News - 2024
ഇന്‍ഡോര്‍ റാണിയുടെ നാമകരണത്തിന് കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് ഭാരതസഭ
സ്വന്തം ലേഖകന്‍ 06-11-2017 - Monday
ഉദയ്നഗര്‍: ഇന്‍ഡോര്‍ റാണിയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിയതിന് കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് ഭാരതസഭ. വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന ഉദയ്‌നഗറിന്റെ മണ്ണില്‍ തിരുസഭ അര്‍പ്പിച്ച കൃതജ്ഞതാ ബലിയില്‍ മെത്രാന്മാരും വൈദികരും സന്യസ്ഥരും ഗ്രാമീണരും അടക്കം ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തു. സിസ്റ്ററുടെ കബറിടമുള്ള മധ്യപ്രദേശിലെ ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയ്ക്കു മുന്‍പിലൊരുക്കിയ വേദിയിലായിരിന്നു കൃതജ്ഞതാബലി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാര്‍മികനായിരിന്നു.
പ്രദക്ഷിണമായി അള്‍ത്താരയിലേക്കു നീങ്ങിയ കാര്‍മികരെ ഉദയ്‌നഗറിലെ കുട്ടികള്‍ പ്രാര്‍ത്ഥനാനൃത്തത്തോടെയാണ് വരവേറ്റത്. സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പും തിരുസ്വരൂപവും ആര്‍ച്ച്ബിഷപ് ഡോ. ദിക്വാത്രോ ആശീര്‍വദിച്ചു. ദിവ്യബലിയില്‍ നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര വചനസന്ദേശം നല്‍കി. ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ഹെന്റി ജാഗോത്സിംകി, ഇന്‍ഡോര്‍ രൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ ജോണ്‍ എന്നിവര്‍ സഹകാര്‍മികരായി.
ദിവ്യബലിയെ തുടര്‍ന്നു പള്ളിയിലെ സിസ്റ്റര്‍ റാണി മരിയയുടെ കബറിടത്തിനു മുന്നിലെത്തി മെത്രാന്മാരും വൈദികരും വിശ്വാസികളും പ്രാര്‍ത്ഥന നടത്തി. സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വണങ്ങാന്‍ വിശ്വാസികളുടെ നീണ്ട നിര ദൃശ്യമായിരുന്നു. സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗങ്ങള്‍, പുല്ലുവഴിയിലെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രതിനിധികള്‍ എന്നിവരും കൃതജ്ഞതാ ബലിയില്‍ പങ്കുചേര്‍ന്നു.
എഫ്‌സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, ഭോപ്പാല്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രിന്‍സി റോസ്, ജനറല്‍ കൌണ്‍സിലര്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍, സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവരും ചടങ്ങിനെത്തി. വിവിധ പരിപാടികള്‍ ക്രമീകരിക്കുന്നതില്‍ എഫ്‌സിസി സന്യാസിനിമാര്‍ക്കൊപ്പം പ്രദേശവാസികള്‍ സജീവ പങ്കാളിത്തമാണ് നടത്തിയത്.