Content | ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദമെന്ന ഭീഷണി സംബന്ധിച്ച് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്ക് ഓസ്ട്രേലിയയില്‍ നിന്നുള്ള മുസ്ലീം ഗ്രന്ഥകാരനായ മൊഹമ്മദ് ത്വാഹിദിയുടെ അടിയന്തിര മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ തുടര്‍ച്ചയായി കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന ആശങ്കകള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സി.ബി.എന്‍ സീനിയര്‍ കറസ്പോണ്ടന്റായ ജോര്‍ജ്ജ് തോമസിന് നല്‍കിയ അഭിമുഖത്തിലാണ് ‘ദി ട്രാജഡി ഓഫ് ഇസ്ലാം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ മൊഹമ്മദ് ത്വാഹിദി ഈ മുന്നറിയിപ്പ് നല്‍കിയത്.
“ക്രിസ്ത്യാനികളും, ക്രിസ്ത്യന്‍ നേതാക്കളും ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍, തീവ്രവാദികളെ വെറുക്കുന്ന മുസ്ലീങ്ങളായ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കുവാന്‍ ശ്രമിച്ചിരുന്നു”. ത്വാഹിദി പറഞ്ഞു. അപക്വമായ രാഷ്ട്രീയ ശരിപ്പെടുത്തലുകളാണ് മതമൗലീകവാദികളായ മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും അവസരം നല്‍കുന്നതെന്നും, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീശത്വം നഷ്ടപ്പെട്ടുവെങ്കിലും, അവരെ അനുകൂലിക്കുന്നവരും, അവരോട് അനുഭാവം പുലര്‍ത്തുന്നവരും ഇപ്പോഴും ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക തീവ്രവാദം പ്രചരിക്കുന്നത് തടയുവാനുള്ള ഒരു ദൗത്യത്തിലാണ് താന്‍ എന്നാണ് മുസ്ലീം പണ്ഡിതനും, ചിന്തകനും, പ്രബോധകനുമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ത്വാഹിദി പറയുന്നത്.താന്‍ ഒരു മുസ്ലീമാണെങ്കിലും ഇസ്ലാമിക മതാധിഷ്ടിത രാജ്യത്ത് തനിക്ക് ജീവിക്കുവാനും കഴിയുകയില്ലെന്നും, എന്നാല്‍ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ തനിക്ക് സമാധാനമായി ജീവിക്കുവാന്‍ കഴിയുമെന്നും ത്വാഹിദി പറഞ്ഞു. പ്രവര്‍ത്തനക്ഷമമായ തലച്ചോറുള്ള ഒരു മുസ്ലീമും ISIS പോലെയുള്ള തീവ്രവാദി സംഘടനയില്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയില്‍ നടന്ന ആക്രമണത്തിനു ശേഷം ഉണ്ടായ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് അടുത്ത കാലത്ത് ഒരു ജെര്‍മ്മന്‍ വാര്‍ത്താപത്രമായ ‘ഡൈ വെല്‍റ്റ്’ നടത്തിയ പഠനത്തില്‍ കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകമെങ്ങുമായി 31,211 തീവ്രവാദി ആക്രമണങ്ങളാണ് ലോകമെങ്ങുമായി ഉണ്ടായത്. ഈ ആക്രമണങ്ങളില്‍ 1,46,811 നിരപരാധികളാണ് നിഷ്കരുണം കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളാണ്. |