Content | ബെയ്റൂട്ട്: പരിശുദ്ധ ദൈവ മാതാവിന്റെ മംഗളവാർത്ത തിരുനാളിലെ പൊതു അവധി ദിനം പ്രാര്‍ത്ഥനയാക്കി ലെബനോനിലെ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും. പരിശുദ്ധ കന്യകാമറിയത്തെ ലെബനീസ് ക്രൈസ്തവ മുസ്ളിം സഹോദരങ്ങൾ ആദരിക്കുകയും വിശ്വാസികളുടെ പൊതു സ്വത്തായി വണങ്ങുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പൊതു അവധി പ്രഖ്യാപിച്ചത്. മാനവ സമൂഹത്തെ ഒരുമിച്ചു ചേർക്കുന്ന അമ്മയാണ് പരിശുദ്ധ മറിയമെന്ന് ലെബനീസ് ജുഡീഷറി സുപ്പീരിയർ കൗൺസിൽ പ്രസിഡൻറ് ജഡ്ജ് ജീൻ.ഡി. ഫഹദ് വ്യക്തമാക്കി. ലെബനോൻ കസേഷൻ കോടതിയുടെ പ്രഥമ പ്രസിഡന്റായ അദ്ദേഹം, രാജ്യത്തിന്റെ നിയമനിർമ്മാണത്തിൽ കത്തോലിക്കരെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖ വ്യക്തി കൂടിയാണ്.
മുസ്ളിം ചരിത്രത്തിലും വിവരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മരിയഭക്തി അനുഗ്രഹദായകമാണെന്ന് ജീൻ ഫഹദ് അഭിപ്രായപ്പെട്ടു. മരിയൻ തീർത്ഥാടന കേന്ദ്രമായ ഹരിസയിലും നിരവധി മുസ്ളിം സന്ദർശകരെ കാണാം. സെന്‍റ് ചാർബെൽ ദേവാലയം സന്ദർശിക്കുന്ന നിരവധി മുസ്ളിം സഹോദരങ്ങളും ദൈവാനുഗ്രഹത്തിനും സൗഖ്യത്തിനുമായി പ്രാർത്ഥിക്കുന്നു. പരിശുദ്ധ ദൈവ മാതാവിന്റെ മദ്ധ്യസ്ഥം വഴി ക്രിസ്തുവിനെ മനസ്സിലാക്കാനും അവർ താല്പര്യപ്പെടുന്നു. കന്യക മാതാവിനോട് സമ്പർക്കത്തിൽ ജീവിക്കുമ്പോൾ യേശുവിനോട് കൂടുതൽ അടുക്കാനാക്കും.
ലെബനീസ് സിവിൽ സ്ഥാപനങ്ങളിൽ ക്രൈസ്തവ മാതൃക നല്കുന്ന ജഡ്ജ് ജീൻ ഫഹദ് തന്റെ സുവിശേഷ അനുഭവവും പങ്കുവെച്ചു. മാമ്മോദീസ സ്വീകരിച്ച ഏവരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ ധീരമായി സാക്ഷ്യം നല്കണം. അനുദിന ജീവിതത്തിലൂടെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. വിശ്വാസം, ദൈവവചനം, സഭയിലെ പങ്കാളിത്തം എന്നിവയെക്കുറിച്ച് സംസാരിക്കാൻ അവസരം കണ്ടെത്തണം. പൊതു നന്മയ്ക്കായി ക്രൈസ്തവ- മുസ്ലിം സഹോദരങ്ങൾ പരസ്പരം സഹകരിച്ച് ജീവിക്കാനാകുമെന്നും അദ്ദേഹം പങ്കുവെച്ചു.
മാർച്ച് 25ന് ലെബനീസ് ഭരണകൂടത്തിന്റെ ആസ്ഥാനമായ ബെയ്റൂട്ട് ഗ്രാൻറ് സെറെയിൽ മംഗളവാർത്ത തിരുന്നാളിന്റെ ഔദ്യോഗിക ആഘോഷങ്ങൾ സംഘടിപ്പിച്ചിരിന്നു. അതിനു പുറമേ, രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിലും ക്രൈസ്തവ -മുസ്ലിം സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ തിരുന്നാൾ ആചരിച്ചു. |