Charity

വയനാടന്‍ ജനത കേഴുന്നു; നല്‍കാമോ ഒരു എളിയ സഹായം?

സ്വന്തം ലേഖകന്‍ 15-08-2018 - Wednesday

കുടിയേറ്റ മലയോര ജില്ലയായ വയനാട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടന്നു പോകുന്നത് അഗ്നിപരീക്ഷണത്തിലൂടെയാണ്. കര്‍ഷകരും ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന വയനാട് ഇതിന് മുന്‍പ് ഉണ്ടായ മഴക്കെടുതിയെയും ഉരുള്‍പൊട്ടലിനെയും അതിജീവിച്ച് മുന്നോട്ട് പോയിട്ടുണ്ടെങ്കിലും 2018 വര്‍ഷം മലയോര ജില്ലക്ക് സമ്മാനിച്ചത് തീരാനൊമ്പരങ്ങളാണ്. ഇരമ്പിയെത്തിയ മലവെള്ളപ്പാച്ചിലില്‍ കുഞ്ഞുങ്ങളെയും വാരിയെടുത്ത്‌ ഓടി രക്ഷപ്പെട്ട കുടുംബങ്ങള്‍ ആയിരങ്ങളാണ്. ദിവസങ്ങളായി തുടരുന്ന മഴയില്‍ ഇരുപതിനായിരത്തോളം ആളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. എല്ലാവരുടെയും മുഖങ്ങളില്‍ അവശേഷിക്കുന്നത്‌ സര്‍വ്വതും നഷ്‌ടപ്പെട്ടതിന്റെ ആകുലതകള്‍ മാത്രം.

പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന വീടുകള്‍, ചത്തൊടുങ്ങിയ വളര്‍ത്തുമൃഗങ്ങള്‍, കക്കൂസ്‌ മാലിന്യമടക്കം കലര്‍ന്ന കിണറുകള്‍, ഉപയോഗശൂന്യമായ ഗൃഹോപകരണങ്ങള്‍ തുടങ്ങി പട്ടിക നീളുന്നു. വയനാട്ടിലെ മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ ജീവിച്ചിരുന്നവരുടെ അവസ്‌ഥയാണിത്‌. ഓഗസ്റ്റ് 6-ാം തീയതി മുതല്‍ നിലയ്ക്കാതെ പെയ്യുന്ന മഴ ജനജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിക്കാണ്‌ ഇത്തവണ വയനാട്‌ സാക്ഷ്യം വഹിച്ചത്‌. വയനാട്ടില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നും വയനാട്ടിലേക്കോ ആര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കാത്തവിധം ജില്ല ഒറ്റപ്പെട്ടു. കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി.

സമ്പാദിച്ചതും, കരുതിവെച്ചതും, ആശകളും സ്വപ്നങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ വീടുകളില്‍ പലതും നിലംപതിച്ചു, പല വീടുകളും അറ്റകുറ്റ പണികള്‍ ചെയ്യാതെ വാസയോഗ്യമല്ല, വൈദ്യുത സംവിധാനങ്ങള്‍ മുഴുവനും വെള്ളം കയറി തകരാറിലായി. ഗൃഹോപകരണങ്ങള്‍ പലതും ഉപയോഗശുന്യമായി, ഒരു പക്ഷേ വെള്ളം താഴ്ന്നാലും വീടുകള്‍ വാസയോഗ്യമാവില്ല. ഇതാണ് വയനാട്ടിലെ ഭൂരിഭാഗം സ്ഥലങ്ങളിലെയും അവസ്ഥ. സുരക്ഷിത സ്ഥാനത്ത് നിന്നു നാം ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഓര്‍ക്കുക, തണുത്തു വിറച്ച് ഹൃദയംപൊട്ടുന്ന വേദനയുമായി കഴിയുന്ന പതിനായിരങ്ങള്‍ വയനാട്ടിലുണ്ട്. അവര്‍ക്ക് വേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുണ്ട്.

പ്രതിസന്ധിഘട്ടത്തില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ കത്തോലിക്കാ സഭ സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്തുവരികയാണ്. മാനന്തവാടി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ഡബ്ല്യു‌എസ്‌എസ് അഥവാ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന നാനാജാതി മതസ്ഥര്‍ക്ക് ആഹാരം, വസ്ത്രം, മരുന്ന് എന്നിവ നല്‍കി സഹായം തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇരുപതു ലക്ഷത്തിലധികം രൂപയുടെ സഹായമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാനാജാതി മതസ്ഥര്‍ക്ക് സംഘടന എത്തിച്ചത്.

ദുരിത ബാധിതര്‍ക്ക് വീടുകള്‍ വാസയോഗ്യമാക്കികൊടുക്കുവാനും ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുവാനും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനും സര്‍വ്വോപരി അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ഇനിയും അനേകരുടെ സഹകരണം ആവശ്യമുണ്ട്. ദുരിതബാധിതര്‍ക്ക് വേണ്ടത് നമ്മുടെ ആശ്വാസ വാക്കുകള്‍ മാത്രമല്ല, മറിച്ച് അവര്‍ക്ക് വേണ്ടത് ഒരു കൈതാങ്ങാണ്. നിങ്ങള്‍ക്കു പങ്കുവെക്കാനുള്ള തുക എത്ര ചെറുതെങ്കിലും ആകട്ടെ, അത് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ വേണ്ടി സഹായിക്കുക. അത് അവരെ ദുരിതത്തില്‍ നിന്നും കരകയറാന്‍ സഹായിക്കുമെന്നു തീര്‍ച്ച.

വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ അക്കൌണ്ട് വിവരങ്ങള്‍ ചുവടെ നല്‍കുന്നു. ‍

Director Wayanad Social Service Society
SB A/C NO: 0605053000001716
South Indian Bank
IFSC: SIBL0000605
Mananthavady

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ‍
ഫാ. പോള്‍ കൂട്ടാല- 9497809310
ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍- 9446993644

More Archives >>

Page 1 of 1