Monday Mirror

മരണാനന്തര ജീവിതം, ഭാഗം 3: എന്താണു ശുദ്ധീകരണ സ്ഥലം?

സ്വന്തം ലേഖകൻ 18-02-2017 - Saturday

വര്‍ഷങ്ങള്‍ക്കു മുമ്പ്, നമുക്ക് മനോഹരമായ ഒരു പ്രകൃതി ദൃശ്യം കാണണമെങ്കില്‍ നാം മനോഹരമായ ഏതെങ്കിലും സ്ഥലങ്ങളിലേക്കു യാത്ര ചെയ്യണമായിരുന്നു. എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ഞൊടിയിടയ്ക്കുള്ളില്‍ നമ്മുടെ കണ്‍മുന്നിലൂടെ മിന്നി മറയുന്നു. പണ്ടൊക്കെ, വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ടവരെ കാണണമെങ്കില്‍ ഒന്നുകില്‍ അവര്‍ അവധിക്ക് നാട്ടില്‍ വരണമായിരുന്നു. അതും അല്ലെങ്കില്‍ അവരുടെ ഫോട്ടോകള്‍ തപാല്‍ മാര്‍ഗ്ഗം നമ്മുടെ കൈകളില്‍ എത്തണമായിരുന്നു. എന്നാല്‍ ഇന്ന്, ഒന്നു "ക്ലിക്ക്" ചെയ്‌താല്‍ കണ്‍മുന്നിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അവര്‍ എത്തിക്കഴിയും. ഇങ്ങനെ നാം ആഗ്രഹിക്കുന്നതെന്തും നമ്മുടെ കണ്‍മുന്നില്‍ ഉടനടി എത്താന്‍ തുടങ്ങിയപ്പോള്‍ ആധുനിക യുഗത്തിലെ മനുഷ്യന്‍റെ വിശ്വാസത്തിനും ചില മാറ്റങ്ങള്‍ വന്നു തുടങ്ങി.

പണ്ടൊക്കെ വിദേശത്തായിരുന്ന നമ്മുടെ ബന്ധുക്കളുടെ കത്തുകള്‍ രണ്ടുമാസം കൂടുമ്പോള്‍ ഒരിക്കലായിരിക്കും നമുക്ക് കിട്ടുന്നത്. ഈ കാലയളവില്‍ അവര്‍ സുഖമായി, സുരക്ഷിതരായി ഇരിക്കുന്നുണ്ടാവും എന്ന വിശ്വാസമായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഒരു ദിവസം ഫോണ്‍വിളി മുടങ്ങിയാല്‍, അല്ലെങ്കില്‍ skyp-ല്‍ അവർ എത്താന്‍ വൈകിയാല്‍ നമുക്ക് ടെന്‍ഷന്‍ കൂടുന്നു. നമ്മുടെ വിശ്വാസം നഷ്ടപ്പെടുന്നു. ഇങ്ങനെ എല്ലാം കണ്ടും കേട്ടും അനുഭവിച്ചും നാം വിശ്വസിക്കാന്‍ തുടങ്ങിയപ്പോള്‍ ആത്മീയ കാര്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തിനും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ഇന്ന് നമുക്ക പലതും കണ്ടെങ്കില്‍ മാത്രമേ വിശ്വസിക്കാന്‍ സാധിക്കൂ.

നമ്മുടെ പൂര്‍വ്വികര്‍ പണ്ടൊക്കെ, ശുദ്ധീകരണ സ്ഥലത്തെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വളരെ തീക്ഷ്ണത കാണിച്ചിരുന്നു. അതിനുള്ള ഒരു തെളിവാണ് പണ്ടു കാലങ്ങളിലെ നമ്മുടെ കുടുംബ പ്രാര്‍ത്ഥനയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായ ഒന്നായിരുന്നു "മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന". പണ്ടൊക്കെ മിക്ക കുടുംബങ്ങളിലും ദാരിദ്ര്യമായിരുന്നു. ഒരുപാടു മക്കളും, സങ്കടങ്ങളും രോഗങ്ങളും നിറഞ്ഞു നിന്നിരുന്ന കുടുംബാന്തരീക്ഷത്തില്‍ നിന്നും ഉയരുന്ന മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നമ്മുടെ പൂർവ്വികർക്ക് ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഉറച്ച ബോധ്യങ്ങൾ ഉണ്ടായിരുന്നു എന്നതിന് തെളിവാണ്.

ഇന്നു നമ്മുടെ കുടുംബങ്ങളില്‍ നിന്നും ദാരിദ്ര്യത്തോടൊപ്പം 'മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള ഈ പ്രാര്‍ത്ഥനയും' മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്നു ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പല ബുദ്ധിജീവികളുടെയും നാവില്‍ നിന്നു വരുന്നതും Social media കളില്‍ നിറഞ്ഞു നില്‍ക്കുന്നതുമായ comment ആണ് "ജീവിച്ചിരിക്കുമ്പോള്‍ നന്മ ചെയ്യാതെ മരിച്ചു കഴിഞ്ഞിട്ട് കുറച്ചു പ്രാര്‍ത്ഥിച്ചിട്ടൊന്നും കാര്യമൊന്നുമില്ല." മറ്റൊരു കൂട്ടര്‍ പറയുന്ന comment ഇപ്രകാരമാണ് "ശുദ്ധീകരണ സ്ഥലം ഉണ്ടെന്ന്‍ പറയുന്നതിന് വല്ല തെളിവുമുണ്ടോ? ആരെങ്കിലും അവിടെ നിന്ന്‍ വന്നു പറഞ്ഞിട്ടുണ്ടോ ശുദ്ധീകരണ സ്ഥലത്ത് അവര്‍ വേദന അനുഭവിക്കുകയാണ് എന്ന്‍?"

ഇതുപോലൊരു ആവശ്യം ബൈബിളില്‍, പുതിയ നിയമത്തില്‍ ഒരു വ്യക്തി ഉന്നയിക്കുന്നുണ്ട്‌. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍. ധനവാന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍, അബ്രാഹത്തിന്‍റെ മടിയില്‍ ലാസറിനെ കണ്ടപ്പോള്‍ ധനവാന്‍ അബ്രാഹത്തോട് ഇപ്രകാരമാണ് ആവശ്യപ്പെട്ടത്. "പിതാവേ, അങ്ങനെയെങ്കില്‍ ലാസറിനെ എന്‍റെ പിതൃ ഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്‍മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്ത് വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്ക് സാക്ഷ്യം നല്‍കട്ടെ. അബ്രാഹം പറഞ്ഞു: അവര്‍ക്ക് മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്ക് കേള്‍ക്കട്ടെ. ധനവാന്‍ പറഞ്ഞു. പിതാവായ അബ്രാഹമേ, അങ്ങനെയല്ല മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രഹാം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്നും ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്ക് ബോധ്യമാവുകയില്ല" (ലൂക്കാ 16:27-31).

ഈ വചനഭാഗം ഒരുപാടു സത്യങ്ങള്‍ ലോകത്തോട്‌ സംസാരിക്കുന്നു. ഒന്ന്‍: മരണാനന്തര ജീവിതം എന്നത് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവ്യക്തമാണ്. കാരണം അത് പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ ഒരു മനുഷ്യന്‍റെ മരണശേഷം മാത്രമേ സാധിക്കൂ. രണ്ട്: പീഡകളുടെ സ്ഥലമായ നരകത്തിലേക്ക് ഒരു ആത്മാവ് നിപതിക്കാതിരിക്കണമെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ മോശയുടെയും പ്രവാചകന്‍മാരുടെയും വാക്കുകള്‍ കേട്ട് അതനുസരിച്ച് ജീവിക്കണം. ഇവിടെ അബ്രഹാം മരണാനന്തര ജീവിതത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങള്‍ വായിക്കട്ടെ എന്നല്ല പറയുന്നത്. പിന്നെയോ മോശയുടെയും പ്രവാചകന്‍മാരുടെയും വാക്ക് കേള്‍ക്കുവാനാണ്. ഇതിനര്‍ത്ഥം വിശുദ്ധ ലിഖിതങ്ങളില്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടില്ലാത്തതു കൊണ്ടല്ല പിന്നെയോ ദൈവത്തിന്‍റെ വചനങ്ങളും വെളിപ്പെടുത്തലുകളും കാലഘട്ടത്തിന്‍റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന്‍റെ ഭാഷയില്‍ ലോകത്തോട്‌ സംസാരിച്ചവരാണ് പ്രവാചകന്‍മാര്‍. ദൈവത്തിന്‍റെ കല്‍പനകള്‍ മനുഷ്യന്‍റെ ഭാഷയില്‍ അവരെ അറിയിച്ചവനാണ് മോശ. ഇന്ന് നമ്മുടെ ജീവിതത്തില്‍ സഭയുടെ പ്രബോധനങ്ങളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള സൂചനകള്‍ ബൈബിളില്‍ നമുക്കു കാണുവാന്‍ സാധിക്കും. എന്നാല്‍ ഇതിനെ വ്യക്തമായി വ്യാഖ്യാനിക്കാനുള്ള അധികാരം സഭയ്ക്കാണ്‌ ഉള്ളത്. കാരണം "വിശ്വാസം അവതരിപ്പിക്കാനും പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ അതു വ്യാഖ്യാനിക്കാനും അബദ്ധമാക്കലില്‍ നിന്ന്‍ അതിനെ രക്ഷിക്കാനും കത്തോലിക്കാ സഭയ്ക്കുള്ള ശാസനാധികാരത്തിന്‍റെ പേരാണ് പ്രബോധനാധികാരം." ഈ പ്രബോധനാധികാരം ഉപയോഗിച്ച് എന്താണ് ശുദ്ധീകരണ സ്ഥലം എന്ന്‍ സഭ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.

ബൈബിളും ശുദ്ധീകരണസ്ഥലവും

പലപ്പോഴും ഒരു സ്ഥലമായി സങ്കല്‍പ്പിക്കപ്പെടുന്ന ശുദ്ധീകരണസ്ഥലം ഒരു സ്ഥലമല്ല, അത് ഒരു അവസ്ഥയാണ് എന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍ പരിപൂര്‍ണ്ണ വിശുദ്ധിയിലല്ല മരിക്കുന്നതെങ്കില്‍ അവന്‍റെ ആത്മാവിന് പരിപൂര്‍ണ്ണ ശുദ്ധി വരുത്തുന്നതിനു വേണ്ടി ആ ആത്മാവ് കടന്നുപോകേണ്ട ഒരു അവസ്ഥയാണ് ശുദ്ധീകരണസ്ഥലം.

പഴയ നിയമത്തില്‍ (2 മക്കബായര്‍ 12:38-45) യൂദാസ് മക്കബായനും അനുയായികളും മരിച്ചവരുടെ പാപം തുടച്ചു മാറ്റണമെന്ന് ദൈവത്തോടു യാചിച്ചു കൊണ്ട് പ്രാര്‍ത്ഥനകളും പരിഹാരബലികളും അര്‍പ്പിക്കുന്നു. ഈ പ്രവര്‍ത്തിയെ ശ്രേഷ്ഠവും ഉചിതവുമായ പ്രവര്‍ത്തിയായി ദൈവവചനം സാക്ഷ്യപ്പെടുത്തുകയും മരിച്ചവര്‍ക്കു വേണ്ടിയുള്ള ഈ പ്രത്യാശയെ പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയായി വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഈ വചനഭാഗം മറ്റൊരു കാര്യം കൂടി എടുത്തു പറയുന്നുണ്ട്. "മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നുവെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു." (2 മക്കബായര്‍ 12:44)അതുകൊണ്ട് മരണാനന്തര ജീവിതത്തെക്കുറിച്ചും ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചും അവിടെയുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും ഭോഷത്തമാണ് എന്ന് ആരൊക്കെ കരുതുന്നുവോ, അവർ മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ച് പ്രതീക്ഷയില്ലാത്തവരാണ്. മരിച്ചവരുടെ ഉയിര്‍പ്പ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ തന്നെ അത് ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയായി കണക്കാക്കാം.

കര്‍ത്താവായ യേശു, പുതിയ നിയമത്തില്‍, ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും എന്നാല്‍ മറ്റു ചിലത് വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടാമെന്നും വളരെ വ്യക്തമായി നമ്മോടു പറയുന്നു (മത്തായി 12:32). സത്യം തന്നെയായവന്‍ പറയുന്ന ഈ വചനഭാഗം മാത്രം മതിയാകും. മരണശേഷം ഒരു മനുഷ്യന്‍റെ പാപങ്ങള്‍ ക്ഷമിക്കാനുള്ള അവസരമുണ്ട് എന്നു നമുക്കു മനസ്സിലാക്കാന്‍.

ശുദ്ധീകരണ സ്ഥലത്തില്‍ ആത്മാക്കളെ ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പല വിശുദ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ അഗ്നി നരകത്തിന്‍റെ അഗ്നിയില്‍ നിന്നും വ്യത്യസ്തമാണ് എന്നു നാം മനസ്സിലാക്കണം. ശുദ്ധീകരണസ്ഥലത്തെ അഗ്നിയെപ്പറ്റി വി. പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നുണ്ട്. "..ഒരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നില്നില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്നിയിലൂടെയെന്ന പോലെ മാത്രം അവന്‍ രക്ഷ പ്രാപിക്കും" (1 കൊറി 3:13-15).

അതുകൊണ്ട് ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്നതിന് പരിപൂര്‍ണ്ണ വിശുദ്ധി പ്രാപിക്കാത്ത വ്യക്തികള്‍ മരിക്കുമ്പോള്‍ അവരുടെ ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലം എന്ന അവസ്ഥയിലെ അഗ്നിയിലൂടെ കടന്നു പോകുന്നു. അതിലൂടെ രക്ഷ പ്രാപിച്ച് ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്നു. കാരണം "വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല." (ഹെബ്രാ. 12:14)‍.

ശുദ്ധീകരണസ്ഥലവും സഭയുടെ പ്രബോധനങ്ങളും

പത്രോസ് കര്‍ത്താവിനെ തള്ളിപ്പറഞ്ഞപ്പോള്‍, കര്‍ത്താവ് പത്രോസിന്‍റെ നേരെ നോക്കി. അപ്പോള്‍ "പത്രോസ് പുറത്ത് പോയി കഠിന ദുഃഖത്തോടെ വിലപിച്ചു." അത് ശുദ്ധീകരണ സ്ഥലത്തായിരിക്കുന്നതു പോലുള്ള ഒരു അനുഭവമാണ്. മിക്കവാറും അതുപോലുള്ള ഒരു ശുദ്ധീകരണം മരണനിമിഷത്തില്‍ നമ്മെ മിക്കവരെയും കാത്തിരിക്കുന്നുണ്ടാവും. സ്നേഹപൂര്‍ണതയോടെ കര്‍ത്താവു നമ്മെ നോക്കുന്നു. നാം ദഹിപ്പിക്കുന്ന ലജ്ജ അനുഭവിക്കും. തിന്മ നിറഞ്ഞ, അല്ലെങ്കില്‍ കേവലം സ്നേഹരഹിതമായ പെരുമാറ്റത്തെക്കുറിച്ച് വേദനാജനകമായ പശ്ചാത്താപമുണ്ടാകും. ഈ വിശുദ്ധീകരണ വേദനയ്ക്ക് ശേഷം മാത്രമേ പ്രശാന്തമായ സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ അവിടുത്തെ സ്നേഹപൂര്‍ണമായ നോട്ടം കണ്ടുമുട്ടാനാവുകയുള്ളൂ (YOUCAT 159).

കര്‍ത്താവ് തന്‍റെ മഹത്വത്തില്‍ സകല മാലാഖമാരുമൊത്ത് ആഗതനാകുകയും മരണത്ത നശിപ്പിച്ച് സര്‍വവും തനിക്കു കീഴ്പ്പെടുത്തുകയും ചെയ്യുന്നതുവരെ തന്‍റെ ശിഷ്യരില്‍ ചിലര്‍ ഈ ഭൂമിയില്‍ പരദേശവാസികളായിരിക്കുകയും ചിലര്‍ ഈ ജീവിതം അവസാനിപ്പിച്ച് (ശുദ്ധീകരണ സ്ഥലത്ത്) ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചിലര്‍ മഹത്വീകൃതരായി "ത്രിയേക ദൈവത്തെ അവന്‍ ആയിരിക്കുന്നതു പോലെ തെളിവായി കാണുകയും ചെയ്യും." (Vatican Council II, LG 49) ക്രിസ്തുമതത്തിന്‍റെ ആരംഭകാലഘട്ടം മുതല്‍ മരിച്ചവരുടെ ഓര്‍മ്മ സഭ വളരെ ഭക്തിയോടു കൂടി ആചരിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പരിഹാര കര്‍മ്മങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു (Vatican Council II, LG 50).

"ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെട്ടവരായെങ്കിലും നിത്യരക്ഷയുടെ ഉറപ്പ് നേടിയവരാണ്. എന്നാല്‍, സ്വര്‍ഗ്ഗീയാനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനു വേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിനു വിധേയരായിത്തീരുന്നു.

തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലം (Purgatory) എന്നു വിളിക്കുന്നു. ശപിക്കപ്പെട്ടവരുടെ രക്ഷയില്‍ നിന്ന്‍ അതു തികച്ചും വിഭിന്നമാണ്. ശുദ്ധീകരണസ്ഥലത്തെ സംബന്ധിച്ച സഭയുടെ വിശ്വാസപ്രബോധനങ്ങള്‍ പ്രത്യേകമായും ഫ്ലോറന്‍സിലെയും ത്രെന്തിലെയും സൂനഹദോസുകളില്‍ ക്രോഡീകരിക്കപ്പെട്ടവയാണ്. സഭയുടെ പാരമ്പര്യം വിശുദ്ധ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പറയുന്നുണ്ട്.

ലഘുവായ കുറ്റങ്ങളെ സംബന്ധിച്ചിടത്തോളം, അവസാന വിധിക്കുമുന്‍പ് ഒരു ശുദ്ധീകരണാഗ്നിയുണ്ടെന്നു നാം വിശ്വസിക്കണം. പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവരോട് ഈ യുഗത്തിലെ വരും യുഗത്തിലോ കഷ്മിക്കപ്പെടുകയില്ലെന്നു സത്യം തന്നെയായവന്‍ പറയുന്നു. ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും ഈ വാചകത്തില്‍ നിന്നും നാം മനസ്സിലാക്കുന്നു.

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവിലും അധിഷ്ടിതമാണ് ഈ പ്രബോധനം. വി. ഗ്രന്ഥത്തില്‍ ആ പതിവിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. "അതുകൊണ്ട് മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിനുവേണ്ടി (യൂദാസ് മക്കബായര്‍) പരിഹാര കര്‍മ്മം അനുഷ്ഠിച്ചു. ആരംഭകാലം മുതല്‍ സഭ മരിച്ചവരുടെ അനുസ്മരണത്തെ ആദരിക്കുകയും അവര്‍ക്കു വേണ്ടി പരിഹാര പ്രാര്‍ത്ഥനകള്‍, സര്‍വ്വോപരി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന്‍റെ സൗഭാഗ്യദര്‍ശനം പ്രാപിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്‌ഷ്യം. മരിച്ചവര്‍ക്കു വേണ്ടിയുള്ള ധര്‍മ്മദാനം, ദണ്ഡവിമോചന കര്‍മ്മങ്ങള്‍, പ്രായശ്ചിത്തപ്രവൃത്തികള്‍ എന്നിവയും സഭ പ്രോത്സാഹിപ്പിക്കുന്നു.

നമുക്ക് അവരെ സഹായിക്കുകയും അവരുടെ ഓര്‍മ്മ ആചരിക്കുകയും ചെയ്യാം. ജോബിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്‍റെ ബലിവഴി ശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിനു സംശയിക്കണം. മരിച്ചവരെ സഹായിക്കുന്നതില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്" (CCC 1030- 1032).

മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികളുടെ ആത്മാക്കളെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും. കാരണം, ക്രിസ്തുവില്‍ മാമോദീസാ സ്വീകരിച്ചവരെല്ലാം ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നു. പരസ്പരം ഐക്യപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍ മരിച്ചു കഴിയുമ്പോള്‍ തനിക്കു വേണ്ടിത്തന്നെ ഒന്നും ചെയ്യാന്‍ അയാള്‍ക്കു കഴിയുകയില്ല. യോഗ്യത നേടാനുള്ള പ്രവർത്തനക്ഷമമായ പരീക്ഷണഘട്ടം അവസാനിച്ചു. എന്നാല്‍ മരിച്ചു ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികള്‍ക്കു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിയും. നമ്മുടെ സ്നേഹം മരണാനന്തര ജീവിതത്തിലേക്കും വ്യാപിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍, സത്കര്‍മ്മങ്ങള്‍ എന്നിവ വഴി, സവിശേഷമായി വിശുദ്ധ - കുര്‍ബാനയുടെ ആഘോഷം വഴി മരിച്ചവര്‍ക്കു വേണ്ടി ദൈവകൃപ നേടാന്‍ നമുക്കു സാധിക്കും (YOUCAT 160).

വിശുദ്ധരുടെ ദര്‍ശനങ്ങളിലൂടെ

ഒരു രാത്രിയില്‍ 'കുരിശിന്റെ വിശുദ്ധ പൗലോസ്' ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പ് തന്റെ മുറിയുടെ വാതിലില്‍ ആരോ തുടരെ തുടരെ മുട്ടുന്നതായി കേട്ടു. കാല്‍മണിക്കൂര്‍ മുന്‍പ് മരിച്ച ഒരു പുരോഹിതന്റെ ആത്മാവായിരുന്നു അത്. കുര്‍ബ്ബാന, പ്രാര്‍ത്ഥന തുടങ്ങിയ സഹായങ്ങള്‍ വിശുദ്ധനില്‍ നിന്നും അപേക്ഷിക്കുവാന്‍ വേണ്ടി വന്നതായിരുന്നു ആ ആത്മാവ്. ആ ആത്മാവ് പറഞ്ഞു. “ഓ! ഞാന്‍ എത്രമാത്രം സഹിച്ചു, ആയിരം കൊല്ലത്തോളം അഗ്നിയുടെ സമുദ്രത്തിലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്!” ശേഷം ആത്മാവ് കണ്ണുനീര്‍ പൊഴിക്കുവാനാരംഭിച്ചു.

ഉടനടി, പൗലോസ് എഴുന്നേറ്റ് സമയം നോക്കിയിട്ട് പറഞ്ഞു, “അതെപ്രകാരം സാധിക്കും? കാല്‍മണിക്കൂര്‍ മുന്‍പ് മാത്രം മരിച്ച അങ്ങേക്ക് ആയിരം വര്‍ഷത്തോളം അഗ്നിയുടെ സമുദ്രത്തില്‍ കഴിഞ്ഞതായി തോന്നുന്നു എന്നു പറയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്?” ഇതിനു മറുപടിയായി ആ ആത്മാവ് ഇപ്രകാരം പറഞ്ഞു. “ശുദ്ധീകരണസ്ഥലത്തെ സമയം എത്രമാത്രം ദൈര്‍ഘ്യമേറിയതാണെന്ന് നീ അറിഞ്ഞിരുന്നുവെങ്കില്‍ നീ ഇത് പറയുമായിരിന്നില്ല”. വിശുദ്ധനില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുന്നത് വരെ ആ ആത്മാവ് അവിടം വിട്ടുപോയില്ല.

വിശുദ്ധ ഫൌസ്റ്റീനയുടെ ഡയറിയില്‍ വിവരിച്ചിരിക്കുന്ന ഒരനുഭവം ഇപ്രകാരമാണ്- "രണ്ടുമാസം മുന്‍പ് മരണപ്പെട്ട ഒരു സിസ്റ്റര്‍ ഒരു രാത്രിയില്‍ എന്റെ അടുക്കല്‍ വന്നു. വളരെ ഭീകരമായൊരു അവസ്ഥയിലായിരുന്നു അവര്‍. അവരുടെ മുഖം വളരെയേറെ വികൃതമായിരുന്നു. അവര്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന ഞാന്‍ ഇരട്ടിയാക്കി. അടുത്ത ദിവസം രാത്രിയില്‍ അവര്‍ പിന്നേയും എന്റെ അടുക്കല്‍ വന്നു. പക്ഷേ ഇപ്പോള്‍ അവരുടെ അവസ്ഥ കൂടുതല്‍ ഭീകരമായിരുന്നു. ഞാന്‍ അവരോടു ചോദിച്ചു: എന്റെ പ്രാര്‍ത്ഥനകള്‍ നിങ്ങളെ ഒട്ടും തന്നെ സഹായിച്ചില്ലേ?

എന്റെ പ്രാര്‍ത്ഥനകള്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയുകയില്ലെങ്കില്‍, സിസ്റ്റര്‍ ദയവായി എന്റെ അടുക്കല്‍ വരുന്നത് നിര്‍ത്തണം; ഞാന്‍ അവരോടു പറഞ്ഞു. ഉടനേതന്നെ അവര്‍ അപ്രത്യക്ഷയായി. എങ്കിലും, അവര്‍ക്ക് വേണ്ടി ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ വീണ്ടും എന്റെ പക്കല്‍ വന്നു. ഇപ്രാവശ്യം അവരുടെ മുഖം പ്രകാശപൂരിതമായിരിന്നു. അവളുടെ കണ്ണുകള്‍ ആഹ്ലാദംകൊണ്ട് നിറഞ്ഞിരിന്നു. എന്റെ സ്നേഹിതരോട്‌ എനിക്ക് ശരിയായ സ്നേഹമുണ്ടെന്നും, എന്റെ പ്രാര്‍ത്ഥനകളാല്‍ ശുദ്ധീകരണ സ്ഥലത്തെ ധാരാളം ആത്മാക്കള്‍ക്ക് മോക്ഷം ലഭിച്ചുവെന്നും അവര്‍ എന്നെ അറിയിച്ചു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ മുടക്കരുതെന്നവര്‍ എന്നോടു അപേക്ഷിച്ചു. അവര്‍ അധികകാലം അവിടെ ഉണ്ടാവുകയില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ പ്രമാണങ്ങള്‍ എത്രയോ വിസ്മയാവഹം!"

(വിശുദ്ധരുടെ ഇതുപോലുള്ള ദര്‍ശനങ്ങളും സഭയുടെ പ്രബോധനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ലേഖനങ്ങൾ എല്ലാ ദിവസവും പ്രവാചക ശബ്ദത്തിൽ പ്രസിധീകരിക്കുന്നുണ്ട്.)

പുണ്യവാന്‍മാരുടെ ഐക്യത്തില്‍ വിശ്വസിക്കാം

'പുണ്യവാന്‍മാരുടെ ഐക്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നു നാം വിശ്വാസ പ്രമാണത്തിലൂടെ ഏറ്റു ചൊല്ലുമ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരും ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവരും സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നവരുമായ മൂന്നു കൂട്ടായ്മകളുടെ ഐക്യമാണ് നാം ഏറ്റുചൊല്ലുന്നത്. ഇതില്‍ നിന്ന്‍ ശുദ്ധീകരണ സ്ഥലത്തെ ഒഴിവാക്കുകയോ സംശയിക്കുകയോ പോലും ചെയ്യുമ്പോള്‍ നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം തന്നെ ഇല്ലാതാകുന്നു. ഓരോ ജപമാലയിലും നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു "ഓ എന്‍റെ ഈശോയേ...അങ്ങേ കാരുണ്യം ഏറ്റവും ആവശ്യമായിട്ടുള്ളവരെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കേണമേ." നാം എത്രമാത്രം വിശ്വാസത്തോടും ബോധ്യത്തോടും കൂടിയാണ് ഈ പ്രാര്‍ത്ഥന ചൊല്ലുന്നത്? ദൈവത്തിന്‍റെ കരുണ ഏറ്റവും ആവശ്യമായിട്ടുള്ളവരാണ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍. അവര്‍ക്കു വേണ്ടി ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലുമ്പോള്‍ ഉറച്ച ബോധ്യത്തോടുകൂടി നമുക്ക് ഏറ്റുചൊല്ലാം.

ഏറ്റവും അനുകമ്പയുള്ള പരിശുദ്ധ അമ്മ തന്റെ മക്കളെ ഭൂമിയില്‍ സഹായിക്കുന്നത് കൊണ്ട് മാത്രം സംതൃപ്തയാകുന്നില്ല. തന്റെ മക്കള്‍ ശുദ്ധീകരണസ്ഥലമെന്ന തടവറയില്‍ നിന്നും മോചിതരായി കാണുവാന്‍ അവള്‍ ആഗ്രഹിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ തന്റെ പ്രിയദാസരുടെ സഹനങ്ങള്‍ കാഠിന്യം കുറഞ്ഞതും, ചെറുതുമാക്കുവാന്‍, അവള്‍ തന്റെ യോഗ്യതകള്‍ തന്റെ മകന്റെ മുന്‍പിലും, തന്റെ മകന്റെ യോഗ്യതകള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ മുന്‍പിലും സമര്‍പ്പിക്കുന്നു.

“പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയാല്‍ നിരവധി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. പരിശുദ്ധ അമ്മ ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ അവിടെ എത്തിച്ചേരില്ലായിരുന്നു”. (വിശുദ്ധ തോമസ്‌ അക്വിനാസ്)

നമ്മുടെ ജീവിതങ്ങളില്‍ നിന്നും മരണം മൂലം വേര്‍പെട്ടു പോയ നമ്മുടെ പൂര്‍വ്വികര്‍; അവര്‍ ഇപ്പോള്‍ എവിടെയായിരിക്കും? നമുക്കറിയില്ല. അവരുടെ ത്യാഗത്തിന്‍റെയും നന്മകളുടെയും ഫലം നാം ഇപ്പോള്‍ അനുഭവിക്കുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ ശുദ്ധീകരണ സ്ഥലത്താണെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്കായി അവര്‍ കാത്തിരിക്കുന്നു. നാം ഓരോരുത്തരും ഒരു ദിവസം മരിക്കും. അന്നു നാം ശുദ്ധീകരണ സ്ഥലത്തായിരിക്കുമ്പോള്‍ ഭൂമിയില്‍ നിന്നും ഒരു പ്രാര്‍ത്ഥന നമുക്കു വേണ്ടി ഉയരാന്‍ നാമും എത്രയോ തീവ്രമായി ആഗ്രഹിക്കും?

വിശുദ്ധ ജെര്‍ത്രൂദിന് ഒരു പ്രാര്‍ത്ഥന നല്കിക്കൊണ്ട് കർത്താവ്‌ ഇപ്രകാരം പറഞ്ഞു: " ഈ പ്രാര്‍ത്ഥന ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍ ഞാന്‍ ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും." അങ്ങനെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ആത്മാക്കള്‍ ക്രിസ്തുവിനോട് കൂടുതല്‍ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് നമുക്കു വേണ്ടി ഫലദായകമായി പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ക്ക് കഴിയുന്നു. ആ പ്രാര്‍ത്ഥനകള്‍ നമ്മുടെ ജീവിതത്തിനും ചുറ്റും ഒരു കോട്ടയായി മാറട്ടെ. അതിനാല്‍ വിശുദ്ധ ജെര്‍ത്രൂദിന് കര്‍ത്താവ് നല്‍കിയ പ്രാര്‍ത്ഥന ലോകമെമ്പാടുമുള്ള വിശ്വാസികളോട് ചേര്‍ന്ന്‍ നമുക്കും ഏറ്റു ചൊല്ലാം.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


Related Articles »