Content | വത്തിക്കാന്‍ സിറ്റി: അപമാനിക്കപ്പെട്ടവരുടെയും, നിന്ദിക്കപ്പെട്ടവരുടെയും പ്രതീകമായിരുന്നു കുരിശില്‍ മരിച്ച ക്രിസ്തുവെന്നു പരമാചാര്യന്റെ പ്രഭാഷകൻ ഫാ. റാണിറോ കാന്റലാമെസ. ഇന്നലെ വത്തിക്കാനില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. പാവപ്പെട്ടവരുടെയും, പുറംന്തള്ളപ്പെട്ടവരുടെയും അടിമത്തതിനിരയായവരുടേയുമായിരിക്കും ഈ ഉയിര്‍പ്പെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചരിത്രത്തിലുടനീളം ലോക ജനതയുടെ പ്രത്യേകിച്ച് ആഫ്രിക്കന്‍-അമേരിക്കന്‍ അടിമകളുടെ മാനുഷികാന്തസ്സിനു ഹാനി വന്നിട്ടുള്ളതിനെ യേശുവിന്റെ പീഡാസഹനത്തോട് ഉപമിച്ചുകൊണ്ടായിരുന്നു ഫാ. കാന്റലാമെസയുടെ പ്രസംഗം.
അവസാനവാക്ക് അടിച്ചമര്‍ത്തലിന്റേയോ അനീതിയുടേയോ ആയിരിക്കില്ല. യേശുക്രിസ്തു ലോകത്തിന്റെ അന്തസ്സ് പുനഃസ്ഥാപിക്കുക മാത്രമല്ല, അവന്‍ ലോകത്തിനു പ്രതീക്ഷയും നല്‍കി. കുരിശുമരണം വരിച്ചവന്‍ നിഷേധിക്കപ്പെട്ടവരുടേയും, സമൂഹത്തില്‍ നിന്നും പുറംന്തള്ളപ്പെട്ടവരുടേയും മുഴുവന്‍ പ്രതിനിധിയായിരുന്നു. അടിമകള്‍ക്ക് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടപ്പോള്‍ സുവിശേഷങ്ങള്‍ മാത്രമായിരുന്നു തങ്ങളും ദൈവമക്കളാണെന്നുള്ള ആത്മവിശ്വാസം അവര്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
നോമ്പുകാലത്തും, ആഗമന കാലത്തും പാപ്പാക്കും, റോമന്‍ കൂരിയാംഗങ്ങള്‍ക്കും ആത്മീയ ധ്യാനങ്ങള്‍ നല്‍കുന്നത് പേപ്പല്‍ പ്രീച്ചറുടെ കടമയാണ്. ദുഃഖവെള്ളിയാഴ്ചയിലെ പ്രസംഗവും പേപ്പല്‍ പ്രീച്ചറുടെ കടമയാണ്. 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഒരു പേപ്പല്‍ പ്രീച്ചറെ ആദ്യമായി നിയമിച്ചത്. ഇന്നലത്തെ യേശുവിന്റെ പീഡാസഹനവുമായി ബന്ധപ്പെട്ട ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കി. തിരുകര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അള്‍ത്താരയുടെ മുന്നില്‍ പാപ്പ സാഷ്ടാംഗ പ്രണാമം നടത്തി.
|