Content | വാഷിംഗ്ടണ്‍ ഡിസി: പ്രപഞ്ച സൃഷ്ട്ടിക്ക് പിന്നില്‍ ബുദ്ധിമാനായ ഒരു ഡിസൈനര്‍ ഉണ്ടെന്ന് പ്രശസ്ത അമേരിക്കന്‍ ജിയോഫിസിസ്റ്റും ‘ഡാര്‍വിന്‍സ് ഡൌട്ട്’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവുമായ സ്റ്റീഫന്‍ സി. മേയര്‍. അമേരിക്കന്‍ രാഷ്ട്രീയ നിരൂപകനും, എഴുത്തുകാരനുമായ ബെന്‍ ഷാപിരോയുടെ ‘ബെന്‍ ഷാപിരോ ഷോ’യില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സൃഷ്ടിയെക്കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാടുകള്‍ സ്ഥിരീകരിചുകൊണ്ടുള്ള അഭിപ്രായപ്രകടനം മേയര്‍ നടത്തിയത്. ‘ജീവന്‍ എങ്ങിനെ ഉണ്ടായി?’ എന്ന വലിയ ചോദ്യത്തിന് ഉത്തരം നല്‍കുന്ന കാര്യത്തില്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പരാജയപ്പെട്ടുവെന്നും മേയര്‍ പറഞ്ഞു.
പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള വിദഗ്ദമായ ശാസ്ത്രീയ പഠനങ്ങള്‍ ദൈവീകപരമായ വസ്തുതകളെ ഉറപ്പിക്കുന്ന തരത്തിലുള്ള നിഗമനങ്ങളിലായിരിക്കും എത്തിച്ചേരുകയെന്നാണ് താന്‍ വിശ്വസിക്കുന്നത്. ശാസ്ത്രീയമായ രീതിയില്‍ സൃഷ്ടിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യമാണ്. എന്നാല്‍ വിവരങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കുമ്പോള്‍ എപ്പോഴും ബുദ്ധിയുള്ള ഒരു സ്രോതസ്സില്‍ നിന്നുമാണ് അത് ഉയരുന്നത്.
പുരാതന ലിഖിതങ്ങളിലേയോ, പുസ്തകത്തിലെ ഒരു ഖണ്ഡികയിലേയോ, റേഡിയോ സിഗ്നലിലേയോ വിവരങ്ങളുടെ ഉത്ഭവം അന്വേഷിച്ചാല്‍ അതെപ്പോഴും ഒരു വ്യക്തമായ ചെന്നെത്തുന്നത് ബുദ്ധിയുടെ തലത്തിലാണ്, അല്ലാതെ പ്രക്രിയയിലല്ല. ഭൂമി സൃഷ്ടിക്കപ്പെട്ടതു വെറും പതിനായിരം വര്‍ഷങ്ങള്‍ മുന്‍പാണെന്നാണ് ഭൂരിഭാഗം സൃഷ്ടിവാദികളും ചിന്തിക്കുന്നത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈ ബുദ്ധിയാണ് നിത്യനായ ദൈവമെന്നും മേയര്‍ പറഞ്ഞു. |