category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുവിന്റെ ഉത്ഥാനം- ദൈവം മനുഷ്യനു നല്‍കിയ മഹത്വം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശം
Content"ക്രിസ്തുവിനെ കുരിശിലേറ്റിയവര്‍ ചിന്തിച്ചു, അവിടുത്തെ കഥ കഴിഞ്ഞുവെന്ന്. എന്നാല്‍ കഥയുടെ രണ്ടാം ഭാഗം അവിടുത്തെ കുരിശില്‍ തുടങ്ങുകയാണു ചെയ്തത്. മരിച്ചാലും മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവിടുന്നു പറഞ്ഞിരുന്നു. അതു സംഭവിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്ന പടയാളികള്‍ ക്രിസ്തുവിന്റെ കല്ലറയ്ക്കു മുദ്രവയ്ക്കുകയും ചെയ്തു. എന്നാല്‍ മൂന്നാം നാള്‍ രാത്രിയില്‍ എല്ലാം അത്ഭുതകരമായി സംഭവിച്ചു; കല്ലറ തുറക്കപ്പെട്ടു. കര്‍ത്താവ് മഹത്വത്തോടെ ഉത്ഥിതനായി. മരണത്തിനു ശേഷവും മനുഷ്യനു ജീവന്‍ കൊടുക്കാന്‍ ദൈവത്തിനു കഴിയുമെന്നു ലാസറിനെയും നായിമിലെ വിധവയുടെ മകനെയും പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഈശോ തെളിയിച്ചിരുന്നു. മലയിലെ രൂപാന്തരീകരണത്തില്‍ തനിക്ക് ഈ ലോകജീവിതാനന്തരം വരാനിരുന്ന മഹത്വത്തെ അവിടുന്നു പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ഈ വെളിപാടുകളെ പൂര്‍ത്തീകരിച്ചുകൊണ്ട് ഇതാ കര്‍ത്താവ്, മരണത്തില്‍ നിന്ന് ജീവനിലേക്കു പ്രവേശിക്കുന്നു. മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ ദൈവപ്രകൃതിയുടെ വെളിപ്പെടുത്തലാണു കര്‍ത്താവിന്റെ ഉത്ഥാനത്തില്‍ സംഭവിച്ചത്. ദൈവപുത്രനെ സംബന്ധിച്ചിടത്തോളം മനുഷ്യപ്രകൃതിയിലും അവിടുന്നു ദൈവമായിരുന്നു. മരണത്തിന്റെ നിമിഷത്തില്‍ അവിടുത്തെ ദൈവത്വം മനുഷ്യത്വത്തെ ദൈവികമാക്കുന്നു. മരണത്തിനു വിധേയമായ ശരീരം ദൈവികമായ ജീവനിലേക്ക് പുനപ്രവേശിക്കുന്നു. ഇതാണു ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ അര്‍ഥം. മനുഷ്യബുദ്ധി മരണത്തെ ജീവന്റെ നാശം പോലെ കാണുന്നു. എന്നാല്‍ ക്രിസ്തുവില്‍ മരണം ജീവന്റെ പുനര്‍ജനനത്തിനു നിദാനം മാത്രമാകുന്നു. മനുഷ്യനു വൈരുധ്യമെന്നു തോന്നുന്ന മരണവും ജീവനും ദൈവത്തില്‍ സമരസപ്പെടുന്ന യാഥാര്‍ഥ്യങ്ങളാകുന്നു. ദൈവത്തില്‍ ഒന്നിനും മാറ്റമില്ല; എല്ലാം നിലനില്‍ക്കുന്നു. ദൈവപുത്രന്റെ മാനുഷികമായ മരണത്തില്‍ ദൈവികമായ ജീവന്റെ നിലനില്‍പ് അന്വര്‍ഥമാകുന്നു. അവിടുത്തെ ദൈവത്വം മനുഷ്യത്വത്തോടൊപ്പം മഹത്വം പ്രാപിക്കുന്നു. 'ഏബ്രഹാമിനു മുമ്പേ ദൈവത്തോടൊപ്പം ഉണ്ടായിരുന്നവന്‍ മരണത്തിനു ശേഷവും ദൈവത്തോടൊപ്പം ആയിരിക്കുന്നു. ഈ ഉത്ഥാനമഹത്വം മനുഷ്യനു നല്‍കാനാണു കര്‍ത്താവായ ക്രിസ്തു മനുഷ്യനായതും ജീവിച്ചതും മരിച്ചതും ഉത്ഥാനം ചെയ്തതും. ഇനിമുതല്‍ മരണത്തിന് അന്തിമമായ വിജയമില്ല. വിശുദ്ധ പൗലോസ് ചോദിക്കുന്നു; 'മരണമേ നിന്റെ വിജയം എവിടെ? നിന്റെ ദംശനം എവിടെ? 'ക്രിസ്തുവിന്റെ മരണത്തില്‍ സംഭവിക്കുന്നത് ജീവന്റെ വിജയമാണ്. എന്നില്‍ വിശ്വസിക്കുന്നവര്‍ മരിച്ചാലും ജീവിക്കും എന്ന് ഈശോ പറഞ്ഞപ്പോള്‍ യഹൂദര്‍ക്ക് അതു ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. എന്റെ ശരീരം ഭക്ഷിക്കണമെന്നും രക്തം പാനം ചെയ്യുണമെന്നും പറഞ്ഞപ്പോഴും അവര്‍ക്കതിന്റെ അര്‍ഥം മനസിലായില്ല. എന്നാല്‍ അവയെല്ലാം ചരിത്രയാഥാര്‍ഥ്യങ്ങളായി തീര്‍ന്നിരിക്കുന്നു. അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ മരണം പ്രാപിച്ചാലും വിശുദ്ധരായി അംഗീകരിക്കപ്പെടും, ദൈവഹത്വം പ്രാപിക്കും. അവിടുത്തെ തിരുശരീര രക്തങ്ങള്‍ അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍ അവിടുത്തെ ഉത്ഥാന ജീവനില്‍ പങ്കാളികളാവും. അവര്‍ മരിച്ചാല്‍ അവിടുത്തോടൊപ്പം ഉയിര്‍ക്കും. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ക്രിസ്തുവില്‍ ശരണം ഗമിക്കുന്നവര്‍ക്കു, മരണം ഉത്ഥാനത്തിലേക്കുള്ള പ്രവേശനകവാടമാണ്. അവര്‍ അവിടുത്തോടൊപ്പം മഹത്വീകരിക്കുന്നു. ഉത്ഥാന മഹത്വം മനുഷ്യനു മരണശേഷം മാത്രമുള്ള അനുഭവമല്ല. ഈ ലോകജീവിതത്തിലും അതു സ്വായത്തമാക്കാന്‍ അവനു കഴിയും. ആ അനുഭവം മറ്റുള്ളവര്‍ക്കു നല്‍കാനും അവനു കടമയുണ്ട്. ജീവിതത്തില്‍ ശൈഥില്യത്തിന്റെയും നാശത്തിന്റെയും അനുഭവങ്ങള്‍ പലതുണ്ടല്ലോ. രോഗമായും വാര്‍ധക്യമായും പീഡനമായും ക്രൂരതയായുമൊക്കെ മനുഷ്യന്‍ നാശത്തിന്റെ അനുഭവത്തിലൂടെ കടന്നുപോകുന്നുണ്ട്. അതവനെ മരണത്തിലെത്തിച്ചെന്നും വരാം. ഈ അനുഭവങ്ങളുടെ പാതയിലും ദൈവത്തിലുള്ള വിശ്വാസം, അവിടുത്തെ സംരക്ഷണത്തിലുള്ള പ്രതീക്ഷ മനുഷ്യനെ മഹത്വചിന്തകളിലേക്കു നയിക്കും. നാശത്തിന്റെ നാളുകളെ പ്രതീക്ഷയുടെ ദിനങ്ങളാക്കി മാറ്റാന്‍ അവനു കഴിയും. ഉത്ഥാന മഹത്വത്തിന്റെ അനുഭവം അന്യര്‍ക്കു പകരാന്‍ കഴിയുന്നതും മനുഷ്യജീവിതത്തിന്റെ മഹത്വത്തെയാണു സൂചിപ്പിക്കുന്നത്. വര്‍ത്തമാനകാല സഭയിലെ കാരുണ്യവര്‍ഷാചരണം, ഓരോരോ കാരണങ്ങളാല്‍ മനസിടിഞ്ഞു മരണത്തിന്റെ വഴിയേ വ്യാപരിക്കുന്നവര്‍ക്കു പ്രത്യാശ പകരാനും അവരെ ജീവന്റെ അനുഭവത്തിലേക്കു ആനയിക്കാനുമുള്ള അവസരമാണു സൃഷ്ടിക്കുന്നത്. അതാണു സഭാമക്കളുടെ ക്രിസ്തീയ ദൗത്യമെന്നു മാര്‍പാപ്പ ഇടതടവില്ലാതെ പ്രബോധിപ്പിക്കുന്നു. ആശുപത്രി കിടക്കകളിലും വഴിയോരശയ്യകളിലും അനാഥാലയങ്ങളിലും അവശതയും വേദനയും അനുഭവിക്കുന്നവര്‍ക്കു ജീവന്റെ മഹത്വം നല്‍കുവാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു കഴിയണം. ആവശ്യക്കാരെല്ലാം സംതൃപ്തരാകണം. മാനവിക മൂല്യങ്ങള്‍ എവിടെയും സംരക്ഷിക്കപ്പെടണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, മതത്തിന്റെയും വര്‍ഗത്തിന്റെയും പേരിലുള്ള പീഡനങ്ങള്‍, മദ്യവും ലഹരിയും വരുത്തുന്ന നാശങ്ങള്‍, പരിസ്ഥിതി മലിനീകരണം, അഴിമതി, അക്രമം, ചൂഷണം ഇങ്ങനെ മനുഷ്യജീവനു ഹാനികരമാകുന്ന എല്ലാറ്റിനെയും പ്രതിരോധിക്കുവാന്‍ സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും കഴിയണം. ക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തില്‍ മാനവിക മൂല്യങ്ങളുടെ സംരക്ഷണത്തിലൂടെ മനുഷ്യമഹത്വം സംസ്ഥാപിതമാകണം. മനുഷ്യജീവന്‍ ഒരിക്കല്‍ ലഭിച്ചാല്‍ അതെന്നേക്കും നിലനിര്‍ത്തേണ്ട നിധിയാണെന്നും അതിനെ പരിപോഷിപ്പിച്ച് അതിന്റെ ഉറവിടമായ ദൈവത്തിലേക്കു എത്തിക്കണമെന്നുമുള്ള സന്ദേശം ക്രിസ്തുവിന്റെ ഉത്ഥാനം നമുക്കു നല്‍കുന്നു. മനുഷ്യജീവന്‍ മാതാവിന്റെ ഉദരത്തില്‍ സംജാതമാകുന്ന നിമിഷം മുതല്‍ മരണം വരെ സംരക്ഷിക്കപ്പെടണമെന്നും മരണശേഷം ഉത്ഥാനത്തിലേക്കു പ്രവേശിക്കാന്‍ അതിനെ വിശ്വാസത്തില്‍ വളര്‍ത്തണമെന്നും ക്രിസ്തുവിന്റെ ഉത്ഥാനം നമ്മോട് ആവശ്യപ്പെടുന്നു. അതിനുള്ള ശക്തി ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവിടുത്തെ സഭയില്‍ ലഭിക്കുന്നു. ദൈവവചനമായും ദൈവികജീവന്‍ പകരുന്ന കൂദാശകളായും ദൈവസ്‌നേഹത്തില്‍ മനുഷ്യനെ ഊട്ടിയുറപ്പിക്കുന്ന കൂട്ടായ്മയായും അതിനെ പരിപോഷിപ്പിക്കുന്ന സ്‌നേഹവും കാരുണ്യവും നിറഞ്ഞ ശുശ്രൂഷകളായും ഉത്ഥാന മഹത്വം ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ ചൂഴ്ന്നു നില്‍ക്കുന്നു.എല്ലാ മനുഷ്യര്‍ക്കുമായി നല്‍കപ്പെട്ടിരിക്കുന്ന ഈ മഹത്വം എല്ലാ മതവിശ്വാസികള്‍ക്കും ദൈവത്തിന്റെ കൃപയാല്‍ ഓരോരോ രീതികളില്‍ അനുഭവിക്കുവാന്‍ ഇടയാകട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം. ഉത്ഥാന തിരുനാളിന്റെ മംഗളങ്ങള്‍ ഏവര്‍ക്കും ഞാന്‍ ആശംസിക്കുന്നു. മനുഷ്യജീവിതം ദൈവമഹത്വത്തില്‍ വിജയിക്കുമാറാകട്ടെ." കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-03-27 00:00:00
Keywordscardinal alanchery, easter message, Syro Malbar Catholic Church
Created Date2016-03-27 06:22:13