category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുവിനും സഭയ്ക്കുമായി അഭിഷേകത്തിന്റെ 25 വര്‍ഷങ്ങള്‍: ആയിരങ്ങളുടെ പ്രിയപ്പെട്ട വട്ടായിലച്ചന് ജൂബിലി മംഗളങ്ങള്‍
Contentഎന്‍റെ ദൈവം എന്‍റെ പിതാവും രാജാവുമെങ്കില്‍, ഞാന്‍ ആ ദൈവത്തിന്‍റെ രാജകുമാരനാണ് എന്ന് പ്രഖ്യാപിക്കാന്‍ തന്‍റെ പേരിനെ സേവ്യര്‍ഖാന്‍ എന്ന് പുനര്‍നാമകരണം ചെയ്ത, ആയിരങ്ങളുടെ പ്രിയപ്പെട്ട വട്ടായിലച്ചന്‍ ഏപ്രില്‍ 28-ന് തന്‍റെ പൗരോഹിത്യത്തിന്‍റെ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ദൈവമകന്‍റെ രാജത്വപദവിയ്ക്ക് ചേര്‍ന്ന വിധം സ്നേഹത്തിന്‍റെയും എളിമയുടേയും സഹനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും തീക്ഷ്ണതയുടേയും ദീപ്തമായ ഈ പൗരോഹിത്യം കേരള സഭയ്ക്കും സഭാമക്കള്‍ക്കും അനുഗ്രഹവര്‍ഷമായി നിലകൊള്ളുന്നതിനായി, ദൈവശുശ്രൂഷയ്ക്കായി, നമുക്ക് കൃതജ്ഞതാബലികള്‍ ഒരുക്കാം. പരിശുദ്ധാത്മാവിനാല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുകയും പണിതുയര്‍ത്തപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്ന ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ കേരളസഭാചരിത്രത്തിന്‍റെ ഭാഗമായി മാറുകയാണ്. ലോകമൊട്ടുമുള്ള വിശ്വാസ സമൂഹത്തിന് "അട്ടപ്പാടി" ആദ്ധ്യാത്മികതയുടെ ഒരു ഇടമായി മാറുവാന്‍ സ്വര്‍ഗ്ഗം തിരഞ്ഞെടുത്തത് ക്രിസ്തുവിനും സഭയ്ക്കും വേണ്ടി എന്ന ആപ്തവാക്യം ഹൃദയത്തിലേറ്റു വാങ്ങിയ ഒരു സാധാരണ വൈദികന്‍റെ അസാധാരണ സമര്‍പ്പണമാണ്. നവീകരണത്തിന്‍റെ നാളുകള്‍ക്ക് അസ്തമയം എന്ന് പ്രഖ്യാപിക്കുന്നവരുടെ ആരവം ഉയരുന്ന നാളുകളിലാണ് കേരളസഭയുടെ നവീകരണ അന്തരീക്ഷത്തിലേക്ക് ഡിവൈന്‍ ഉണര്‍വ്വിനു ശേഷം പരിശുദ്ധാത്മാവ് വട്ടായിലച്ചനെ അഭിഷേകം ചെയ്ത് ഉയര്‍ത്തുന്നത്. അട്ടപ്പാടിയില്‍ നിന്നും പൊട്ടി ഒഴുകിയ അഭിഷേകത്തിന്‍റെ അഗ്നി ആയിരങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വും പുതിയ ആവേശവും പകര്‍ന്നു നല്‍കി പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സെഹിയോന്‍ ആദ്യ വെള്ളിയാഴ്ച ശുശ്രൂഷകള്‍ അനുഗ്രഹത്തിന്‍റെയും വിടുതലിന്‍റെയും അഭിഷേകജ്വാലയായി കേരളക്കരയില്‍ കത്തിപ്പടര്‍ന്നു. കൊച്ചുകുഞ്ഞിനെപ്പോലെ ശുശ്രൂഷ വേദിയില്‍ തുള്ളിച്ചാടുന്ന വട്ടായിലച്ചനും ആ കണ്ഠത്തില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന "യേശുവേ" എന്ന നിലവിളിയും ലക്ഷക്കണക്കിന് ജീവിതങ്ങള്‍ക്ക് രക്ഷയും സൗഖ്യവുമായിത്തീരാന്‍ പരിശുദ്ധാത്മാവ് ഇടവരുത്തി. ശാലോം ടെലിവിഷനിലൂടെ സ്വര്‍ഗ്ഗം നല്‍കിയ അഭിഷേകാഗ്നി - മലയാളി കുടുംബങ്ങളുടെ സ്വന്തം എപ്പിസോഡായി മാറി. ഇന്നും ജീവിക്കുന്ന കര്‍ത്താവിന്‍റെ അത്ഭുതസാന്നിദ്ധ്യം ഈ ടെലിവിഷന്‍ പ്രോഗ്രാമിലൂടെ "പറഞ്ഞാല്‍ ആരും വിശ്വസിക്കാനാവാത്ത" നൂറുകണക്കിന് സാക്ഷ്യങ്ങളിലൂടെ അനേകായിരം കുടുംബങ്ങളെ വിശ്വാസത്തിലേക്കും വിശുദ്ധ ജീവിതത്തിലേക്കും നയിച്ചു. 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പാലക്കാട് രൂപതയുടെ ഈ വൈദികന്‍ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സെഹിയോന്‍ മിനിസ്ട്രീസിന്‍റെ സ്ഥാപക ഡയറക്ടറും ലോകസുവിശേഷവത്ക്കരണത്തിനായി സജ്ജമാക്കപ്പെടുന്ന Anointing Fire Catholic Ministry യുടെ സ്ഥാപക ഡയറക്ടറും Preachers of Divine Mercy, Abhishekagni, Sisters of Jesus & Mary കോണ്‍ഗ്രിഗേഷനുകളുടെ സ്ഥാപകരിലൊരുവനുമായി, കര്‍ത്തൃകരങ്ങളിലെ ഉപകരണമായിത്തീരുമ്പോള്‍ വട്ടായിലച്ചനോടു ചേര്‍ന്ന് ഈ സുവിശേഷ സമര്‍പ്പണത്തിന് അനേകരെ പരിശുദ്ധാത്മാവ് പ്രത്യേകമായി തിരഞ്ഞെടുത്ത് നിയോഗിച്ചു. ദൈവവചനത്തോടും പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളോടും പൂര്‍ണമായി ഹൃദയം തുറക്കുന്ന വിശുദ്ധനായ മനത്തോടത്ത് പിതാവിന്‍റെ പ്രാര്‍ത്ഥനകളും പ്രോത്സാഹനങ്ങളും തിരുത്തലുകളും ഈ സുവിശേഷ മുന്നേറ്റത്തിന്‍റെ അടിസ്ഥാന കേന്ദ്രമായി നിലകൊള്ളുന്നു. അച്ചനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കര്‍ത്താവ് തിരഞ്ഞെടുത്ത വൈദികജീവിതങ്ങള്‍ (Fr.Soji Olikkal, Fr.Binoy, Fr.Reni. Fr.Antony ....)ഓരോരുത്തരും സ്നേഹത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും സമര്‍പ്പണത്തിന്‍റെയും തീക്ഷ്ണതയുടേയും ജ്വലിക്കുന്ന തീപന്തങ്ങളായി വഴി നടത്തുന്ന പരിശുദ്ധാത്മാവിന് നന്ദി കരേറ്റുവാന്‍ ഈ ജൂബിലി വര്‍ഷം കാരണമാകും. നവീകരണത്തിന്‍റെ ശൈലികളും സമ്പന്നതയും അന്യമായിരുന്ന വട്ടായിലച്ചനെ പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളുടെ സൗന്ദര്യത്തിലേക്ക് നയിക്കാന്‍ ഒരു കൊച്ചു അത്മായ പ്രാര്‍ത്ഥന കൂട്ടായ്മയെ കര്‍ത്താവ് ഉപയോഗിച്ചുവെങ്കില്‍, ഇന്ന് അച്ചന്‍റെ ആത്മീയ നേതൃത്വത്തോട് ചേര്‍ന്ന് ക്രിസ്തുവിനും സഭയ്ക്കുമായി സമര്‍പ്പണം ചെയ്യുന്ന ആയിരക്കണക്കിന് ശുശ്രൂഷകരും കുടുംബങ്ങളും യേശുക്രിസ്തുവിന് ജീവിതത്തില്‍ ഒന്നാംസ്ഥാനം നല്‍കി നിത്യസ്വര്‍ഗം ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നു. പരിശുദ്ധാത്മാവിന്‍റെ കാറ്റിനാല്‍ നയിക്കപ്പെടാന്‍ നിരന്തരം ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ഈ വിശുദ്ധനായ വൈദികന്‍, ലോകം കാണുന്ന അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും അപ്പുറം വേദനകളും, സഹനങ്ങളും, ഒറ്റപ്പെടുത്തലുകളും, വിമര്‍ശനങ്ങളും ക്രിസ്തുവിന്‍റെ കുരിശിനോട് ചേര്‍ത്ത് സ്വീകരിക്കുമ്പോള്‍ ഈ വൈദികജീവിതം നമുക്ക് അനുഗ്രഹവഴിയായി മാറുന്നു. ഈ കാലഘട്ടത്തില്‍ കര്‍ത്താവ് ദൈവജനത്തിന് നല്‍കിയ സമ്മാനമായി/അനുഗ്രഹമായി കേരള സഭയിലെ പിതാക്കന്മാര്‍ വട്ടായിലച്ചനെ വിശേഷിപ്പിക്കുമ്പോള്‍, പിതാക്കന്മാരോട് ചേര്‍ന്ന് വട്ടായിലച്ചനിലൂടെ സ്വര്‍ഗം ആഗ്രഹിക്കുന്ന സകല പദ്ധതികളും പൂവണിയുവാനും ദൈവമഹത്വത്തിന് കാരണമായിത്തീരുവാനും നമുക്ക് സ്നേഹപൂര്‍വ്വം പ്രാര്‍ത്ഥിക്കാം. വട്ടായിലച്ചന്‍റെ 24/7 പ്രതിബദ്ധത,വിശ്വാസത്തിന്‍റെ ചുവടുകള്‍ വയ്ക്കുവാനുള്ള ധീരത, ആഴമേറിയ ജീവിത ലാളിത്യം, എളിമ, മറ്റുള്ളവരിലേക്ക് നിരന്തരം ഒഴുക്കപ്പെടുന്ന ദൈവസ്നേഹം, ദൈവസ്വരം ആരില്‍ നിന്ന് കേട്ടാലും സ്വീകരിക്കുവാനും തിരുത്തുവാനുമുള്ള സന്നദ്ധത, കഠിനമായ പരിഹാര അരൂപികള്‍, ബലിപീഠത്തോടും തിരുവചനത്തോടുമുള്ള ആഴമേറിയ ഭക്തിബഹുമാനങ്ങള്‍, തിരുസഭാ ശുശ്രൂഷകളിലെ പരിശുദ്ധാത്മ ശക്തിയെക്കുറിച്ചുള്ള തീക്ഷ്ണമായ ബോധ്യങ്ങള്‍, അനേകരുടെ സ്വകാര്യ ദുഃഖങ്ങളും വേദനകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ്, അവര്‍ക്ക് കാരുണ്യവും കരുതലും ആയി മാറുന്ന ഇടയജീവിതം, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളുടെ തീക്ഷ്ണതയോട് ഒന്നുചേരുന്ന കൃതജ്ഞതാപ്രകാശനങ്ങള്‍, ആധുനിക സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളെ ദൈവരാജ്യവേലയ്ക്കായി ശക്തമായി ഉപയോഗിക്കുവാനുള്ള ദൈവികജ്ഞാനം....തുടങ്ങി യേശുക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും കര്‍ത്താവില്‍ അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരായി ദൈവതിരുമുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ആഗഹിക്കുന്ന ഓരോ വൈദികനും, സന്യാസിനിയും, അല്‍മായ ശുശ്രൂഷകനും പ്രചോദനവും മാതൃകയുമായി ഈ പൗരോഹിത്യം ഉയര്‍ന്നു നില്‍ക്കുമ്പോള്‍, വളർത്തുന്നവനായ നല്ല ദൈവത്തിന് അച്ഛനെപ്രതി നന്ദി കരേറ്റാം. പ്രാര്‍ത്ഥിക്കാം. തീര്‍ച്ചയായും ഈ ജൂബിലി ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും, യുവതീയുവാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും, വൈദികര്‍ക്കും, സന്യസ്തര്‍ക്കുമെല്ലാം കൃതജ്ഞതാ പ്രകാശനത്തിന്‍റെ നിമിഷങ്ങളാണ്. സെഹിയോന്‍ കുടുംബത്തിന് ഇത് നന്ദിയുടേയും പുന:സമര്‍പ്പണത്തിന്‍റെയും ആഴമേറിയ അനുതാപത്തിന്‍റെയും ദിനങ്ങളാണ്. വിശ്വാസത്തിന്‍റെ കണ്ണുകള്‍ ഉയര്‍ത്തി ഈ പൗരോഹിത്യ സമര്‍പ്പണത്തിലൂടെ കര്‍ത്താവ് ലോകമെമ്പാടും ചെയ്യുവാനിരിക്കുന്ന അത്ഭുതകരമായ പ്രവൃത്തികള്‍ക്കായി നമുക്ക് നന്ദി പറയാം. പ്രാര്‍ത്ഥിക്കാം. സ്വര്‍ഗീയ സംരക്ഷണത്തിലും പരിശുദ്ധാത്മാവിലും വട്ടായിലച്ചന്‍ നിരന്തരം ജ്വലിക്കുവാന്‍ നമുക്ക് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം.
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-04-27 19:06:00
Keywordsവട്ടായി, സെഹിയോ
Created Date2019-04-27 18:53:36