News - 2026

മെത്രാസന മന്ദിരത്തില്‍ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി മോചിതനായി

പ്രവാചകശബ്ദം 18-08-2026 - Tuesday

ഒടുക്പോ: നൈജീരിയയിലെ ഒടുക്പോ രൂപതയിലെ മെത്രാസന മന്ദിരത്തില്‍ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി മോചിതനായി. ജൂലൈ 29-ന് തട്ടിക്കൊണ്ടുപോകപ്പെട്ട കെൽവിൻ ഒച്ചായ് എന്ന സെമിനാരി വിദ്യാർത്ഥിയാണ് തട്ടിക്കൊണ്ടുപോയവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതനായി വീട്ടിലെത്തിയതെന്ന് രൂപതയുടെ ചാൻസലറായ ഫാ. ജോസഫ് അബോയി ആഫ്രിക്കയിലെ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിന്റെ ആഫ്രിക്കന്‍ വിഭാഗത്തിന് പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.

ഓഗസ്റ്റ് 16-നാണ് വൈദിക വിദ്യാര്‍ത്ഥിയുടെ മോചന വിവരം നൈജീരിയന്‍ രൂപത സ്ഥിരീകരിച്ചത്. കെൽവിൻ ഒച്ചായ് തട്ടിക്കൊണ്ടുപോയവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഗ്വെർ ഈസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അലിയാഡെയിൽ എത്തിച്ചേരുകയും, അവിടെ നിന്നു സുരക്ഷിതമായി വീട്ടിലെത്തിക്കുകയുമായിരിന്നുവെന്ന് ഫാ. ജോസഫ് അബോയി വ്യക്തമാക്കി. രക്ഷപ്പെട്ടെത്തിയ സെമിനാരി വിദ്യാർത്ഥിയെ സംരക്ഷിക്കുകയും രാത്രി താമസിപ്പിക്കുകയും പരിചരിക്കുകയും ചെയ്ത 'സെന്റ് പീറ്റർ ആൻഡ് പോൾ' വികാരിയോടും ഇടവകാംഗങ്ങളോടും രൂപത നന്ദി അറിയിച്ചു.

വൈദിക വിദ്യാര്‍ത്ഥിയുടെ സുരക്ഷിതമായ തിരിച്ചുവരവിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനൊപ്പം, നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ ക്രിമിനൽ സംഘങ്ങളുടെ പിടിയിലായിരിക്കുന്ന നിരവധി ആളുകൾക്ക് വേണ്ടി തുടർന്നും പ്രാർത്ഥിക്കണമെന്ന് ചാൻസലർ അഭ്യർത്ഥിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ മേഖലയിലെ ജനങ്ങളുടെ അരക്ഷിതാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കൊലപാതകങ്ങളും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകളും ഉള്‍പ്പെടെയുള്ള ആക്രമണങ്ങളും സായുധ സംഘങ്ങളുടെ ഭീഷണിയും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നൈജീരിയ.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »