Meditation. - April 2024

സ്വർഗ്ഗവും ഭൂമിയും വ്യാപിച്ചുകിടക്കുന്ന പുണ്യവാന്മാരുടെ ഐക്യത്തിന്റെ ഭാഗമാണ് ഓരോ ക്രിസ്ത്യാനിയും

സ്വന്തം ലേഖകന്‍ 19-04-2023 - Wednesday

"ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വർഗ്ഗത്തിലേക്കു കണ്ണുകളുയർത്തി പ്രാർത്ഥിച്ചു: പിതാവേ... നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവർക്കു ഞാൻ നൽകിയിരിക്കുന്നു." (യോഹ 17:1,22).

ക്രിസ്ത്യാനി ഒരിക്കലും ഒറ്റപ്പെട്ടവനല്ല. സ്വർഗ്ഗവും ഭൂമിയും വ്യാപിച്ചുകിടക്കുന്ന പുണ്യവാന്മാരുടെ ഐക്യത്തിന്റെ ഭാഗമാണ് ഓരോ ക്രിസ്ത്യാനിയും. ഓരോ ക്രിസ്ത്യാനിയുടെയും ജീവിതം ക്രിസ്തുവിലും ക്രിസ്തുവിലൂടെയും വിസ്മയനീയമായ വിധത്തില്‍ എല്ലാ ക്രൈസ്തവസഹോദരങ്ങളുടെയും ജീവിതവുമായി കൂടിച്ചേര്‍ന്നിരിക്കുന്നു. ക്രൈസ്തവരുടെ ജീവിതം, ക്രിസ്തുവിന്‍റെ മൗതികശരീരത്തിന്‍റെ പ്രകൃത്യതീതമായ ഐക്യത്തില്‍ ഒറ്റ മൗതിക വ്യക്തിയിലെന്നപോലെ, ഒന്നുചേര്‍ന്നിരിക്കുന്നു.

സഭ എന്നത് നാം ഈ ഭൂമിയിൽ കാണുന്ന ചില സംവിധാനങ്ങളല്ല; അത് സ്വർഗ്ഗവും ഭൂമിയും വ്യാപിച്ചുകിടക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയാണ്. മരണശേഷം സ്വര്‍ഗ്ഗീയ ഭവനത്തില്‍ എത്തിച്ചേര്‍ന്നവരും ശുദ്ധീകരണസ്ഥലത്തില്‍ തങ്ങളുടെ പാപങ്ങളില്‍ നിന്ന് ശുദ്ധീകരണം നേടുന്നവരും, ഇപ്പോഴും ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുമായ വിശ്വാസികള്‍ തമ്മില്‍ സ്നേഹത്തിന്‍റെ ശാശ്വതമായ ബന്ധവും എല്ലാ നന്മകളുടെയും സമൃദ്ധമായ വിനിമയവും ഉണ്ട്. അത്ഭുതാവഹമായ ഈ കൈമാറ്റപ്രക്രിയയില്‍, ഒരാളുടെ വിശുദ്ധിയില്‍ നിന്നു മറ്റുള്ളവര്‍ക്കു പ്രയോജനം കിട്ടുന്നു. ഒരാളുടെ പാപം മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ദ്രോഹത്തിനതീതമായി അത് ലഭിക്കുന്നു. അങ്ങനെ, അനുതപിക്കുന്ന ഒരു വിശ്വാസി പുണ്യവാന്മാരുടെ ഐക്യത്തെ ആശ്രയിക്കുന്നതിലൂടെ, പാപത്തിനുള്ള ശിക്ഷകളില്‍ നിന്ന് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും ശുദ്ധീകരിക്കപ്പെടാന്‍ ഇടയാകുന്നു.

പുണ്യവാന്മാരുടെ ഐക്യത്തിന്‍റെ ഈ ആധ്യാത്മിക നന്മകൾ മനുഷ്യൻ സംഭരിച്ചിട്ടുള്ള നന്മകളുടെ ആകെത്തുകയല്ല, മറിച്ച്, ക്രിസ്തുവിന്‍റെ യോഗ്യതകള്‍ക്കു ദൈവത്തിന്‍റെ മുന്‍പിലുള്ള അക്ഷയവും അനന്തവുമായ മൂല്യമാണ് അത്. മനുഷ്യവര്‍ഗ്ഗം മുഴുവനും പാപത്തില്‍ നിന്നു വിമോചിതമാകുന്നതിനും പിതാവുമായുള്ള ഐക്യം നേടുന്നതിനും വേണ്ടി അവ സമര്‍പ്പിക്കപ്പെട്ടു. രക്ഷകനായ ക്രിസ്തുവില്‍ത്തന്നെ അവിടുത്തെ വീണ്ടെടുപ്പു കര്‍മത്തിന്‍റെ പരിഹാരപ്രവൃത്തികളും യോഗ്യതകളും നിലനില്‍ക്കുകയും ഫലമണിയുകയും ചെയ്യുന്നു.

വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും, അവിടുത്തെ കാലടികളെ പിന്തുടര്‍ന്നു അവിടുത്തെ കൃപയാല്‍ തങ്ങളുടെ ജീവിതങ്ങളെ പവിത്രീകരിക്കുകയും ചെയ്ത സകല വിശുദ്ധരും മരണശേഷം സ്വർഗീയസൗഭാഗ്യം അനുഭവിക്കുന്നു. ദൈവം തങ്ങളെ ഭരമേല്‍പ്പിച്ച ദൗത്യം ഭംഗിയായി നിര്‍വഹിച്ച അവർ ക്രിസ്തുവിന്റെ മൗതികശരീരത്തിന്‍റെ ഐക്യത്തില്‍ തങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കുന്നതില്‍ അവരുടെ പ്രാർത്ഥനകളിലൂടെ സഹകരിക്കുകയും ചെയ്യുന്നു.
(Cf: CCC 1474- 1477)

വിചിന്തനം
അനുദിന ജീവിതത്തിന്റെ ഭാരം വഹിക്കുമ്പോഴും, രോഗത്താലും മറ്റു വേദനകളാലും നമ്മൾ തളർന്നുപോകുമ്പോഴും നാം ഒരിക്കലും തനിച്ചല്ല. ഈ ബോധ്യം ഓരോ ക്രൈസ്തവനുമുണ്ടായിരിക്കണം. സ്വർഗ്ഗവും ഭൂമിയും വ്യാപിച്ചുകിടക്കുന്ന പുണ്യവാന്മാരുടെ ഐക്യത്തിന്റെ ഭാഗമാണ് ഓരോ ക്രിസ്ത്യാനിയും. രക്ഷകന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, അവിടുത്തെ വളർത്തുപിതാവായ വിശുദ്ധ യൗസേപ്പിന്റെയും, സകല വിശുദ്ധരുടെയും പ്രാർത്ഥനകളും, സ്വർഗ്ഗത്തിൽ നിന്നും ദൈവം അയയ്ക്കുന്ന മാലാഖമാരുടെ സംരക്ഷണവും ഓരോ ക്രിസ്ത്യാനിയെയും വലയം ചെയ്തിരിക്കുന്നു. ഈ വലിയ കൂട്ടായ്മയുടെ ഭാഗമായിത്തീരാൻ ഓരോ മനുഷ്യനും യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിലുള്ള വിശ്വാസം അനുദിനജീവിതത്തിൽ ഏറ്റുപറയുകയും ചെയ്യണം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »