category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ലൈംഗീക കുറ്റകൃത്യങ്ങള്‍ തടയാന്‍ നിര്‍ദ്ദേശങ്ങളുമായി പാപ്പയുടെ സ്വയാധികാര പ്രബോധനം
Contentവത്തിക്കാന്‍ സിറ്റി: സഭയില്‍ നടക്കുന്ന ലൈംഗീക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിനെ സംബന്ധിച്ച് വ്യക്തമായ നടപടിക്രമങ്ങള്‍ വിവരിച്ച് ഫ്രാന്‍സിസ് പാപ്പയുടെ സ്വയാധികാര പ്രബോധനം (മോത്തു പ്രോപ്രിയൊ). “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്" എന്നര്‍ത്ഥമുള്ള “VOS ESTIS LUX MUNDI” എന്ന ലത്തീന്‍ വാക്യം തലക്കെട്ടായി നല്‍കിയിരിക്കുന്ന പ്രബോധനത്തിന്റെ പ്രകാശന ചടങ്ങ് ഇന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തില്‍വെച്ചാണ് നടന്നത്. മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലെ പതിനാലാമത്തെ വാക്യമായ “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്, മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല” എന്ന വാചകത്തോടെയാണ് മോത്തു പ്രോപ്രിയൊ ആരംഭിക്കുന്നത്. ലൈംഗീക കുറ്റകൃത്യം നമ്മുടെ കര്‍ത്താവിനെതിരായ അപരാധമാണെന്നും കുറ്റകൃത്യത്തിനു ഇരകളാകുന്നവര്‍ക്ക്, ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ ഹാനി വരുത്തുന്നുവെന്നും പാപ്പ ആമുഖത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ലൈംഗീക കുറ്റകൃത്യങ്ങള്‍ തടയുന്നതിന് രൂപതാതലത്തില്‍ സ്വീകരിക്കേണ്ട പ്രായോഗിക നടപടികളും അപ്പസ്തോലിക ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ലൈംഗീക അതിക്രമങ്ങളെ സംബന്ധിച്ച പരാതികള്‍ എളുപ്പത്തില്‍ ബോധിപ്പിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ 2020 ജൂണിനുള്ളില്‍ എല്ലാ രൂപതകളിലും ഏര്‍പ്പെടുത്തിയിരിക്കണം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ വൈദികരും സന്യസ്ഥരും ഉടനടി അത് സഭാധികരികളെ അറിയിച്ചിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സുകൃതങ്ങളുടെയും ആര്‍ജ്ജവത്തിന്‍റെയും വിശുദ്ധിയുടെയും വിളങ്ങുന്ന മാതൃകയാകാന്‍ ഓരോ വിശ്വാസിയെയും ക്ഷണിച്ചിരിക്കുന്നുവെന്നും പാപ്പ മോത്തു പ്രോപ്രിയൊയില്‍ പ്രത്യേകം സൂചിപ്പിക്കുന്നു. അടുത്ത മാസം (ജൂണ്‍) ഒന്നിന് മോത്തു പ്രോപ്രിയൊ പ്രാബല്യത്തില്‍ വരും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-05-09 22:30:00
Keywordsലൈംഗീ
Created Date2019-05-09 22:15:40