാപിക്കുവാന്‍ ക്രിസ്തുവില്‍ വിശ്വസിക്കേണ്ടത് ആവശ്യമാണെന്നും മറ്റുള്ളവരോട് പറയാന്‍ നാം തയ്യാറാകുന്നുണ്ടോ? ഭൂമിയുടെ അതിര്‍ത്തികള്‍ വരെ വേഗത്തില്‍ സുവിശേഷം എത്തിക്കാന്‍ ഇന്ന്‍ ധാരാളം സാങ്കേതിക സംവിധാനങ്ങളും സാധ്യതകളുമുണ്ട്. അവ പ്രയോജനപ്പെടുത്തിക്കൊണ്ട് ക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവരോട്‌ പറയുകയും, നമ്മുടെ രചനകളിലും, കലാരൂപങ്ങളിലും, സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലും ക്രിസ്തുവിന്‍റെ വചനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. അങ്ങനെ ലോകം മുഴുവന്‍ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിന്റെ വചനങ്ങള്‍ ശ്രവിക്കട്ടെ. അങ്ങനെ ലോകം മുഴുവന്‍ യേശു ഏക രക്ഷകന്‍ എന്ന് ഏറ്റു പറയട്ടെ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »