India

യേശുവിന്റെ രക്ഷാകര ചരിത്രത്തെ ശില്‍പ്പങ്ങളിലേക്ക് പകര്‍ത്തിക്കൊണ്ട് അര്‍ത്തുങ്കല്‍ ബസിലിക്ക

സ്വന്തം ലേഖകന്‍ 09-01-2018 - Tuesday

അര്‍ത്തുങ്കല്‍: യേശുവിന്റെ രക്ഷാകര ചരിത്രത്തെ സ്മരിച്ചുകൊണ്ട് ആലപ്പുഴ അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ജപമാല രഹസ്യങ്ങളുടെ പൂര്‍ണരൂപങ്ങള്‍ ഒരുങ്ങുന്നു. സന്തോഷത്തിന്റെ ആദ്യ രഹസ്യമായ മംഗളവാര്‍ത്തയില്‍ തുടങ്ങി പ്രകാശത്തിന്റെ അവസാന രഹസ്യത്തില്‍ അവസാനിപ്പിക്കുന്ന രീതിയിലാണ് ശില്പങ്ങള്‍ ഒരുക്കുന്നത്.

ബസിലിക്കയുടെ ഇരുവശങ്ങളിലുമായി 20 രഹസ്യങ്ങളാണ് എറണാകുളം പിഴല ഈരത്തറയില്‍ അമല്‍ ഫ്രാന്‍സീസ് എന്ന യുവശില്പി ഒരുക്കുന്നത്. ആകെ 80 ശില്പങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ പത്തു ശില്പങ്ങളുടെ കരവേലകള്‍ പൂര്‍ത്തിയാക്കി.

ഏതു ദിശയില്‍ നോക്കിയാലും ശില്പങ്ങളുടെ പൂര്‍ണരൂപം കാണാമെന്നതും ശില്പങ്ങള്‍ക്കു സമീപം അതത് രഹസ്യങ്ങളുടെ ശബ്ദങ്ങളും കേള്‍ക്കാമെന്നതും ശ്രദ്ധേയമാണ്. ഫാത്തിമാ മാതാവിന്റെ ദര്‍ശനം ഇടയകുട്ടികള്‍ക്കു ലഭിച്ചതിന്റെ നൂറാം വാര്‍ഷിക സമാപനത്തിനു മുന്‍പ് ശില്പങ്ങള്‍ ആശീര്‍വദിച്ചു വിശ്വാസികള്‍ക്കു പ്രാര്‍ത്ഥനയ്ക്കായി ഒരുക്കാമെന്ന പ്രതീക്ഷയിലാണ് ബസിലിക്കാ നേതൃത്വം.

കാലം ചെയ്ത ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ ശില്പം ഒരുക്കിയാണ് അമല്‍ ശില്‍പ്പ നിര്‍മ്മാണ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചത്. അര്‍ത്തുങ്കല്‍ ബസിലിക്കയുടെ നവീകരിച്ച അള്‍ത്താര ഉള്‍പ്പെടെ കേരളത്തിലും കര്‍ണാടകയിലുമായി 18 ദേവാലയങ്ങളില്‍ ഇരുപത്തിയൊന്‍പതുകാരനായ അമല്‍ അള്‍ത്താരകള്‍ നിര്‍മിച്ചിട്ടുണ്ട്. എറണാകുളം തൃപ്പുണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്‌സ് കോളജില്‍നിന്നു പെയിന്റിംഗില്‍ ഉന്നത ബിരുദം നേടിയ അമല്‍ എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ശില്പനിര്‍മാണം ആരംഭിച്ചത്. അമലിന്റെ പിതാവ് ഫ്രാന്‍സീസും ശില്പിയാണ്.


Related Articles »