Content | വാഷിംഗ്ടണ്‍ ഡിസി: ഏപ്രിൽ ഇരുപതാം തീയതി ഈസ്റ്റർ ദിനത്തിൽ വിശുദ്ധ കുർബാന മധ്യേ അമേരിക്കയിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ചത് 37000 ആളുകളെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ മെത്രാൻ സമിതിയുടെ വെബ്സൈറ്റ് ആണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്. ഒരു വ്യക്തിക്ക് കത്തോലിക്കാ സഭയിൽ എപ്പോള്‍ വേണമെങ്കിലും അംഗമാകാമെങ്കിലും, ‘റൈറ്റ് ഓഫ് ക്രിസ്റ്റ്യൻ ഇനിസേഷ്യൻ ഓഫ് അഡൽട്ട്’ എന്ന പരിശീലനം പൂർത്തിയാക്കിയശേഷം ഈസ്റ്റർ ദിനത്തിലാണ് സാധാരണയായി ആളുകൾ സഭയിലേക്ക് കടന്നുവരുന്നത്. രാജ്യത്തെ വിവിധ ഇടവകകൾ പുതിയ വിശ്വാസികളെ സന്തോഷത്തോടുകൂടി സ്വീകരിച്ചു.
ഇതുവരെ മാമോദിസ സ്വീകരിക്കാത്തവർക്ക് മാമോദിസ, ആദ്യകുർബാന, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകൾ ഒരുമിച്ചു നൽകിയാണ് സഭയിലേക്ക് സ്വീകരിക്കുന്നത്. ഇങ്ങനെയുള്ളവരെ ‘കാറ്റക്കുമൻസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. നേരത്തെ മാമ്മോദീസ സ്വീകരിച്ചവരെ, വിശ്വാസ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് സ്ഥൈര്യലേപനവും, ആദ്യകുർബാനയും നൽകി സഭയിലേക്ക് സ്വീകരിക്കുന്നത്. ഇവരെ ‘കാൻഡിഡേറ്റ്‌സ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസ് അതിരൂപത 1560 കാറ്റക്കുമൻസിനെയും, 913 കാൻഡിഡേറ്റ്‌സിനെയും സഭയിലേക്ക് സ്വീകരിച്ചു. |