Meditation. - March 2024

ധൂര്‍ത്തപുത്രന്‍റെ ഉപമ നമ്മോടു സംസാരിക്കുന്നതെന്ത്?

സ്വന്തം ലേഖകന്‍ 16-03-2023 - Thursday

"അപ്പോള്‍ പിതാവ് പറഞ്ഞു, മകനെ, നീ എപ്പോഴും എന്റെ കൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിനക്കുള്ളതാണ്" (ലുക്ക 15:31)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 16

സുവിശേഷങ്ങളിലെ ധൂർത്തപുത്രന്റെ ഈ ഉപമ, പിതാവിന്റെ വിവരിക്കുവാനാവാത്ത സ്നേഹം വരച്ചു കാട്ടുന്നു. തിരിച്ചു വന്ന ആ പുത്രന്, ദൈവം പൂർണ്ണമായ അനുരഞ്ജനം സമ്മാനമായി നല്കുന്നു. എന്നാൽ അതേസമയം, മൂത്തപുത്രന്റെ സ്വാര്‍ഥതതെയും ഉപമയില്‍ എടുത്തു കാട്ടുന്നുണ്ട്. ആ സഹോദരന്മാരെ വേർപെടുത്തുന്നത് മൂത്ത പുത്രന്‍റെ സ്വാര്‍ഥതയാണ്. വാസ്തവത്തില്‍ ഇത് മനുഷ്യകുലത്തിന്റെയും മുഴുവന്‍ കഥയാണ്. അത് നമ്മുടെ ജീവിത സാഹചര്യങ്ങളെ വരച്ചു കാട്ടുന്നു. ഈ കുടുംബത്തിന്റെ വിവിധ അവസ്ഥകളില്‍ നിന്നു, നമ്മൾ സ്വീകരിക്കേണ്ട പാത ഏതെന്നു വചനം നമ്മുക്ക് മനസ്സിലാക്കി തരുന്നു.

ഒരു വശത്ത്, ആ ധൂർത്തപുത്രൻ പരിവർത്തനപ്പെടുവാനുള്ള തിടുക്കത്തിൽ, പിതാവിങ്കല്‍ നിന്നും ക്ഷമയും സ്നേഹവും സ്വീകരിക്കുവാൻ വെമ്പുന്നു. മറുവശത്ത് സ്വാര്‍ഥതയുടെ പര്യായമായി മൂത്ത പുത്രന്‍. തങ്ങളുടെ ഉള്ളിന്റെയുള്ളിൽ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന ദൈവവുമായി അനുരഞ്ജനപ്പെടുവാൻ ആഗ്രഹിക്കുന്നവരുടെ പ്രതീകമായി ഈ ധൂർത്തപുത്രൻ മാറുന്നു. ഈ അനുരഞ്ജനം സാധ്യമാവുക അടിസ്ഥാനപരമായ മാനസാന്തരത്തിൽ നിന്നാണ്. ഉള്ളിന്റെയുള്ളിൽ നിന്നുള്ള ആഴമായ ബോധ്യം, അകന്നുപോയ ബന്ധം കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്ന ദൈവീക സ്നേഹം, ഇവയെല്ലാം ആ മകന്‍റെ മാനസാന്തരത്തിന് കാരണമായി.

പക്ഷെ ഈ ഉപമ ആ 'മൂത്തപുത്രന്റെ' പശ്ചാത്തലത്തിൽ വായിക്കുമ്പോൾ, അത് നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിന്റെ ചിത്രം വരച്ചു കാട്ടുന്നു. സ്വാർത്ഥതയാൽ വിഭജിക്കപ്പെട്ടുപോയ ഒരു കുടംബത്തിന്റെ ചിത്രം. അനുരഞ്ജനപ്പെട്ട് കുടുംബവുമായ് വീണ്ടും ഒന്നാകാന്‍ ആഗ്രഹിക്കുന്ന മകന്, മൂത്ത പുത്രന്‍റെ സ്വാര്‍ഥത മൂലം സന്തോഷം അനുഭവിക്കുവാൻ സാധിക്കാത്ത അവസ്ഥയിലേക്ക് പോകുന്നു. ഇവിടെ പിതാവിന്റെ അനന്തമായ കരുണ മനസ്സിലാക്കികൊണ്ട് നമ്മുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനാണ് നാം പരിശ്രമിക്കേണ്ടത്. അങ്ങനെ സഹോദരീ സഹോദരന്മാർ തമ്മിലുള്ള തെറ്റിദ്ധാരണകളെയും പകയേയും നമ്മുക്ക് അതിജീവിക്കാന്‍ സാധിയ്ക്കും.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, 2.12.84)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »