News - 2024

സ്ത്രീകളെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കാന്‍ അനുവദിച്ചതിന്‍റെ പേരില്‍ മാര്‍പാപ്പയെ വിമർശിക്കുന്നവർ വായിച്ചറിയാന്‍...

സ്വന്തം ലേഖകൻ 03-02-2016 - Wednesday

പെസഹാ വ്യാഴാഴ്ച നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാന്‍ അനുവദിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ മാസം ഉത്തരവിറക്കിയതിനു ശേഷം, സോഷ്യല്‍ മീഡിയയിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഫ്രാന്‍സിസ് മാര്‍പാപ്പായെ അധിക്ഷേപിക്കുകയും; ചിലര്‍, Edit ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് വിശ്വാസികളെ തെറ്റിധരിപ്പിക്കുകയും ചെയ്യുന്നത് അനേകം വിശ്വാസികളെ വേദനിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, ഈ ശുശ്രൂഷയുടെ പ്രത്യേകതകളും പാരമ്പര്യങ്ങളും വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

യേശു ആരുടെ പാദങ്ങളാണ് കഴുകിയത്?

(യേശു അപ്പസ്തോലന്മാരുടെ പാദങ്ങളാണ് കഴുകിയതെന്നും അവര്‍ പുരുഷന്മാരായിരുന്നതു കൊണ്ട് ഈ ചടങ്ങ് പുരുഷന്മാര്‍ക്കു മാത്രമുള്ളതാണ് എന്നുമാണ് ഒരു വാദമുഖം.)

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രമാണ് ശിഷ്യന്മാരുടെ പാദം കഴുകുന്നതിനെക്കുറിച്ചുള്ള വിവരണമുള്ളത്. ബൈബിള്‍ ഇപ്രകാരമാണ് പറയുന്നത്: "അനന്തരം (യേശു) ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടയ്ക്കാനും തുടങ്ങി" (John 13:5).

ഇവിടെ യേശു അപ്പസ്തോലന്മാരുടെ പാദങ്ങള്‍ കഴുകി എന്നല്ല ബൈബിള്‍ പറയുന്നത് 'ശിഷ്യന്മാരുടെ' പാദങ്ങള്‍ കഴുകി എന്നാണ്. യേശുവിന്‍റെ അപ്പസ്തോലന്മാര്‍ പന്ത്രണ്ടുപേര്‍ മാത്രമായിരുന്നുവെങ്കില്‍ ശിഷ്യന്മാര്‍ അനവധിയായിരുന്നു.

കാൽകഴുകൽ ചടങ്ങിനെ പറ്റി വ്യക്തമായി മനസിലാക്കാൻ നമുക്ക് സഭയുടെ രണ്ടു രേഖകളാണ് പരിശോധിക്കുവാനുള്ളത്. അതിൽ ആദ്യത്തേത് 'Paschales Solemnitatis' എന്ന രേഖയാണ്. ഈസ്റ്ററുമായി ബന്ധപ്പെട്ട എല്ല ചടങ്ങുകളുടെയും വിവരണങ്ങൾ അടങ്ങിയിരിക്കുന്ന രേഖയാണിത്. പ്രസ്തതരേഖയിൽ പറയുന്നു: "യേശുവിന്റെ സേവനവും ദീനദയാലുത്വവുമാണ് ഈ ചടങ്ങിലൂടെ വെളിവാകുന്നത്. സേവിക്കപ്പെടാനല്ല, സേവിക്കാനായി ആണ് യേശു എത്തിയത് എന്ന സന്ദേശമാണ് ഈ ചടങ്ങ് നമുക്ക് നൽകുന്നത്. ഈ പാരമ്പര്യം തുടരണം; അതിന്റെ പ്രാധാന്യം വിവരിച്ചു കൊടുക്കേണ്ടതുമുണ്ട്."

രണ്ടാമത്തെ രേഖയായ 'Roman Missal' പറയുന്നു: 'പ്രഭാഷണത്തിന് ശേഷം കാൽകഴുകൽ ചടങ്ങ് നടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെ, ആരാധനാസഹായികൾ, നേരത്തെ തയ്യാറാക്കിയിട്ടുള്ള ഇരിപ്പടങ്ങളിലേക്ക് നയിക്കുന്നു. അതിനു ശേഷം വൈദീകൻ ഓരോരുത്തരുടെയും അടുത്തുചെന്ന് സഹായി എടുത്തു കൊടുക്കുന്ന ജലം ഉപയോഗിച്ച്, ഓരോരുത്തരുടെയും കാൽ കഴുകി തുടയ്ക്കുന്നു., ഒപ്പം തന്നെ പ്രതിവചന പ്രാർത്ഥനയോ പ്രാർത്ഥനാ ഗീതങ്ങളോ ആലപിക്കുന്നു. കാൽകഴുകൽ പൂർത്തിയാക്കി, പുരോഹിതൻ തന്റെ കൈകൾ കഴുകി തുടയ്ക്കുന്നു. അദ്ദേഹം തിരിച്ച് കസേരയിൽ പോയി ഇരിക്കുന്നു. തുടർന്ന് അദ്ദേഹം സർവ്വലോക പ്രാർത്ഥന നയിക്കുന്നു'.

ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. ഇവിടെ കാൽകഴുകാനായി തിരഞ്ഞെടുക്കേണ്ടവരുടെ എണ്ണം രേഖയിൽ പന്ത്രണ്ട് എന്ന് പറയുന്നില്ല. അതായത് കർമ്മം ചെയ്യുന്ന പുരോഹിതന് എണ്ണം നിശ്ചയിക്കാം.

2. ചടങ്ങിനിടയ്ക്കുള്ള പ്രാർത്ഥനകളിലൊന്നും അപ്പോസ്തലന്മാരെ പറ്റി പതിപാദിക്കുന്നില്ല. ശിഷ്യന്മാർ എന്ന വാക്കാണ് ഉപയോഗിക്കപ്പെടുന്നത്.

3. രേഖകളുടെ വ്യാഖ്യാനങ്ങളിലെങ്ങും അപ്പോസ്തലന്മാരെ പറ്റി പറയുന്നില്ല.

4. പാരമ്പര്യ രേഖകളനുസരിച്ച് കാൽകഴുകൽ ചടങ്ങിൽ പങ്കെടുക്കുന്നവരിൽ ക്രിസ്ത്യാനി അല്ലാത്ത ഒരാൾ ഉണ്ടെങ്കിൽ പോലും, അത് പാരമ്പര്യ ലംഘനമല്ല. പങ്കെടുക്കുന്നവർ കത്തോലിക്കരായിരിക്കണം എന്ന് രേഖയിലെങ്ങും പറയുന്നില്ല.

അതായത്, ഈ ചടങ്ങ് അപ്പോസ്തലന്മാരുടെ അഭിഷേകത്തെ കുറിക്കുന്നതല്ല. പുരോഹിതന്മാരുടെ സ്ഥാനാരോഹണത്തെ കുറിക്കുന്നതല്ല. ശിഷ്യരുടെ കാലുകൾ കഴുകുന്നതിലൂടെ യേശു തന്റെ സേവന മാതൃക വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. യേശുവിന്റെ മാതൃകയായ സേവനവും ദീനദയാലുത്വവും വെളിപ്പെടുത്തുന്ന ചടങ്ങിനാണ് കാൽ കഴുകലിൽ നാം സാക്ഷ്യം വഹിക്കുന്നത്.

നിനക്ക് എന്നോട് കൂടെ പങ്കില്ല.

യോഹന്നാന്‍റെ സുവിശേഷത്തില്‍ (3:8) യേശു പത്രോസിന്‍റെ പാദം കഴുകാനായി അവന്‍റെ അടുത്തെത്തുമ്പോള്‍ പത്രോസ് യേശുവിനെ തടയുന്നു. അപ്പോള്‍ യേശു അവനോട് പറയുന്നു: "ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടു കൂടെ പങ്കില്ല." ഈ ബൈബിള്‍ ഭാഗം മാത്രം ധ്യാനിച്ചാല്‍ മാര്‍പാപ്പ ചെയ്തത് എത്ര മഹനീയമായ പ്രവൃത്തിയാണെന്ന് നമുക്ക് ബോദ്ധ്യമാകും. ആരാണ് യേശുവിനോടു കൂടെ പങ്കു പറ്റുവാന്‍ വിളിക്കപ്പെട്ടവര്‍? 12 അപ്പസ്തോലന്‍മാര്‍ മാത്രമാണോ? ശിഷ്യന്മാര്‍ മാത്രമാണോ? അല്ലെങ്കില്‍ പുരുഷന്മാര്‍ മാത്രമാണോ? അതോ ക്രിസ്ത്യാനികള്‍ മാത്രമാണോ? മനുഷ്യവംശം മുഴുവന്‍ അവനോടു പങ്കു പറ്റുവാന്‍ വിളിക്കപ്പെട്ടവരാണെങ്കില്‍ ക്രിസ്തുവിന്‍റെ വചനപ്രകാരം എല്ലാവരെയും ഈ ശുശ്രൂഷയില്‍ പങ്കെടുപ്പിക്കാന്‍ സഭയ്ക്ക് അധികാരമുണ്ടെന്ന് മാത്രമല്ല അത് സഭയുടെ ഉത്തരവാദിത്വവും കൂടിയാണ്. കാരണം, സഭ ലോകത്തെ മുഴുവനും ക്രിസ്തുവിനോടു കൂടെ പങ്കു പറ്റുവാന്‍ ക്ഷണിക്കുന്നു. അതുകൊണ്ട് കാല്‍ കഴുകല്‍ ശുശ്രൂഷ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി ഒതുക്കണം എന്നു വാദിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നും വരുന്ന ഒരു ചിന്തയല്ല എന്ന്‍ വിശ്വാസികള്‍ തിരിച്ചറിയണം.

ചരിത്രത്തിലൂടെ

അതിഥികളുടെ കാൽകഴുകൽ, പ്രാചീനകാലം മുതലെ നിലനിന്നു വരുന്ന ഒരു ആചാരമാണ്. കിഴക്കൻ ദേശങ്ങളിൽ പാവപ്പെട്ട മനുഷ്യർ മിക്കപ്പോഴും നഗ്നപാദരായിരിക്കും. വള്ളി കെട്ടിയ പാദരക്ഷകൾ ധരിക്കുന്നവർ തന്നെ വളരെ കുറവായിരിക്കും. യേശുവും അപ്പോസ്തലന്മാരും വാർചെരുപ്പുകളായിരുന്നു ധരിച്ചിരുന്നത്. അപ്പോൾ ഇടയ്ക്കിടയ്ക്ക് കാൽ കഴുകേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയുള്ള പരിതസ്ഥിതിയിൽ, ക്ഷീണിച്ച് അവശനായി വരുന്ന അതിഥിക്ക്, ക്ഷീണം തീർക്കുവാൻ ഒരു പാത്രത്തിൽ വെള്ളം കൊടുക്കുന്ന പതിവുണ്ടായിരുന്നു. വിശിഷ്ടനായ അതിഥിയാണെങ്കിൽ, ആതിഥേയൻ തന്നെ വെള്ളം അതിഥിയുടെ പാദത്തില്‍ ഒഴിച്ചു കൊടുക്കുമായിരുന്നു. ഇപ്പോഴും ഈ അതിഥിമര്യാദ നിലനിൽക്കുന്നുണ്ട്.

ബൈബിളിൽ തന്നെ ഇതിന് ധാരാളം ഉദ്ദാഹരണങ്ങളുണ്ട്. അബ്രാഹം ഒരിക്കൽ കൂടാരത്തിന് പുറത്തിരിക്കുമ്പോൾ മൂന്നു യാത്രക്കാർ എത്തി ചേരുന്നു. അവരെ കണ്ടയുടനെ അബ്രാഹം അവരുടെയടുക്കൽ ഓടിയെത്തി ഉത്തമ ആതിഥ്യമര്യാദയനുസരിച്ച് അവരെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു. "യജമാനനേ, അങ്ങ് എന്നിൽ സംപ്രീതനെങ്കിൽ അങ്ങയുടെ ദാസനെ കടന്നു പോകരുതെ! കാലു കഴുകാൻ കുറച്ചു വെള്ളം കൊണ്ടു വരട്ടെ" (ഉൽപ്പത്തി 18:3-4).

ഇതേപോലെ, ലോത്ത്, സോദാം നഗരവാതിൽക്കൽ ഇരിക്കുമ്പോൾ രണ്ടു മാലാഖമാർ ഇറങ്ങി വന്നു. അവരുടെ മുമ്പിൽ പ്രണമിച്ചു കൊണ്ട് ലോത്ത് ഇങ്ങനെ പറഞ്ഞു, "യജമാനൻമാരെ, ദാസന്റെ വീട്ടിലേക്ക് വന്നാലും. കാൽ കഴുകി രാത്രി ഇവിടെ തങ്ങുക. രാവിലെ എഴുന്നേറ്റ് യാത്ര തുടരാം" (ഉൽപ്പത്തി 19: 2).

ദാവീദിന്റെ സേവകർ അബിഗെലിനടുത്തെത്തി, തങ്ങൾ അവളെ ദാവീദിന്റെ അഭീഷ്ടപ്രകാരം അദ്ദേഹത്തിന്റെ പത്നിയാക്കാൻ കൊണ്ടുപോകാനാണ് വന്നിരിക്കുന്നത് എന്ന് അറിയിച്ചപ്പോൾ, അവരെ പ്രണമിച്ചു കൊണ്ട് അവൾ പറഞ്ഞു: "ഈ ദാസി എന്റെ യജമാനന്റെ ദാസന്മാരുടെ പാദം കഴുകേണ്ടവളാണ്" (1 സാമുവൽ 25:41).

വരുന്ന അതിഥിക്ക് കാൽ കഴുകാൻ വെള്ളം കൊടുക്കാത്തത് വലിയ അപമര്യാദയായി കണക്കാക്കപ്പെട്ടിരുന്നു. ഈ കാര്യത്തിൽ യേശു ഒരു മനുഷ്യനെ കുറ്റപ്പെടുത്തുന്നുണ്ട്.

ഫരിസേയനായ ശിമിയോനോട് യേശു പറയുന്നു: "ഞാൻ നിന്റെ വീട്ടിൽ വന്നു; കാലു കഴുകുവാൻ നീ എനിക്ക് വെള്ളം തന്നില്ല. എന്നാൽ ഇവൾ കണ്ണുനീരാൽ എന്റെ കാലു കഴുകുകയും അവളുടെ തലമുടി കൊണ്ട് തുടക്കുകയും ചെയ്തു" (ലൂക്കാ 7:44).

വിശുദ്ധ പൗലോസ് ശ്ലീഹ തിമോത്തയോസിന് എഴുതിയ ലേഖനത്തിൽ ഉത്തമയായ ഒരു വിധവ ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട് (മറ്റ് അനവധി നിബന്ധനകൾക്കൊപ്പം ) "വിശുദ്ധന്മാരുടെ കാലുകൾ കഴുകിയിട്ടുള്ള വിധവയെ ..."(ഉത്തമ വിധവയായി കണക്കാക്കാം) എന്നു പറയുന്നു (1 തിമോ 5:10).

ക്രിസ്തുവിനു ശേഷം, സഭയിലെ കാൽകഴുകൽ ശുശ്രൂഷകൾ

ഈ ചടങ്ങ് അതിപുരാതന കാലത്തു നിന്നുള്ളതാണ്. കൈസ്തവപ്രാർത്ഥനാക്രമങ്ങൾ രൂപപ്പെട്ട കാലഘട്ടത്തിലാണ് ഈ ചടങ്ങ് ആരംഭിച്ചത് എന്ന് കരുതപ്പെടാം. പക്ഷേ, സഭയുടെ ആദ്യ നൂറ്റാണ്ടുകളിൽ ഇതിനെ പറ്റി രേഖാമൂലമായ പരാമർശങ്ങൾ കാണുന്നില്ല എന്നത് സത്യമാണ്.

പെസഹാ വ്യാഴത്തിലെ കാൽകഴുകൽ ചടങ്ങ് കൂടുതലായും ആശ്രമ ദേവാലയങ്ങളിലാണ് നിലനിന്ന് പോന്നത്.

5-6 നൂറ്റാണ്ടിലെ റോമിന്റെ കുലീനത്വവും ക്രൈസ്തവ ദീനദയാലുത്വവും ഒരു പോലെ സമ്മേളിച്ചിരുന്ന വ്യക്തിപ്രഭാവമായിരുന്ന വി.ബനഡിക്ട്, ആശ്രമ മര്യാദകളെ പറ്റി പറയുന്നു: "യേശുവിനെ സ്വീകരിക്കുന്നതുപോലെ വേണം അതിഥികളെ സ്വീകരിക്കുന്നത്. ആദ്യമായി സമാധാനത്തിന്റെ ചുംബനം കൈമാറണം. ആശ്രമാധിപൻ തന്നെ അതിഥിയുടെ കൈകളിൽ വെള്ളമൊഴിച്ചു കൊടുക്കണം.അതിനു ശേഷം ആശ്രമാധിപന്റെയൊപ്പം മറ്റെല്ലല്ലാവരും ചേർന്ന് അതിഥിയുടെ കാൽ കഴുകണം. ഓരോ ആഴ്ച്ചയുടെ അവസാനത്തിലും, ആ ആഴ്ച്ചയിലെ പാചകത്തിനും സേവനത്തിനും നിർദ്ദേശിക്കപ്പെട്ടിരുന്നവർ, മറ്റ് സഹോദരരുടെ കാലുകൾ കഴുകണം" (Regula, LIII).

ക്ലൂണിയിൽ എല്ലാ പ്രധാനപ്പെട്ട തിരുനാളുകളിലും പാവപ്പെട്ടവരുടെ കാൽ കഴുകുന്ന പതിവുണ്ട് എന്ന് വി. ബർനാർഡ് ഓർമ്മിപ്പിക്കുന്നു.

വടക്കേ ആഫ്രിക്കയിലെ മിലാനിലും, സ്പെയിനിലും ജ്ഞാനസ്നാന സമയത്ത് കാലുകൾ കഴുകുന്ന പതിവുണ്ട്. ഇത് ആതിഥ്യമര്യാദയുമായി ബന്ധപ്പെട്ട ആചാരമാണ്, ജ്ഞാനസ്നാനവുമായി ബന്ധപ്പെട്ടതല്ല എന്ന കാരണത്താലാവാം, റോം ഇത് അനുവർത്തിച്ചു കാണുന്നില്ല.

പാദം കഴുകലിനെ പറ്റി വിശുദ്ധ അഗസ്റ്റിൻ

പാദം കഴുകൽ ഒരു കൂദാശയായി തെറ്റിദ്ധരിക്കപ്പെടാം എന്നുള്ളതുകൊണ്ടാണ്, അത് പല സ്ഥലങ്ങളിലും തിരസ്ക്കരിക്കപ്പെട്ടത് എന്ന് വി.അഗസ്റ്റിൻ പറയുന്നുണ്ട്. അതു കൊണ്ട് ചില സ്ഥലങ്ങളിൽ ജ്ഞാനസ്നാനം കഴിഞ്ഞ് മൂന്നാമത്തെയോ അഞ്ചാമത്തെയോ ദിവസത്തിൽ മാത്രം ഇത് ആചരിക്കപ്പെടാറുണ്ട്. സ്പെയിനിൽ എൽവിര കൗൺസിൽ (Council of Elvira) ഈ ആചാരത്തെ പിന്തുണച്ചിരുന്നില്ല.

വി.അഗസ്റ്റിൻ, ജന്വാറിയസിനയച്ച എഴുത്തിൽ കാൽകഴുകൽ എന്ന ആചാരം പരാമർശിക്കുന്നുണ്ട്. 'കാൽകഴുകലിനെ പറ്റി... കർത്താവ് തന്നെ നിർദ്ദേശിച്ചിട്ടുള്ളതിനാൽ .... ഏത് സമയമാണ് ഉചിതം എന്ന് ആലോചിക്കണം.... നോമ്പുകാലം ഉചിതമെന്ന് കരുതുന്നു..... ചിലർ ഈ ആചാരം പൂർണ്ണമായും തിരസ്ക്കരിച്ചിട്ടുമുണ്ട്.' (Ep. lv, 18) മറ്റൊരു എഴുത്തിൽ അദ്ദേഹം പെസഹാ വ്യാഴാഴ്ച്ചയിലെ കാൽകഴുകലിനെ പറ്റി ഇപ്രകാരം പറയുന്നുണ്ട്. "ഇത് എങ്ങനെ തുടങ്ങിയെന്നു ചോദിച്ചാൽ എനിക്ക് മറുപടിയില്ല. ഒരുപക്ഷേ, നോമ്പുകാലത്ത് പ്രാർത്ഥന മാത്രമായി കഴിയുന്നവരുടെ ശരീരശുദ്ധി മുൻനിറുത്തിയാകാം കാൽകഴുകൽ ചടങ്ങ് നിർവ്വഹിച്ചുതുടങ്ങിയത്."

പെസഹാ വ്യാഴാഴ്ച്ചയിലെ കാൽകഴുകൽ ചടങ്ങിനെപറ്റി The Council of Toledo (694) ഇങ്ങനെ പറയുന്നു: 'കർത്താവ് തന്റെ ശിഷ്യരുടെ കാലുകൾ കഴുകാൻ മടിക്കാത്തപ്പോൾ, നാം എന്തുകൊണ്ട് അദ്ദേഹത്തെ അനുകരിക്കുന്നില്ല?'

വിശുദ്ധ ഇസിഡോറ (De eccl. off.1, 28) കാൽകഴുകൽ ചടങ്ങിന്റെ ഒരു വകഭേദത്തെ കുറിച്ച് പറയുന്നുണ്ട്. "കർത്താവ് തന്റെ ശിഷ്യരുടെ കാലുകൾ കഴുകിയതുപോലെ, അന്നേ ദിവസം ദേവാലയവും ദേവാലയ പരിസരവും കഴുകുകയും ദിവ്യബലിക്കുള്ള പാത്രങ്ങൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു."

12-13 നൂറ്റാണ്ടുകളിൽ റോമിൽ രണ്ടു വിധത്തിലുള്ള കാൽ കഴുകലുകൾ ഉണ്ടായിരുന്നു എന്ന് Ordines Romani പറയുന്നു. ആദ്യത്തേതിൽ പിതാവ് ശുശ്രൂഷകരുടെ പാദങ്ങൾ കഴുകന്നു. പിന്നീട് ബലിയർപ്പണത്തിനു ശേഷം പിതാവും സഹകാരികളും ചേർന്ന് പാവപ്പെട്ടവരുടെ കാലുകൾ കഴുകുന്നു.

ഈ വിവരണങ്ങൾ ഒരു കാര്യം വ്യക്തമാക്കുന്നു- സഭയിലെ കാൽകഴുകൽ ശുശ്രൂഷകൾ അപ്പോസ്തലന്മാരുടെ അഭിഷേകത്തെയൊ പുരോഹിതന്മാരുടെ സ്ഥാനാരോഹണത്തെയൊ കുറിക്കുന്നതല്ല. ശിഷ്യരുടെ കാലുകൾ കഴുകുന്നതിലൂടെ യേശു തന്റെ സേവന മാതൃക വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.

പെസഹാ വ്യാഴാഴ്ച, കാൽകഴുകൽ ചടങ്ങിന്റെ ആരംഭ സമയം തന്നെ അതിന്റെ പ്രാധാന്യം പുരോഹിതൻ വിവരിക്കാറുണ്ട്: "നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തു, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി. ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകുന്നത് നിങ്ങൾ ഇത് മറ്റുള്ളവർക്കു വേണ്ടി ചെയ്തു കൊടുക്കുവാൻ വേണ്ടിയാകുന്നു" (Missale Gallic, vet. cfr. Muratori, 742).

നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം

ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷം യേശു അവരോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. "ഞാന്‍ എന്താണ് ചെയ്തത് എന്നു നിങ്ങള്‍ അറിയുന്നുവോ?" ഈ ചോദ്യം ഫ്രാന്‍സിസ് പാപ്പായെ വിമര്‍ശിക്കുന്നു. ഓരോരുത്തരോടും യേശു ചോദിക്കുന്നു. അതിനുള്ള മറുപടിയും യേശു തന്നെ നമുക്ക് പറഞ്ഞു തരുന്നുണ്ട്‌. "നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു" (John 13:15).

ഇവിടെ രണ്ടു കാര്യങ്ങള്‍ യേശു വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. ഒന്നാമതായി, അവിടുന്ന്‍ നമുക്ക് ഒരു മാതൃക നല്‍കുകയാണ് ചെയ്തത്- ഭൃത്യനും യജമാനനും തമ്മിലും‍ അയയ്ക്കപ്പെട്ടവനും അയച്ചവനും തമ്മിലും അന്തരമില്ലാത്ത, വലിപ്പ ചെറുപ്പമില്ലാത്ത വേര്‍തിരിവുകളില്ലാത്ത സമാനതയുടെയും എളിമപ്പെടലിന്‍റെയും ഒരു മാതൃക. എന്നാല്‍ ഈ അതുല്യമായ മാതൃകയിലേക്ക് സ്ത്രീ പുരുഷ വ്യത്യാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന്‍ വിശ്വാസികള്‍ മനസ്സിലാക്കിയിരിക്കണം. ഇവിടെ 'പുരുഷന്മാര്‍ മാത്രം പരസ്പരം പാദം കഴുകണമെന്നല്ല ക്രിസ്തു പറഞ്ഞത്' എന്നു മനസ്സിലാക്കാന്‍ വലിയ ദൈവശാസ്ത്രത്തിന്‍റെ ആവശ്യമൊന്നുമില്ല. സാമാന്യ ബോധം മാത്രം മതിയാവും. യേശു നല്‍കിയ ഈ മാതൃക സ്ത്രീ പുര്‍ഷ ഭേദമെന്യേ സകല മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെങ്കില്‍ ഈ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും അവകാശമുണ്ട്.

രണ്ടാമതായി പരസ്പരം പാദങ്ങള്‍ കഴുകുവാന്‍ അവിടുന്ന്‍ നമ്മോട് ആവശ്യപ്പെടുന്നു. ക്രിസ്തു സകല മനുഷ്യരുടെയും കര്‍ത്താവാണ്. അതുകൊണ്ട് അവന്‍റെ നിയമങ്ങളും കൃപാവരങ്ങളും ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി ഒതുക്കുവാന്‍ ആര്‍ക്കും അധികാരമില്ല.

പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനം

പാരമ്പര്യമായി കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാര്‍ മാതമാണ് പങ്കെടുത്തിരുന്നത് എന്നത് വാസ്തവമാണ്. സഭയുടെ രേഖകളിൽ അപ്രകാരം പറയുന്നുമുണ്ട്. എന്നാല്‍ ക്രൈസ്തവജനത, വിശുദ്ധ ആരാധനാക്രമത്തില്‍ നിന്നും കൃപാവരങ്ങളുടെ സമൃദ്ധി കൂടുതല്‍ എളുപ്പം ആര്‍ജ്ജിക്കുവാന്‍ വേണ്ടി, ആരാധനാക്രമത്തിന്‍റെ തന്നെ സമഗ്രമായ ഒരു പുനരുദ്ധാരണം നടത്തുവാന്‍ വത്സല മാതാവായ തിരുസഭ രണ്ടാം വത്തിക്കാൻ കൗൺസിലൂടെ ആഗ്രഹിച്ചു (Sacrosanctum Councilium 21). അതിന്‍റെ നടപടി ക്രമങ്ങള്‍ ഇന്നും തുടര്‍ന്നു കൊണ്ടാണിരിക്കുന്നത്.

അതിനാല്‍ മാറ്റംവരുത്തേണ്ട ചില മേഖലകളില്‍ മാറ്റം വരുത്തി വിശ്വാസികളെ കൂടുതലായി ദൈവത്തിങ്കലേക്കടുപ്പിക്കേണ്ട ഉത്തരവാദിത്വം സഭാപിതാക്കന്മാരില്‍ നിക്ഷിപ്തമാണ്. യോഹന്നാന്‍റെ സുവിശേഷത്തിലെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്‍റെ സാഹചര്യവും അതിനുശേഷമുള്ള യേശുവിന്‍റെ പ്രബോധനങ്ങളുമനുസരിച്ച് നോക്കുമ്പോള്‍ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ കൂടി പങ്കെടുപ്പിക്കേണ്ടത് ആ ശുശ്രൂഷയുടെ പൂര്‍ണ്ണതയ്ക്ക് ആവശ്യമാണെന്ന് പത്രോസിന്‍റെ പിന്‍ഗാമിക്ക് തോന്നിയതു കൊണ്ടായിരിക്കാം അദ്ദേഹം പാരമ്പര്യത്തില്‍ നിന്നും മാറ്റം വരുത്തിയത്. കാരണം രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വ്യക്തമായി പഠിപ്പിക്കുന്നു. "ആരാധന ക്രമത്തില്‍ അതിന്‍റെ ആന്തരിക സ്വഭാവത്തിന് അപര്യാപ്തമോ അനുയോജ്യമല്ലാത്തതോ ആയി എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ആവ വ്യതിയാന വിധേയമാണ്" (S.C.21).

"നോമ്പു കാലത്തെ ആരാധനക്രമത്തിൽ പുരാതന പാരമ്പര്യത്തിൽ നിന്ന് സന്ദർഭോചിതമായി ചിലതെല്ലാം പുനരുദ്ധരിക്കണം" എന്ന് പരിശുദ്ധാത് മാവിൽ നിറഞ്ഞ് രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചിരുന്നു (S.C 109.a). ആ നിർദ്ദേശം പ്രാവർത്തികമാക്കുകയാണ് ഈ മാറ്റത്തിലൂടെ സംഭവിച്ചത് എന്നുവേണം മനസ്സിലാക്കാൻ.

മാര്‍പാപ്പയ്ക്കു ലഭിച്ചിരിക്കുന്ന അധികാരം

യേശു ശിമയോനോടു പറഞ്ഞു: "നീ പത്രോസാണ്‌. ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെടും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും" (മത്തായി 16:18-19). അതുകൊണ്ട്, ഈ ഭൂമിയില്‍ കെട്ടുവാനും അഴിക്കുവാനും പത്രോസിന്‍റെ പിന്‍ഗാമിയായ മാര്‍പാപ്പയ്ക്കു ലഭിച്ചിരിക്കുന്ന അധികാരം ക്രിസ്തുവില്‍ നിന്നും വന്നതാണ്. ആ അധികാരത്തെ ചോദ്യം ചെയ്യുന്നവന്‍ ക്രിസ്തുവിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത് എന്ന്‍ അറിഞ്ഞിരിക്കുക.

"പത്രോസ് എന്ന് താൻ പേരിട്ട ശിമയോനെ മാത്രമേ സഭയുടെ പാറയായി കർത്താവ് നിയോഗിച്ചിട്ടുള്ളൂ. അവിടുന്ന് അദ്ദേഹത്തിന് അതിന്റെ താക്കോലുകൾ നൽകി; മുഴുവൻ അജഗണത്തിന്റെയും ഇടയനായി അദ്ദേഹത്തെ നിയമിച്ചു" (CCC 881, Cf. Mt 16:18-19, Jn 21: 15-17). അതിനാൽ കാൽകഴുകൽ ശുശ്രൂഷയിൽ മാത്രമല്ല വിശ്വാസസംബന്ധിയായ എന്തു കാര്യത്തിലും മാറ്റം വരുത്തുവാൻ അദ്ദേഹത്തിനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്നത് ദൈവത്തിന്റെ കല്പനക്ക് എതിരായിരിക്കും എന്ന് നാം മനസ്സിലാക്കണം.

ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതര്‍

യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷം വ്യക്തമായി പറയുന്നു- "ഈ കാര്യങ്ങള്‍ അറിഞ്ഞ് ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതര്‍" (John 13:17). ഇവിടെ യേശു നമ്മോട് രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെടുന്നു. ഒന്ന്‍- ഈ കാര്യങ്ങള്‍ അറിയുക; രണ്ട്- ഇതനുസരിച്ച് പ്രവര്‍ത്തിക്കുക. എങ്ങനെയാണ് അറിയുക? ദൈവത്തിന്‍റെ വചനങ്ങള്‍ തെറ്റു കൂടാതെ ആധികാരികമായി നമുക്ക് വ്യാഖ്യാനിച്ചു തരുന്നത് സഭയാണ്. അതുകൊണ്ട് ശരിയായ അറിവ് നമുക്ക് ലഭിക്കുന്നത് സഭയില്‍ നിന്നുമാണ്. തര്‍ക്ക വിഷയമായ കാര്യങ്ങളില്‍ സഭ പറയുന്നത് അനുസരിക്കുവാനും മാര്‍പാപ്പയുടെ തീരുമാനങ്ങളെ അംഗീകരിക്കുവാനും ഓരോ വിശ്വാസിക്കും കടമയുണ്ട്.

രണ്ടാമതായി, ക്രിസ്തു പറയുന്നു: ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗൃഹീതര്‍! അതുകൊണ്ട് നാം അനുഗ്രഹിക്കപ്പെടണമെങ്കില്‍ ക്രിസ്തു പറയുന്നത് അനുസരിക്കണം. അത് അനുസരിക്കാന്‍ കൃത്യമായി പഠിപ്പിക്കാന്‍ സഭയ്ക്കു മാത്രമേ സാധിക്കൂ എന്ന്‍ നാം അറിഞ്ഞിരിക്കണം.

അതിനാല്‍ തന്നെ നമ്മുടെ കുടുംബങ്ങളും തലമുറകളും അനുഗ്രഹിക്കപ്പെടാന്‍ നമുക്ക് സഭയോടു ചേര്‍ന്നു നില്‍ക്കാം. ക്രിസ്തുവിനോടു പങ്കു പറ്റുവാന്‍ അവന്‍ സഭയിലൂടെ നല്‍കുന്ന കൃപാവരം സ്വീകരിക്കുവാന്‍ നമുക്ക് സഭാമാതാവിനോട് ചേര്‍ന്നു നില്‍ക്കാം. മാമോദീസാ ജലം കൊണ്ട് നമ്മെ ശുദ്ധി ചെയ്ത് വിശുദ്ധ കുര്‍ബ്ബാനയിലൂടെ നമ്മെ ശക്തിപ്പെടുത്തി സ്വര്‍ഗ്ഗരാജ്യത്തിനു വേണ്ടി നമ്മെ ഒരുക്കി അവസാനം മരണം മൂലം നമ്മുടെ ശരീരത്തില്‍ നിന്നും വേര്‍പെടുന്ന നമ്മുടെ ആത്മാവിനെ ദൈവകരങ്ങളിലേക്ക് സമര്‍പ്പിക്കുന്ന നമ്മുടെ അമ്മയാണ് സഭാമാതാവ്. ആ അമ്മയുടെ കരം പിടിച്ചു കൊണ്ട് ലോകം മുഴുവനുമുള്ള സകല വിശ്വാസികളോടും ചേർന്ന് നമുക്കും ഏറ്റുചൊല്ലാം- "വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാൻമാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ".