News - 2024

മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌'

സ്വന്തം ലേഖകന്‍ 05-07-2018 - Thursday

ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയില്‍ തകര്‍ക്കപ്പെട്ട ക്രൈസ്തവ ഗ്രാമങ്ങളുടേയും, സ്ഥാപനങ്ങളുടേയും നിര്‍മ്മാണത്തിലും, പുനരുദ്ധാരണത്തിലുമായിരിക്കും ഇനിമുതല്‍ സാമ്പത്തിക സഹായ പദ്ധതികള്‍ പ്രധാനമായും കേന്ദ്രീകരിക്കുകയെന്ന്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌'. നിലവില്‍ ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, ഭക്ഷണം പോലെയുള്ള അടിസ്ഥാന കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലായിരുന്നു എ‌സി‌എന്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. മുന്നോട്ട്, ഇവയെ കൂട്ടിച്ചേര്‍ത്തു കൊണ്ട് തന്നെ നിനവേ അടക്കമുള്ള ക്രിസ്ത്യന്‍ മേഖലകളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത ദേവാലയങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിലും, പുനരുദ്ധാരണത്തിലുമായിരിക്കും ശ്രദ്ധിക്കുകയെന്ന്‍ എക്സിക്യുട്ടീവ്‌ പ്രസിഡന്റായ തോമസ്‌ ഹെയിനെ-ഗെല്‍ഡം പറഞ്ഞു.

2014 മുതല്‍ ഇറാഖിന്റെ പുനരുദ്ധാരണ, ദുരിതാശ്വാസ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്ന സംഘടനയാണ് ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’. പുതുതായി നിര്‍മ്മിക്കുകയോ പുനരുദ്ധരിക്കുകയോ ചെയ്യേണ്ട ദേവാലയങ്ങളേയും, സ്ഥാപനങ്ങളേയും കണ്ടെത്തുവാനും, അതിനെക്കുറിച്ച് അവലോകനം ചെയ്യുവാനും, പ്രാദേശിക സഭാ നേതാക്കളുമായി ചര്‍ച്ച നടത്തുവാനും സംഘടനാ പ്രതിനിധികള്‍ അടുത്ത മാസങ്ങളില്‍ ഇറാഖ്, സിറിയ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുവാനിരിക്കുകയാണ്.

2017 വര്‍ഷത്തില്‍ എ‌സി‌എന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജൂലൈ 4-ന് ചേര്‍ന്ന യോഗത്തില്‍ വെച്ച് അവതരിപ്പിച്ചു. 149 രാജ്യങ്ങളിലായി 5,357 പദ്ധതികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം സംഘടന സാമ്പത്തിക സഹായം ചെയ്തത്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, മധ്യ-കിഴക്കന്‍ യൂറോപ്പ്, മധ്യപൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ വര്‍ഷം 8.46 കോടി യൂറോയുടെ ($ 9.85 കോടി) സാമ്പത്തിക സഹായം സംഘടന ചെയ്തിട്ടുണ്ട്. ലോകമെങ്ങും 23 രാജ്യങ്ങളില്‍ ഓഫീസുകളുള്ള സംഘടനക്ക് നാലു ലക്ഷത്തോളം ഉപകാരികളാണുള്ളത്.


Related Articles »